ഹൈഡ്രജൻ ട്രെയിനിന് മലയാളി ‘ഇന്ധനം’
Mail This Article
കൊച്ചി ∙ ഹൈഡ്രജൻ ഇന്ധനത്തിൽ ട്രെയിൻ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറുമ്പോൾ, ട്രെയിനിൽ ഹൈഡ്രജൻ നിറയ്ക്കുന്ന അതി സങ്കീർണ സാങ്കേതികവിദ്യ വികസിപ്പിച്ചതു കൊച്ചിയിൽ. ഹൈഡ്രജൻ അതിമർദത്തിൽ സംഭരിച്ച്, അപകടരഹിതമായി നിറയ്ക്കുന്ന സാങ്കേതിക വിദ്യക്കു പിന്നിൽ അമേരിക്കയിലെ ഫ്ലൂയിട്രോൺ കമ്പനിയുടെ കൊച്ചിയിലെ ശാഖയാണ്.
കോയമ്പത്തൂർ ചാവടിയിലെ പ്ലാന്റിൽ ഇതിനുള്ള കംപ്രഷൻ സിസ്റ്റം, ഡിസ്പെൻസർ സിസ്റ്റം എന്നിവയുടെ നിർമാണം പൂർത്തിയായി. പെൻസിൽവേനിയയിലെ ഫ്ലൂയിട്രോൺ ആസ്ഥാനത്തുനിന്നാണു കംപ്രസർ കൊണ്ടുവന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശിയും അമേരിക്കയിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഹൈഡ്രജൻ ഇന്ധന മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന തോമസ് ജോസഫ് ആണ് ഫ്ലൂയിട്രോണിലെ ചീഫ് ഇന്നവേഷൻ ഓഫിസർ.
സ്പെയിനിലെ എച്ച്2ബി2 കമ്പനിയുടെ ഇന്ത്യൻ സംരംഭമായ ഗ്രീൻ എച്ച് ആണ് ഹൈഡ്രജൻ ഇന്ധനം ഉൽപാദിപ്പിക്കുക. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനു സമീപത്തെ ഇലക്ട്രോലൈസറിൽ വേർതിരിച്ചെടുക്കുന്ന ഹൈഡ്രജൻ, ഫ്ലൂയിട്രോണിന്റെ കംപ്രസറിൽ കംപ്രസ് ചെയ്യും.
അമേരിക്കയിലെ എയർ പ്രോഡക്ട്സ് കമ്പനിയിൽ 2001ൽ ഹൈഡ്രജൻ ഇന്ധനത്തിൽ ഗവേഷണം ആരംഭിച്ച തോമസ് ജോസഫ് 2009 ൽ രാജിവച്ച് ബത്‌ലഹം ഹൈഡ്രജൻ എന്ന കമ്പനി അമേരിക്കയിൽ ആരംഭിച്ചു. 2018 ൽ കൊച്ചിയിൽ ഇതിന്റെ ശാഖ തുടങ്ങി. 2021 ൽ ബത്‌ലഹം കമ്പനി ഫ്ലൂയിട്രോണിൽ ലയിച്ചു.
2021 ൽ ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ഫില്ലിങ് സ്റ്റേഷൻ സ്ഥാപിച്ചതു ഫ്ലൂയിട്രോൺ ആണെന്നു ഫ്ലൂയിട്രോൺ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക സെയിൽസ് റീജനൽ ഡയറക്ടർ മോട്ടി ഐപ് തോമസ് പറഞ്ഞു. ചെന്നൈ, പുണെ, ഡൽഹി നഗരങ്ങളിലായി കൂടുതൽ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ ജിന്ദ്– സോനിപത്ത് സെക്ടറിൽ 90 കിലോമീറ്റർ ദൂരത്തിൽ ജനുവരിയിൽ ഹൈഡ്രജൻ ട്രെയിനിന്റെ ഉദ്ഘാടനം നടക്കും.