ടെക്നോപാർക്ക് ഫാസ്റ്റ്ട്രാക്കിൽ; പുതിയ പദ്ധതികൾ ഇങ്ങനെ
Mail This Article
തിരുവനന്തപുരം ∙ ടെക്നോപാർക്കിൽ 2 വർഷത്തിനുള്ളിൽ 41 ലക്ഷം ചതുരശ്ര അടി വർക്ക് സ്പേസ് തയാറാകുമെന്ന് സിഇഒ കേണൽ സഞ്ജീവ് നായർ. പുതിയ വർക്ക് സ്പേസ് ബാക്കിയില്ലാത്ത ടെക്നോപാർക്കിന്റെ ഫേസ് ഒന്നിൽ സ്ഥലം കിട്ടാൻ നൂറിലധികം കമ്പനികൾ കാത്തുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വർക്ക് സ്പേസ് കണ്ടെത്താൻ പ്രീഫാബ്രിക്കേറ്റഡ് കെട്ടിടം ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ചതുരശ്ര അടി ബിൽറ്റപ് ഏരിയ പുതിയതായി സൃഷ്ടിക്കും.
പ്രതിരോധ മേഖലയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ടെക്നോപാർക്കിന്റെ പിന്തുണയോടെ ടെക്നോസിറ്റിയിലെ കേരള സ്റ്റാർട്ടപ് മിഷന്റെ എമേർജിങ് ടെക്നോളജി ഹബിൽ ഡിഫൻസ് ഇന്നവേഷൻ സോൺ വികസിപ്പിക്കുമെന്നും സഞ്ജീവ് നായർ ‘മനോരമ’യോടു പറഞ്ഞു. ടെക്നോസിറ്റിയെ (ഫേസ് 4) ഡെസ്റ്റിനേഷൻ നെക്സ്റ്റ് എന്ന നിലയിൽ വളരുന്ന സാങ്കേതികവിദ്യകളുടെ കേന്ദ്രമായി വികസിപ്പിക്കുകയാണ് അടുത്ത വർഷങ്ങളിലെ ലക്ഷ്യം. കൊല്ലം അഷ്ടമുടിക്കായലിനോടു ചേർന്നുള്ള ടെക്നോപാർക്കിന്റെ ഫേസ് 5– നെ ടൂറിസം വകുപ്പുമായി ചേർന്ന് ‘വർക്കേഷൻ’ (വർക്ക്, വെക്കേഷൻ) മാതൃകയിലാക്കാനും ചർച്ച തുടങ്ങിയിട്ടുണ്ട് .
ടെക്നോപാർക്കിലെ പുതിയ പദ്ധതികൾ
∙ ഫേസ് 1 : നിലവിൽ ഏകദേശം 180 കമ്പനികളാണ് ടെക്നോപാർക്കിലെ വിവിധ ഘട്ടങ്ങളിലായി ഐടി വർക് സ്പേസിനു വേണ്ടി കാത്തുകിടക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഫേസ് ഒന്നിലാണ് സ്ഥലം ആവശ്യപ്പെടുന്നത്. 2025 ഏപ്രിലിൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബ്രിഗേഡ് സ്ക്വയർ (1.85 ലക്ഷം ചതുരശ്ര അടി), ടെക്നോപാർക്ക് നിർമിക്കുന്ന ഐടി– വാണിജ്യ കെട്ടിടം (50000 ചതുരശ്ര അടി), ടെൻഡർ പൂർത്തിയായ പ്രീഫാബ്രിക്കേറ്റഡ് ഓഫിസ് കെട്ടിടം (50000 ചതുരശ്ര അടി) എന്നിവയാണ് ഇവിടെ ഉടൻ വരുന്നത്.
∙ ഫേസ് 3 : 15 ലക്ഷം ചതുരശ്ര അടിയിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ ടോറസ് ഡൗൺടൗൺ ബാക്കി 45 ലക്ഷം ചതുരശ്ര അടിയിലുള്ള വികസന പദ്ധതി പൂർത്തിയാക്കും.
∙ ടെക്നോസിറ്റി (ഫേസ് 4) : 94 ഏക്കറിൽ ടിസിഎസിന്റെ ഐടി ആൻഡ് ഐടിഇഎസ് ക്യാംപസ് ആദ്യ ഘട്ടം അടുത്ത മാസത്തോടെ പൂർത്തിയാകും. ടെക്നോപാർക്കിന്റെ ക്വാഡ് മിനി ടൗൺഷിപ് പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്ക് നിർമിക്കുന്ന ഐടി ഓഫിസ് കെട്ടിടം (8.5 ലക്ഷം ചതുരശ്ര അടി ), കോ– ഡവലപ്പർ നിർമിക്കുന്ന ഐടി– ഐടിഇഎസ് ഓഫിസ് സമുച്ചയം (8 ലക്ഷം ചതുരശ്ര അടി), വാണിജ്യ കെട്ടിട സമുച്ചയം (9 ലക്ഷം ചതുരശ്ര അടി), 1100 ഭവന യൂണിറ്റുകൾ ഉൾപ്പെടുന്ന റസിഡൻഷ്യൽ സമുച്ചയം (14 ലക്ഷം ചതുരശ്ര അടി). കൂടാതെ, സ്റ്റാർട്ടപ് മിഷന്റെ എമേർജിങ് ടെക്നോളജീസ് ഹബ് (3 ഏക്കർ), ഡിജിറ്റൽ സയൻസ് പാർക്ക് (13.59 ഏക്കർ), കേരള സ്പേസ് പാർക്ക് (18.56 ഏക്കർ), എംഎസ്എംഇ ടെക്നോളജി സെന്റർ (9.79 ഏക്കർ), ഏകതാ മാൾ (2.5 ഏക്കർ) തുടങ്ങിയവയും ആരംഭിക്കും.