ദിവസവും 100 രൂപ മാറ്റി വച്ച് സ്വത്ത് കുന്നു കൂട്ടിയാലോ?
Mail This Article
ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കുത്തനെ വളരുകയാണ്. ഈ വളർച്ച വേഗത്തിലാക്കാൻ പല പദ്ധതികളാണ് മ്യൂച്വൽ ഫണ്ട് കമ്പനികൾ കൊണ്ടുവരുന്നത്. ഇതിനായി 100 രൂപയ്ക്ക് പോലും തുടങ്ങാവുന്ന മ്യൂച്വൽ ഫണ്ടുകള്‍ കമ്പനികൾ അവതരിപ്പിക്കുന്നു.
എൽ ഐ സി
എൽഐസി മ്യൂച്വൽ ഫണ്ട് മിനിമം പ്രതിദിന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി-സിപ് ) തുക 100 രൂപയായി കുറച്ചു. ഇത് വ്യക്തികൾക്ക് കുറഞ്ഞ തുകയ്ക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കാൻ അവസരമൊരുക്കുന്നു. തിരഞ്ഞെടുത്ത പദ്ധതികളിൽ 100 രൂപയ്ക്ക് എസ്ഐപി ആരംഭിക്കാനും 1 രൂപയുടെ ഗുണിതങ്ങളായി കൂടുതൽ തുകകൾ ചേർക്കാനും കഴിയും. കൂടാതെ, എൽഐസി മ്യൂച്വൽ ഫണ്ടിന്റെ ലിക്വിഡ് ഫണ്ടിലും ഇത്തരത്തിൽ ഡെയ്‌ലി എസ്ഐപി ഓപ്ഷൻ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഓരോ ദിവസവും 100 രൂപ വീതം നിക്ഷേപിച്ച് പണം വളർത്താൻ സഹായിക്കും.
100 രൂപയുടെ ഗുണം
എസ്ഐപി തുക കുറയ്ക്കുന്നത് നിക്ഷേപ ലോകത്തേക്ക് ആദ്യമായി വരുന്നവർക്ക് ഗുണമാകും എന്നാണ് കണക്കു കൂട്ടൽ. കുറഞ്ഞ തുകയ്ക്ക് പോലും മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങാം എന്ന ചിന്ത എസ്ഐപി നിക്ഷേപത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കും. ഈ സമീപനം പതിവായി നിക്ഷേപിക്കുന്ന ശീലം വളർത്തിയെടുക്കാൻ സഹായിക്കും. പരിമിതമായ തുകയ്ക്ക് കൂടുതൽ ആളുകള്‍ക്ക് വിപണിയിൽ പങ്കെടുക്കാനാകും.
മിനിമം എസ്ഐപി 100 രൂപയായി കുറയ്ക്കുന്നതിലൂടെ മ്യൂച്വൽ ഫണ്ട് ഉയർന്ന ആസ്തിയുള്ളവർക്ക് മാത്രമല്ല എല്ലാ വരുമാന ഗ്രൂപ്പുകളിൽ നിന്നുമുള്ളവർക്കും കൂടിയാണെന്ന് ഉറപ്പാക്കാം. ചെറുകിട നിക്ഷേപകർക്ക് മാത്രമല്ല വിദ്യാർത്ഥികൾക്ക് പോലും പോക്കറ്റ് മണിയിൽ നിന്ന് 100 രൂപക്ക് നിക്ഷേപം തുടങ്ങാം. സ്ഥിരമായ നിക്ഷേപ ശീലങ്ങൾ, വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ശരാശരി ചെലവ്, ദീർഘകാല വളർച്ചയ്‌ക്കുള്ള കോമ്പൗണ്ടിങ് നേട്ടങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ 100 രൂപ ഉള്ള എസ്ഐപികളിൽ നിന്നും നേടാം. ചുരുക്കത്തിൽ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ എല്ലാ നിക്ഷേപകർക്കും100 രൂപ എസ്ഐപി തുടങ്ങാം. റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് കൂടുതൽ പങ്കാളിത്തം പ്രോൽസാഹിപ്പിക്കുന്നതിന് ചെറിയ എസ്ഐപികൾ അവതരിപ്പിക്കണമെന്ന സെബിയുടെ ശുപാർശയെ തുടർന്നാണ് ഫണ്ട് ഹൗസുകൾ 100 രൂപ എസ്ഐപികൾ തുടങ്ങാൻ തീരുമാനിച്ചത്.
ഏതൊക്കെ ഫണ്ടുകളിൽ 100 രൂപക്ക് എസ്ഐപി തുടങ്ങാം?
ഐസിഐസിഐ പ്രുഡൻഷ്യൽ നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സ് ഫണ്ട്, HDFC ഇൻഡക്സ് ഫണ്ട് നിഫ്റ്റി 50, ആദിത്യ ബിർള സൺ ലൈഫ് നിഫ്റ്റി 50 ഇൻഡക്സ് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് ഗ്ലോബൽ എക്സലൻസ് ഇക്വിറ്റി എഫ്ഒഎഫ്, ആക്സിസ് ഗോൾഡ് ഫണ്ട്, HDFC ഗോൾഡ് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ റെഗുലർ ഗോൾഡ് സേവിങ്സ് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് ഗോൾഡ് ഫണ്ട്, ആക്സിസ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട്,
ആദിത്യ ബിർള സൺ ലൈഫ് കോർപ്പറേറ്റ് ബോണ്ട് ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ കോർപ്പറേറ്റ് ബോണ്ട് ഫണ്ട്, HDFC കോർപ്പറേറ്റ് ബോണ്ട് ഫണ്ട്, നിപ്പോൺ ഇന്ത്യ ഹ്രസ്വകാല ഫണ്ട്, ഡിഎസ്പി ബോണ്ട് ഫണ്ട് എന്നിവയിലെല്ലാം 100 രൂപക്ക് നിക്ഷേപം തുടങ്ങി അറിയാതെ സമ്പത്ത് കുന്നുകൂട്ടാം.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ റിസ്കിന് വിധേയമാണ്. നിക്ഷേപ തീരുമാനമെടുക്കും മുമ്പ് വിശദാംശങ്ങൾ മനസിലാക്കിമാത്രം തീരുമാനമെടുക്കുക