ADVERTISEMENT

ഓഹരി വിപണി എന്നത് ഉയര്‍ച്ചകളുടേയും തിരുത്തലുകളുടേയും മേഖലയാണ്. ഇതറിയാതെ കുതിച്ചു ചാട്ടം മാത്രം കണ്ട് നിക്ഷേപിച്ചാല്‍ എങ്ങനെയിരിക്കും?  ഇതേ ചോദ്യമാണ് ഓഹരി വിപണിയിലേക്ക് എത്തുന്ന പുതിയ നിക്ഷേപകരുടെ ചില രീതികള്‍ കാണുമ്പോള്‍ ഉയര്‍ന്നു വരുന്നത്.  കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക് വന്‍ തോതിലാണ് പുതിയ നിക്ഷേപകര്‍  എത്തുന്നത്. ഓഹരികളില്‍ നേരിട്ടും മ്യൂചല്‍ ഫണ്ടുകള്‍ വഴിയുമെല്ലാം ഇവര്‍ നിക്ഷേപം നടത്തുന്നത് വ്യക്തിഗതമായുള്ള നേട്ടങ്ങള്‍ക്കു പുറമെ സമ്പദ് ഘടനയ്ക്കും വന്‍ സംഭാവനകളാണു നല്‍കുന്നത്. 

എന്നാല്‍ പുതിയ നിക്ഷേപകരില്‍ നിരവധി പേര്‍ ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് പോലുള്ള മേഖലകളില്‍ മാത്രം താല്‍പര്യമുള്ളവരാകുകയും നിക്ഷേപത്തിനു പകരം ട്രേഡിങ് നടത്തുകയും ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും.  നിലവില്‍ ഓഹരി വിപണിയിലുള്ള ചെറുകിട നിക്ഷേപകരില്‍ 75 ശതമാനവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എത്തിയ പുതിയ നിക്ഷേപകരാണ്. ഇവര്‍ ബുള്‍ വിപണി മാത്രമാണു കണ്ടിട്ടുള്ളത്. ബെയര്‍ വിപണിയില്‍ ഇവര്‍ ഇടപെട്ടിട്ടേ ഇല്ല. ഈയൊരു സാഹചര്യവും കൃത്യമായി വിലയിരുത്തേണ്ടതാണ്. 

NEW YORK, NEW YORK - AUGUST 29: Traders work on the floor of the New York Stock Exchange during afternoon trading on August 29, 2022 in New York City. Stocks opened lower this morning continuing the downward trend of last week after the Dow closed falling 1,008 points after Federal Reserve Chairman Jerome Powell's remarks on inflation at the central bank’s annual Jackson Hole economic symposium.   Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
(Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

ഓഹരി വിപണിയിലെ പല സുപ്രധാന പ്രവണതകള്‍ക്കും വഴിയൊരുക്കുന്നത് ബുള്‍ തരംഗമാണ്.  കോവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷമുള്ള ഇപ്പോഴത്തെ ബുള്‍ വിപണി മുന്‍പൊന്നുമില്ലാതിരുന്ന രീതിയിലെ നിരവധി പ്രവണതകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇവയില്‍ പലതും മികച്ചതും ആരോഗ്യകരമാണെങ്കില്‍ ചിലതെല്ലാം അഭികാമ്യമല്ലാത്തതുമാണ്. 

ഓഹരികളില്‍ നേരിട്ടു നിക്ഷേപിച്ചും മ്യുചല്‍ ഫണ്ടുകള്‍ വഴി നിക്ഷേപം നടത്തിയുമെല്ലാം നിരവധി പുതിയ നിക്ഷേപകര്‍ എത്തുന്നതാണ് ആരോഗ്യകരമായ പ്രവണത.  2020-ല്‍ നാലു കോടിയായിരുന്ന ഡീമാറ്റ് അക്കൗണ്ടുകള്‍  2024 സെപ്റ്റംബറോടെ 17 കോടിയായി ഉയര്‍ന്നതില്‍ നിന്ന് ഇതിന്റെ ശക്തി മനസിലാക്കാവുന്നതേയുള്ളു.  2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ മ്യൂചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്തിരുന്ന ആകെ ആസ്തി 34.43 ട്രില്യണ്‍ രൂപയില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷം അവസാനത്തില്‍ 54.1 ട്രില്യണ്‍ രൂപയായി വര്‍ധിക്കുകയും ചെയ്തു.  ഭൗതീക ആസ്തികളില്‍ നിന്ന് സമ്പാദ്യം സാമ്പത്തിക ആസ്തികളിലേക്കു നീങ്ങുന്നതാണ് ഇതിലൂടെ നമുക്കു കാണാനാവുന്നത്.  തികച്ചും ആരോഗ്യകരവും അഭികാമ്യവുമായ പ്രവണതയായി ഇതിനെ വിലയിരുത്താം.  

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് വിപണിയില്‍ അനാരോഗ്യകരമായ നിരവധി പ്രവണതകളാണ് ഉയര്‍ന്നു വരുന്നത്. ഊഹക്കച്ചവടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വര്‍ധിച്ചു വരികയും വ്യക്തിഗത ട്രേഡര്‍മാരുടെ വന്‍ തുകകള്‍ നഷ്ടമാകുകയും ചെയ്യുന്നത് തികച്ചും അനഭിലഷണീയമാണ്. 

പ്രതികൂല കാലാവസ്ഥയുടെ തടവിലകപ്പെട്ട ഇന്ത്യൻ വിപണിയെ കൈവിട്ടു ചൈനയിലേക്കു ചേക്കേറുന്നതിൽ വിദേശ ധനസ്ഥാപനങ്ങൾ തിടുക്കം കാട്ടിയതോടെ നിക്ഷേപകരിലെ അവശേഷിച്ച ആത്മവിശ്വാസംകൂടി ബാഷ്പീകരിക്കപ്പെടുകയായിരുന്നു (Photo by AFP) / CHINA OUT
(Photo by AFP) / CHINA OUT

കോവിഡ് കാലത്തെ 7511 പോയിന്റില്‍ നിന്ന് നിഫ്റ്റി 2024 ഒക്ടോബറില്‍ 25000 പോയിന്റിലേക്ക് ഉയര്‍ന്നതും 2024 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി 30 ശതമാനം നേട്ടം പ്രദാനം ചെയ്തതുമെല്ലാം തികച്ചും ആവേശകരമാണ്. പല മ്യൂചല്‍ ഫണ്ട് പദ്ധതികളും 20 ശതമാനത്തിനു മേല്‍ നേട്ടം നല്‍കിയിട്ടുണ്ട്. പക്ഷേ, വിപണിയില്‍ എത്തുന്ന പുതിയ നിക്ഷേപകരില്‍ പലരും ഇതുകൊണ്ട് സംതൃപ്തരല്ല. അമിത ആഗ്രഹങ്ങളുമായി ഇവരില്‍ പലരും ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷന്‍സിലേക്കു കടക്കുകയും വലിയ തുകകള്‍ നഷ്ടമാക്കുകയും ചെയ്യുന്നു. വ്യക്തിഗത ട്രേഡര്‍മാര്‍ ഡെറിവേറ്റീവ് ട്രേഡിങിലേക്കു കടക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് സെബി പലപ്പോഴും മുന്നറിയിപ്പു നല്‍കാറുണ്ട്.എങ്കിലും ഊഹക്കച്ചവടത്തിലേക്കു കടക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. 

ഇക്കാര്യത്തില്‍ സെബിയുടെ അടുത്ത കാലത്തെ പഠനങ്ങള്‍ അപകടകരമായ വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്.  വ്യക്തിഗത ട്രേഡര്‍മാരില്‍ 92.8 ശതമാനത്തിനും നഷ്ടമാണുണ്ടായത്. ഇവരുടെ ശരാശരി നഷ്ടം രണ്ടു ലക്ഷം രൂപയാണ്.  7.2 ശതമാനം വ്യക്തിഗത ട്രേഡര്‍മാര്‍ മാത്രമാണ് ലാഭമുണ്ടാക്കിയിട്ടുള്ളത്. ഇവരിലാകട്ടെ വെറും ഒരു ശതമാനം പേര്‍ക്കു മാത്രമാണ് ഒരു ലക്ഷം രൂപയ്ക്ക് മേല്‍ നേട്ടമുണ്ടാക്കാനായത്.  

അച്ചടക്കത്തോടെ ക്രമമായുള്ള നിക്ഷേപം വഴിയാണ് ഓഹരി വിപണിയില്‍ നിന്നു നേട്ടമുണ്ടാക്കാനാവുക എന്നതാണ് പുതുതായി എത്തുന്നവര്‍ ആദ്യം മനസിലാക്കേണ്ടത്.  ഇതനുസരിച്ചു വേണം നിക്ഷേപങ്ങള്‍ നടത്താനും. എന്തായാലും ഫ്യൂചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് മേഖലയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ സെബി ഉദ്ദേശിക്കുന്നുണ്ട്. കരാറുകളുടെ വലുപ്പം വര്‍ധിപ്പിക്കുക, ഇന്‍ട്രാ ഡേ പരിധികള്‍ ഏര്‍പ്പെടുത്തുക, പ്രതിവാര ഡെറിവേറ്റീവുകള്‍ ഓരോ എക്‌സ്‌ചേഞ്ചിനും ഒന്നു വീതം മാത്രമായി പരിമിതപ്പെടുത്തുക, മാര്‍ജിന്‍ വര്‍ധിപ്പിക്കുക തുടങ്ങിയ നിരവധി നീക്കങ്ങള്‍ പരിഗണനയിലുണ്ട്.ഇവയെല്ലാം എത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്നു കാണാം.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary:

Learn how the stock market's rise can lead to losses for inexperienced traders. Discover the risks of futures and options trading, SEBI's concerns, and the importance of disciplined investing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com