ചെമ്പ് സ്വർണ്ണമാകുമോ...?
Mail This Article
ചെമ്പ് വില കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മാത്രം വർധിച്ചത് 45 ശതമാനത്തോളമാണ്. കോവിഡ് മൂലം വിലയിടിവ് നേരിട്ടെങ്കിലും ഈ ലോഹത്തിന്റെ വില ഇപ്പോൾ നേരത്തെ ഉണ്ടായിരുന്നതിലും മുകളിലാണ്. ഇതൊരു അസാധാരണ പ്രതിഭാസമാണ്. കാരണം സ്വർണ്ണവിലയും ചെമ്പ് വിലയും ഇരുദിശകളിലാണ് നാളിതുവരെ സഞ്ചരിച്ചിരുന്നത്. എപ്പോഴൊക്കെ സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിലായിട്ടുണ്ടോ അപ്പോഴെല്ലാം സ്വർണ്ണവില ഉയരുകയും ചെമ്പ് വില ഇടിയുകയും ചെയ്തിരുന്നു. സ്ഥിരതയുള്ള നിക്ഷേപത്തിലേയ്ക്ക് നിക്ഷേപകർ തിരിയുന്നതാണ് പ്രതിസന്ധിഘട്ടങ്ങളിൽ സ്വർണ്ണവില ഉയരാനുള്ള കാരണം. സാമ്പത്തികമാന്ദ്യം മൂലം ഉത്പാദന-നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് ചെമ്പ് വില കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ കോവിഡ് മൂലം ചെമ്പിന്റെ ഉപഭോഗം കുറഞ്ഞെങ്കിലും ചിലി, പെറു എന്നിവിടങ്ങളിൽ ചെമ്പിന്റെ ഉത്പാദനം പ്രതിസന്ധിയിലായതാണ് ഈ അസാധാരണ കുതിപ്പിന് വഴി വെച്ചത്.
ഉത്പാദനത്തിന്റെ 50% ത്തോളം ഉപയോഗിക്കുന്ന ചൈനയിലെ ഉത്പാദന-നിർമ്മാണ പ്രവർത്തനങ്ങൾ സർക്കാർ സഹായത്തോടെ പഴയ നിലയിലേക്ക് നീങ്ങുന്നത് ചെമ്പ് വില ക്രമാതീതമായി ഉയരുന്നതിനു സഹായകമാകും എന്നാണ് വിദഗ്ദാഭിപ്രായം. കോവിഡിനെ തുടർന്നു മാർച്ച് പകുതിയിൽ ചെമ്പുവില ടണ്ണിനു 4300–4400 ഡോളർ വരെ താണിരുന്നു. എന്നാൽ ചൈന തിരിച്ചുവരവിനു സജ്ജമായ ജൂണിൽ 6000 ഡോളറിലേയ്ക്ക് വില ഉയർന്നു. നിലവിൽ അത് 6700 ഡോളറിനു മുകളിലാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ അഭൂതപൂർവമായ വളർച്ചയാണ് ചെമ്പ് വിപണിക്ക് ഉണ്ടാകുന്നത്. ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരം ആഗോളതലത്തിൽ വർധിക്കുന്നതും അനുകൂലഘടകമാകും.
എന്തിന്? എങ്ങനെ നിക്ഷേപിക്കാം?
സാധാരണ നിക്ഷേപകർ വൈവിധ്യവത്കരണത്തിനു സ്വർണ്ണം പോലെ വിലപിടിപ്പുള്ള ലോഹങ്ങളെയാണ് ആശ്രയിക്കാറുള്ളത്. പക്ഷെ, ചെമ്പ് പോലെയുള്ള ഒരു അടിസ്ഥാന ലോഹത്തെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്നത് വ്യാവസായിക വികസനത്തിൽ നിന്നും ലാഭം നേടാൻ നിക്ഷേപകരെ പ്രാപ്തരാക്കും. വിദേശത്തെ പോലെ ചെമ്പ് നാണയമോ ബാറോ വാങ്ങി നിക്ഷേപിക്കുന്ന രീതി ഇന്ത്യയിലില്ല. പകരം, ബ്രോക്കർ മുഖേന എക്സ്ചേഞ്ചുകളിൽ കോൺട്രാക്ട് വ്യവഹാരങ്ങളിൽ ഏർപ്പെടാം. അല്ലെങ്കിൽ ചെമ്പ് അനുബന്ധ ഓഹരികളിൽ നിക്ഷേപിക്കാം. കോവിഡ് കാലത്തെ പ്രവണതകൾ സൂചിപ്പിക്കുന്നത് ചെമ്പും നിക്ഷേപകശ്രദ്ധ നേടിയെടുക്കാൻ സജ്ജമാണെന്നാണ്. ചെമ്പ് സ്വർണ്ണമായില്ലെങ്കിലും വരും കാലങ്ങളിൽ നിക്ഷേപകന് കൃത്യമായ ലാഭം നേടിക്കൊടുക്കാൻ പ്രാപ്തിയുള്ള ലോഹമാകും എന്നാണ് വിലയിരുത്തുന്നത്.
ലേഖകൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഗവേഷകനാണ്.
English Summary : Copper Price is Shining