സർക്കാർ ജീവനക്കാർ ഈ ഐഡിയുമായി ബന്ധിപ്പിക്കണം; അല്ലെങ്കിൽ ആരോഗ്യ സേവനങ്ങൾ തടസപ്പെടാം
Mail This Article
സിജിഎച്ച്എസ് (CGHS) സ്കീം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കും ആരോഗ്യ സേവനങ്ങൾ നൽകുന്ന പദ്ധതിയാണ്. നിലവിൽ, 4.4 ദശലക്ഷത്തിലധികം ആളുകൾ പദ്ധതിക്ക് കീഴിൽ വരുന്നു. 75 നഗരങ്ങളിൽ CGHS ആശുപത്രി സൗകര്യങ്ങളുണ്ട്.
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് (എബിഡിഎം) കീഴിൽ വിവിധ സർക്കാർ ആരോഗ്യ പദ്ധതികൾ സംയോജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ച് തുടങ്ങി. ഹെൽത്ത് സർവീസസ് (സിജിഎച്ച്എസ്) ബെനിഫിഷ്യറി ഐഡിയും ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എബിഎച്ച്എ) ഐഡിയുമായി ബന്ധിപ്പിക്കുന്നത് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർബന്ധമാക്കി. സിജിഎച്ച്എസ് ഡയറക്ടർ മനോജ് ഗോയൽ ഒപ്പിട്ട ഓഫീസ് മെമ്മോറാണ്ടം പ്രകാരം നിലവിലുള്ള എല്ലാ സിജിഎച്ച്എസ് ഗുണഭോക്താക്കളും ഇത് 120 ദിവസത്തിനകം ചെയ്യണമെന്ന് നിർബന്ധമാണ്.
സിജിഎച്ച്എസ് ഗുണഭോക്താക്കളുടെ ഡിജിറ്റൽ ആരോഗ്യ ഐഡന്റിഫിക്കേഷൻ സൃഷ്ടിക്കുന്നതിനും ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകൾ ABDM-ന് കീഴിൽ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
സിജിഎച്ച്എസ് ഡാഷ്‌ബോർഡിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഏപ്രിൽ 2 വരെ 21,362 സിജിഎച്ച്എസ് ഐഡികൾ മാത്രമേ ABHA ഐഡിയുമായി ലിങ്ക് ചെയ്‌തിട്ടുള്ളൂ. ഈ ഐഡികൾ സമന്വയിപ്പിക്കുന്നതിലൂടെ, സർക്കാർ ജീവനക്കാരുടെ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഡിജിറ്റൽ ആരോഗ്യ റെക്കോർഡുകൾ തടസ്സമില്ലാതെ പങ്കിടാൻ സൗകര്യമൊരുക്കി, ആരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കാനും, രോഗികളെ തിരിച്ചറിയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇത്തരമൊരു സംയോജനം ഡിജിറ്റൽ ഹെൽത്ത് റെക്കോർഡുകളുടെ ഏകീകരണം സുഗമമാക്കും. ഒപ്പം മെഡിക്കൽ ചരിത്രവും ചികിത്സാ വിവരങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് ആശുപത്രികളും പറയുന്നു. സിജിഎച്ച്എസ് ബെനിഫിഷ്യറി ഐഡിയും, ആയുഷ്മാൻ ഭാരത് ഹെൽത്ത് (എബിഎച്ച്എ) ഐഡിയുമായി ബന്ധിപ്പിക്കുന്നത് വരെ സർക്കാർ ജീവനക്കാർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാകില്ല എന്ന സൂചനയുമുണ്ട്.
എങ്ങനെ ബന്ധിപ്പിക്കാം?
> CGHS വെബ്സൈറ്റ് സന്ദർശിക്കുക
> ലോഗിൻ ചെയ്യുക
> സൈൻ ഇൻ ചെയ്യുക
> 'അപ്‌ഡേറ്റ്' മെനുവിന് മുകളിൽ ലിങ്ക് ചെയ്യുക എന്നതിൽ ക്ലിക്കുചെയ്യുക
> ആധാർ നമ്പർ നൽകുക
> സമ്മതപത്രം അംഗീകരിക്കുക
> ആധാർ ഒടിപി ലഭ്യമാക്കുക(Get Aadhaar OTP) എന്നിതിൽ ക്ലിക്ക് ചെയ്യുക
> ഒടിപി നൽകുക
> ഒടിപി വെരിഫൈ ചെയ്യുക