ലുലുവിന് 126% ലാഭക്കുതിപ്പ്; വരുമാനം 15,700 കോടി, ഇ-കൊമേഴ്സിലും മികച്ച നേട്ടം
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് (LULU) കീഴിലെ ലുലു റീട്ടെയ്ൽ (Lulu Retail) 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.1% വളർച്ചയോടെ 186 കോടി ഡോളർ (ഏകദേശം 15,700 കോടി രൂപ) വരുമാനം (Revenue) രേഖപ്പെടുത്തി.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് (LULU) കീഴിലെ ലുലു റീട്ടെയ്ൽ (Lulu Retail) 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.1% വളർച്ചയോടെ 186 കോടി ഡോളർ (ഏകദേശം 15,700 കോടി രൂപ) വരുമാനം (Revenue) രേഖപ്പെടുത്തി.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് (LULU) കീഴിലെ ലുലു റീട്ടെയ്ൽ (Lulu Retail) 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.1% വളർച്ചയോടെ 186 കോടി ഡോളർ (ഏകദേശം 15,700 കോടി രൂപ) വരുമാനം (Revenue) രേഖപ്പെടുത്തി.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് (LULU) കീഴിലെ ലുലു റീട്ടെയ്ൽ (Lulu Retail) 2024 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 6.1% വളർച്ചയോടെ 186 കോടി ഡോളർ (ഏകദേശം 15,700 കോടി രൂപ) വരുമാനം (Revenue) രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 175.27 കോടി ഡോളറിൽ നിന്നാണ് വർധന. 2024 ജനുവരി-സെപ്റ്റംബറിലെ (9 മാസങ്ങൾ) വരുമാനത്തിൽ 5.7 ശതമാനവും വളർച്ചയുണ്ട്.
നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA/എബിറ്റ്ഡ) 9.9% ഉയർന്ന് 17.63 കോടി ഡോളറായി (1,485 കോടി രൂപ). പ്രവർത്തനമികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ മാർജിൻ (EBITDA Margin) 9.2ൽ നിന്ന് 9.5 ശതമാനമായി മെച്ചപ്പെട്ടതും നേട്ടമാണ്. സജീവ ബിസിനസിൽ (continuing operatinos) നിന്നുള്ള ലാഭം (net profit) 1.55 കോടി ഡോളറിൽ (130 കോടി രൂപ) നിന്ന് 126% കുതിച്ച് 3.51 കോടി ഡോളറിലെത്തി (296 കോടി രൂപ). 9.85 കോടി ഡോളറാണ് (830 കോടി രൂപ) 2024 ജനുവരി-സെപ്റ്റംബരിൽ ലുലുവിന്റെ മൂലധനച്ചെലവ് (capital expenditure). മൊത്തം വിൽപനവരുമാനത്തിന്റെ 1.7 ശതമാനമാണിത്. പുതിയ സ്റ്റോറുകൾ തുറക്കാനായിരുന്നു ഈ ചെലവിൽ മുന്തിയപങ്കും.
ഇക്കഴിഞ്ഞ നവംബർ 14നാണ് ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (ADX) ലിസ്റ്റ് ചെയ്തത്. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയായിരുന്നു (IPO) ലുലു ഒക്ടോബർ 28 മുതൽ നവംബർ 5 വരെ നടത്തിയത്. 172 കോടി ഡോളർ (14,500 കോടി രൂപ) സമാഹരണ ലക്ഷ്യമുണ്ടായിരുന്ന ഐപിഒയ്ക്ക് ലഭിച്ചത് 3.11 ലക്ഷം കോടി രൂപയോളം മതിക്കുന്ന അപേക്ഷകളായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന്റെ ഐപിഒയ്ക്ക് ലഭിച്ച ഏറ്റവും ഉയർന്ന സ്വീകാര്യതയാണിത്.
യുഎഇയും സൗദിയും കരുത്തായി
മുഖ്യവിപണികളായ യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ മികച്ച വിൽപനനേട്ടമാണ് കഴിഞ്ഞപാദത്തിൽ ലാഭത്തിലും വരുമാനത്തിലും കുതിപ്പ് സ്വന്തമാക്കാൻ ലുലു റീട്ടെയ്‍ലിന് കരുത്തായത്. യുഎഇയിൽ 7.3%, സൗദിയിൽ 5.7% എന്നിങ്ങനെ വരുമാന വളർച്ചയുണ്ട്. ഒമാൻ, കുവൈറ്റ്, ബഹ്റൈൻ വിപണികളും ഭേദപ്പെട്ട നേട്ടം സമ്മാനിച്ചു. കഴിഞ്ഞപാദത്തിൽ ലുലു റീട്ടെയ്‍ലിന്റെ ഫ്രഷ് ഫുഡ് വിഭാഗം ഇരട്ടയക്ക വളർച്ച നേടിയതും കരുത്തായി. ഇലക്ട്രിക് ഗുഡ്സ് വിഭാഗവും മികച്ച വിൽപനനേട്ടം കുറിച്ചു.
പുതിയ സ്റ്റോറുകളും ഇ-കൊമേഴ്സും
സെപ്റ്റംബർ പാദത്തിൽ മൂന്ന് ഉൾപ്പെടെ 2024ലെ ആദ്യ 9 മാസക്കാലത്ത് 12 പുതിയ സ്റ്റോറുകളാണ് ജിസിസി മേഖലയിൽ ലുലു റീട്ടെയ്ൽ തുറന്നത്. ഇതോടെ സെപ്റ്റംബർ 30 പ്രകാരം ആകെ സ്റ്റോറുകൾ 241 ആയി. സെപ്റ്റംബറിന് ശേഷം 5 പുതിയ സ്റ്റോറുകളും തുറന്നിട്ടുണ്ട്. 2024ലെ പുതിയ സ്റ്റോറുകൾ ഇതോടെ 17 ആയിട്ടുണ്ട്. ഈ വർഷം സൗദിയിൽ മാത്രം 5 പുതിയ സ്റ്റോറുകളാണ് തുറന്നത്.
ലുലുവിന്റെ ഇ-കൊമേഴ്സ് വിഭാഗവും മികച്ച വിൽപന നേട്ടമാണ് കുറിക്കുന്നതെന്ന് പ്രവർത്തനഫലക്കണക്കുകൾ വ്യക്തമാക്കുന്നു. 2024 ജനുവരി-സെപ്റ്റംബറിൽ 83.5% വളർച്ചയോടെ 23.74 കോടി ഡോളറാണ് (ഏകദേശം 2,000 കോടി രൂപ) ഇ-കൊമേഴ്സിൽ നിന്നുള്ള വരുമാനം. കമ്പനിയുടെ മൊത്തം വരുമാനത്തിൽ ഇ-കൊമേഴ്സിന്റെ വിഹിതം 4.3 ശതമാനമാണ്. സെപ്റ്റംബർ പാദപ്രകാരം 254 കോടി ഡോളറിന്റെ (21,400 കോടി രൂപ) അറ്റ കടമാണ് (net debt) കമ്പനിക്കുള്ളത്.
നാഴികക്കല്ലിന്റെ നാളുകളെന്ന് എം.എ. യൂസഫലി
ലുലു റീട്ടെയ്‍ലിന് ഇത് നാഴികക്കല്ലുകൾ പിന്നിടുന്ന കാലമാണെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. റെക്കോർഡ് ഐപിഒയ്ക്കും എഡിഎക്സിലെ ലിസ്റ്റിങ്ങിനും ശേഷം പുറത്തുവിടുന്ന ആദ്യ പ്രവർത്തനഫലമാണിത്. നിലവിലെ സ്റ്റോറുകൾ മെച്ചപ്പെടുത്തിയും പുതിയ സ്റ്റോറുകൾ തുറന്നും ഉയർന്ന വളർച്ചയിലേക്ക് കടക്കുകയാണ് ലക്ഷ്യം. യുഎഇയിൽ കൂടുതൽ പ്രദേശങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, മറ്റ് സ്റ്റോറുകൾ എന്നിവ തുറക്കാനായി മൊഡോൺ ഹോൾഡിങ്ങുമായി (Modon Holding) ലുലു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
അതേസമയം, എഡിഎക്സിൽ ലുലുവിന്റെ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. 0.99% താഴ്ന്ന് 2.01 ദിർഹത്തിലാണ് നിലവിൽ ഓഹരിവിലയുള്ളത്. 2.04 ദിർഹം ആയിരുന്നു ലിസ്റ്റിങ് വില. എം.എ. യൂസഫലി 1974ൽ അബുദാബിയിൽ സ്ഥാപിച്ച ലുലു ഗ്രൂപ്പിന് 6 ജിസിസി രാജ്യങ്ങളിലായി 240ലേറെ സ്റ്റോറുകളാണുള്ളത്. പ്രതിദിനം 6 ലക്ഷത്തിലേറെ പേർ ലുലു സ്റ്റോറുകൾ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയടക്കം 85 രാജ്യങ്ങളിൽ നിന്നാണ് കമ്പനി ഉൽപന്നങ്ങൾ ശേഖരിക്കുന്നത്.