24 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇംഗ്ലിഷ് ബാറ്റ്സ്മാന്‍ മൈക് ഗാറ്റിങ്ങിന്റെ വിക്കറ്റെടുത്ത ‘നൂറ്റാണ്ടിലെ പന്ത്’ തികച്ചും ആകസ്മികമായി സംഭവിച്ചതാണെന്ന് മുന്‍ ഓസീസ് ക്രിക്കറ്റ് താരം ഷെയ്ന്‍വോണ്‍. ആ പന്ത് എനിക്കിപ്പോഴും ഒരു സ്വപ്നം പോലെയാണ്. കരിയറിന്റെ പിന്നീടൊരു ഘട്ടത്തിലും എനിക്ക് അതുപോലൊരു പന്തെറിയാനായിട്ടില്ല. കാരണം അന്നത് ആകസ്മികമായി സംഭവിച്ചതാണ് – തന്റെ 48–ാം പിറന്നാള്‍ ദിനത്തിലാണ് ക്രിക്കറ്റ് ലോകത്തിനു മുന്‍പില്‍ ഇന്നും അദ്ഭുതമായി കറങ്ങിനില്‍ക്കുന്ന പന്തിന്റെ രഹസ്യം വോണ്‍ വെളിപ്പെടുത്തിയത്.
അതുപോലെ തിരിയണമെന്നോ ഗാറ്റിങ്ങിന്റെ ഓഫ്സ്റ്റംപ് തെറിപ്പിക്കണമെന്നോ വിചാരിച്ചല്ല അന്നു ഞാന്‍ ആ പന്തെറിഞ്ഞത്. സാധാരണ പോലെ ഒരു ലെഗ് ബ്രേക്ക് എറിഞ്ഞു. പക്ഷേ, പന്തിന്റെ ഗതി എന്നെയും അദ്ഭുതപ്പെടുത്തി. ഒരു ലെഗ് സ്പിന്നറെന്ന നിലയില്‍ പിന്നീടുള്ള എന്റെ വളര്‍ച്ചയ്ക്ക് കരുത്തായതും ആ പന്താണ്– വോണ്‍ വെളിപ്പെടുത്തി.
1993ല്‍ ഓള്‍ ട്രാഫോഡില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ആഷസ് ടെസ്റ്റിനിടെയായിരുന്നു വോണിന്റെ മാജിക്കല്‍ ബോളിങ്. അതുവരെ പതിനൊന്നു ടെസ്റ്റു മല്‍സരങ്ങള്‍ മാത്രം കളിച്ച ഷെയ്ന്‍വോണിന്റെ ആദ്യ ആഷസ് ടെസ്റ്റുമായിരുന്നു അത്. മൽസരത്തിൽ എട്ടുവിക്കറ്റു നേടിയ ഷെയ്ൻ വോൺ മാൻ ഓഫ് ദി മാച്ചായി.
ഗാറ്റിങിന്റെ നടുക്കം
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോര്‍ഡര്‍ വോണിനെ പന്തേല്‍പ്പിക്കുമ്പോള്‍ വലംകൈയന്‍ ഇംഗ്ലിഷ് ബാറ്റ്സ്മാന്‍ മൈക് ഗാറ്റിങ് ക്രീസില്‍. ചെറിയ റണ്ണപ്പിനൊടുവില്‍ വോണ്‍ കറക്കിയെറിഞ്ഞ ലെഗ് ബ്രേക് പന്ത് ആദ്യം ബാറ്റ്സ്മാനു നേരെ നീങ്ങി. തുടര്‍ന്ന് വായുവില്‍ അപ്രതീക്ഷിത ദിശാമാറ്റം സംഭവിച്ച് പിച്ച് ചെയ്തത് ലെഗ് സ്റ്റംപിനു പുറത്ത്. പന്തിന്റെ ദിശയില്‍ ആദ്യം പാഡും പിന്നാലെ ബാറ്റും വച്ച ഗാറ്റിങ് സ്റ്റംപിലേക്ക് കയറാനുള്ള എല്ലാ മാർഗവുമടച്ച് പ്രതിരോധമൊരുക്കി. പക്ഷേ, അപ്രതീക്ഷിത ബൗണ്‍സില്‍ പ്രതീക്ഷിച്ചതിലും ഉയരെ പറന്ന പന്ത് ബാറ്റിന്റെ എഡ്ജില്‍ തൊട്ട് ഓഫ് സ്റ്റംപിന്റെ ബെയിലിളക്കി. നടുക്കത്തിൽ കുറച്ചു നേരം പിച്ചിൽ നോക്കിനിന്ന ശേഷമാണ് ഗാറ്റിങ് ക്രീസ് വിട്ടുപോയത്.