സ്വർണത്തിന് വിലക്കുറവിന്റെ നവംബറോ? കേരളത്തിൽ ഇന്നും വില താഴ്ന്നു, ഈ മാസം ഇതുവരെ കുറഞ്ഞത് 800 രൂപ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം താൽകാലികമായി മാത്രമാകും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുകയെന്നാണ് വിലയിരുത്തലുകൾ. രാജ്യാന്തര വില ഔൺസിന് 2025ൽ 3,000 ഡോളർ എന്ന മാന്ത്രികസംഖ്യ ഭേദിക്കുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകവാദങ്ങൾ.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം താൽകാലികമായി മാത്രമാകും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുകയെന്നാണ് വിലയിരുത്തലുകൾ. രാജ്യാന്തര വില ഔൺസിന് 2025ൽ 3,000 ഡോളർ എന്ന മാന്ത്രികസംഖ്യ ഭേദിക്കുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകവാദങ്ങൾ.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം താൽകാലികമായി മാത്രമാകും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുകയെന്നാണ് വിലയിരുത്തലുകൾ. രാജ്യാന്തര വില ഔൺസിന് 2025ൽ 3,000 ഡോളർ എന്ന മാന്ത്രികസംഖ്യ ഭേദിക്കുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകവാദങ്ങൾ.
സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ഇത് നേട്ടത്തിന്റെ നവംബറോ? ഈ മാസം ഒന്നുമുതൽ ഇതുവരെ കേരളത്തിൽ ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇന്നുമാത്രം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും താഴ്ന്നു. ഇതോടെ വില പവന് 58,840 രൂപയും ഗ്രാമിന് 7,355 രൂപയുമായി. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില.
18 കാരറ്റും വെള്ളിയും
കനംകുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 10 രൂപ താഴ്ന്ന് 6,065 രൂപയായി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 102 രൂപയിലെത്തി.
ജിഎസ്ടി ഉൾപ്പെടെ വില
സ്വർണാഭരണത്തിന് 3% ജിഎസ്ടിയുണ്ട്. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്നതാണ് ഹോൾമാർക്ക് ചാർജ്. പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. സാധാരണ 5-10% പണിക്കൂലിയാണ് സംസ്ഥാനത്ത് ശരാശരി ഈടാക്കാറുള്ളത്. ബ്രാൻഡഡ് ജ്വല്ലറികളിൽ ഇത് 20-30 ശതമാനമൊക്കെയാകാം. ചില ജ്വല്ലറികൾ ഇപ്പോൾ ഓഫറിന്റെ ഭാഗമായി പണിക്കൂലി ഈടാക്കാറുമില്ല.
മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 63,690 രൂപയാണ് ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ നൽകേണ്ടത്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,960 രൂപയും. വില സർവകാല റെക്കോർഡിലായിരുന്ന ഒക്ടോബർ 31ന് പവൻ ആഭരണത്തിന്റെ വാങ്ങൽവില 64,555 രൂപയും ഗ്രാമിന് 8,069 രൂപയുമായിരുന്നു.
അമേരിക്കയിലേക്ക് കണ്ണുംനട്ട്
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക ഇന്ന് അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ട് ഇടുകയാണ്. ആര് ജയിക്കും - ട്രംപോ? കമലയോ? പ്രവചിക്കാനാകാത്ത വിധം പോരാട്ടം ശക്തം. അവസാനഘട്ട സർവേകളിൽ കമല ഹാരിസിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും ട്രംപിന്റെ പോരാട്ടം കടുപ്പമേറിയതാണ്. ലോക സമ്പദ്‍വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കുന്നതാണ് അമേരിക്കയുടെ സാമ്പത്തിക നയങ്ങൾ.
കമല ഹാരിസ് ജയിച്ചാൽ നിലവിലെ ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളുടെ തുടർച്ച തന്നെയാണുണ്ടാവുക എന്നതിനാൽ ആഗോള സാമ്പത്തികമേഖലയ്ക്ക് വെല്ലുവിളിയാകില്ല. എന്നാൽ, ഡോണൾഡ് ട്രംപാണ് വരുന്നതെങ്കിൽ നിലവിലെ നയങ്ങൾ കീഴ്മേൽ മറിയും. ഇന്ത്യക്കും ചൈനയ്ക്കുമൊക്കെ ട്രംപ് തിരിച്ചടിയാണ്. കാരണം നികുതി, ഇറക്കുമതി തീരുവ, പണപ്പെരുപ്പം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നതാകും ട്രംപിന്റെ നയങ്ങളെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ ഭരണകാലം തെളിയിച്ചിട്ടുണ്ട്.
അമേരിക്കയിൽ നിന്നുള്ള ഈ അനിശ്ചിതത്വമാണ് സ്വർണവിലയെയും സ്വാധീനിക്കുന്നത്. സ്വർണനിക്ഷേപ പദ്ധതികളിൽ പണമിറക്കുന്നവർ കാത്തിരുന്നത് കാണാം എന്ന നിലപാടിലേക്ക് മാറുകയും നിക്ഷേപ തീരുമാനങ്ങൾ വൈകിപ്പിക്കുകയും ചെയ്തതോടെ രാജ്യാന്തരവില താഴ്ന്നു. ഒക്ടോബറിൽ ഔൺസിന് 2,790 ഡോളർ എന്ന റെക്കോർഡിലേക്കെത്തിയ രാജ്യാന്തര സ്വർണവില നിലവിലുള്ളത് 2,735 ഡോളറിൽ. ഒരുവേള വില 2,725 ഡോളറിലേക്ക് താഴുകയും ചെയ്തിരുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വ്യാഴാഴ്ച പണനയം പ്രഖ്യാപിക്കും. സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്കിൽ 0.50% ബമ്പർ ഇളവ് വരുത്തിയിരുന്നു. ഇക്കുറി ആ പ്രതീക്ഷയില്ല; പരമാവധി 0.25% ഇളവാണ് നിരീക്ഷകർ പ്രവചിക്കുന്നത്. ഇതും സ്വർണവിലയുടെ കുതിപ്പിന് ആക്കംകുറയ്ക്കുന്നു.
ഇനി വില എങ്ങോട്ട്?
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം താൽകാലികമായി മാത്രമാകും രാജ്യാന്തര സ്വർണവിലയെ സ്വാധീനിക്കുകയെന്നാണ് വിലയിരുത്തലുകൾ. രാജ്യാന്തര വില ഔൺസിന് 2025ൽ 3,000 ഡോളർ എന്ന മാന്ത്രികസംഖ്യ ഭേദിക്കുക തന്നെ ചെയ്യുമെന്നാണ് നിരീക്ഷകവാദങ്ങൾ. അത് ഒട്ടും അപ്രാപ്യമല്ലെന്ന് മിക്കവരും അടിവരയിടുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ വില പവന് 70,000-75,000 രൂപയിലേക്ക് എത്തും.