വീണ്ടും വിൽപ്പന സമ്മർദ്ദം , നഷ്ടം : ദീപാവലി ഓഹരി വിപണിയ്ക്ക് തുണയാകുമോ?
Mail This Article
പതിഞ്ഞ തുടക്കത്തിന് ശേഷം വില്പന സമ്മർദ്ദത്തിൽ വീണ നിഫ്റ്റി നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. നിഫ്റ്റി 36 പോയിന്റുകൾ നഷ്ടമാക്കി 24399 പോയിന്റിലും സെൻസെക്സ് 80065 പോയിന്റിലും ക്ളോസ് ചെയ്തു.
എസ്ബിഐയുടെയും, എച്ച്ഡിഎഫ്സി ബാങ്കിന്റെയും പിന്തുണയിൽ ബാങ്ക് നിഫ്റ്റി അര ശതമാനം മുന്നേറി 51531 പോയിന്റിൽ ക്ളോസ് ചെയ്തതാണ് ഇന്ന് ഇന്ത്യൻ വിപണിയെ താങ്ങിയത്.
ഇന്നലെ വന്ന രണ്ടാം പാദറിസൾട്ട് കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡിന് മോർഗൻ സ്റ്റാൻലി 2110 രൂപ ലക്ഷ്യ വിലയിട്ടത് ഓഹരിക്ക് ഇന്ന് 7%ൽ കൂടുതൽ തിരുത്തൽ നൽകിയത് നിർണായകമായി. എഫ്എംസിജി സെക്ടർ ഇന്ന് 2.8% വീണു.
പറന്ന് കയറി ആസ്റ്റർ, സോനാ കോംസ്
മികച്ച റിസൾട്ടും, ഏറ്റെടുക്കലും കണക്കിലെടുത്ത് ജെപി മോർഗൻ സോനാ കോമിന്റെ ലക്ഷ്യവില 640 രൂപയിലേക്ക് ഉയർത്തിയത് ഓഹരിക്ക് ഇന്ന് 13% മുന്നേറ്റം നൽകി. ഓഹരിയുടെ ഇന്നത്തെ ക്ളോസിങ് 729 രൂപയിലാണ്.
മികച്ച റിസൾട്ടിന്റെ പിന്തുണയിൽ ആസ്റ്റർ ഡിഎം ഇന്ന് 10% നേട്ടം കുറിച്ചു.
റിലയൻസ് ബോണസ്
റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ച 1:1 ബോണസ് ഓഹരി ലഭ്യമാക്കുന്നതിനുള്ള റെക്കോർഡ് തീയതി ഒക്ടോബർ 28, തിങ്കളാഴ്ചയാണ്. വിപണിയുടെ അനുമാനങ്ങൾ തെറ്റിച്ച രണ്ടാം പാദഫലം വില്പന സമ്മർദ്ദം വർധിപ്പിച്ചതിനെ തുടർന്ന് റെക്കോർഡ് ഉയരത്തിൽ നിന്നും 10%ൽ കൂടുതൽ നഷ്ടം കുറിച്ച റിലയൻസ് ഇന്ന് 2650 രൂപയിൽ താഴെ പോയ ശേഷം 2679 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പിഎംഐ ഡേറ്റ
ഇന്ത്യ ഒക്ടോബറിൽ 57.4 എന്ന മികച്ച മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ പ്രഖ്യാപിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ഒക്ടോബറിലെ സർവീസ് പിഎംഐ 57.9 ലുമാണ്.
എഫ്&ഓ ക്ളോസിങ് വ്യാഴാഴ്ച
അടുത്ത ആഴ്ചയിൽ ദീപാവലി ദിനത്തിലെ എഫ്&ഓ ക്ളോസിങ്ങിലാണ് ഇന്ത്യൻ വിപണിയുടെ പ്രതീക്ഷ. രാജ്യാന്തര ഫണ്ടുകളുടെ അതി വില്പനസമ്മർദ്ദത്തിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വിപണിയിൽ ഷോർട്ട് കവറിങ്ങിനുള്ള സാധ്യതയും, മികച്ച നിരക്കുകളിലേക്ക് ഓഹരിവിലകൾ എത്തിച്ചേരാനായി ഫണ്ടുകൾ വില്പന താത്കാലികമായി നിർത്തിവെക്കാനുള്ള സാധ്യതയും പ്രതീക്ഷയാണ്.
സംവത് 2081
കഴിഞ്ഞ ദീപാവലിക്ക് 20000 പോയിന്റിൽ താഴെ നിന്ന നിഫ്റ്റി 26277 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷമാണ് വിദേശ ഫണ്ടുകളുടെ വില്പനയിൽ കിതച്ചത്. അമേരിക്കൻ തിരഞ്ഞെടുപ്പും, മഹാരാഷ്ട്ര തിരഞ്ഞെടുപ്പും കഴിഞ്ഞാൽ അടുത്ത ബജറ്റിന് മുൻപായി വീണ്ടും വിദേശ ഫണ്ടുകളുടെ തിരിച്ചു വരവ് കൂടി പ്രതീക്ഷിക്കുന്ന ഇന്ത്യൻ വിപണി സംവത് 2081ലും മുന്നേറ്റ പ്രതീക്ഷയിലാണ്.
പുതിയ വർഷത്തിലെ മുഹൂർത്ത വ്യാപാരം അടുത്ത വെള്ളിയാഴ്ച വൈകീട്ടാണ് നടക്കുക.
2050ൽ ഇന്ത്യ
ഐഎംഎഫിന്റെ പ്രവചനമനുസരിച്ച് 2028ൽ 5.5 ട്രില്യണിൽ എത്തുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2075ൽ ചൈനക്ക് പിന്നിലായി 52.5 ട്രില്യൺ ഡോളറിന്റേതായിരിക്കും. 2028 ചൈനീസ് അമേരിക്കൻ സമ്പദ് വ്യവസ്ഥകൾ യഥാക്രമം 57 ട്രില്യൺ, 51.5 ട്രില്യൺ ഡോളറിന്റേതുമായിരിക്കും.
ടെസ്‌ലയുടെ ചുമലിൽ
ടെസ്‌ലയുടെ മികച്ച റിസൾട്ട് ഓഹരിക്ക് പ്രീമാർക്കറ്റിൽ 12% മുന്നേറ്റം നൽകിയത് അമേരിക്കൻ ഫ്യൂച്ചറുകൾക്കും, യൂറോപ്യൻ വിപണിക്കും അനുകൂലമാണ്. അടുത്ത ആഴ്ചയിൽ കൂടുതൽ അമേരിക്കൻ ടെക്ക് റിസൾട്ടുകൾ വരാനിരിക്കെ ടെസ്‌ല തികച്ചും പ്രതീക്ഷ നിർഭരമായ റിസൾട്ട് പ്രഖ്യാപിച്ചത് ലോക വിപണിക്ക് തന്നെ അനുകൂലമാണ്. ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടം കുറിച്ചു.
ജർമനിയും, യൂറോ സോണും മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പ്രഖ്യാപിച്ചത് യൂറോപ്യൻ വിപണിക്കും അനുകൂലമായി. ഇന്നാണ് അമേരിക്കയുടെ മാനുഫാക്ച്ചറിങ്, സർവീസ് പിഎംഐ ഡേറ്റകള്‍ പുറത്ത് വരുന്നത്.
നാളത്തെ റിസൾട്ടുകൾ
കോൾ ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ്, ബാങ്ക് ഓഫ് ബറോഡ, ബിപിസിഎൽ, ഹിന്ദ് പെട്രോ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ഡിഎൽഎഫ്, ലോധ, ഫീനിക്സ് മിൽസ്, ചോളമണ്ഡലം ഫിനാൻസ്, അപ്പോളോ പൈപ്പ്, അതുൽ ഓട്ടോ, പ്രാജ്, ശക്തി പമ്പ്, ഇക്ര മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ആർഇസി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, അംബുജ സിമന്റ്, ജെകെ സിമന്റ്, സിയറാം സിൽക്‌സ്, റിലയൻസ് പവർ, ജെപി പവർ, ടൈറ്റാഗർ വാഗൻസ്, പാരാമൗണ്ട് കേബ്ൾസ്, വോൾടാസ് മുതലായ കമ്പനികൾ ശനിയാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക