ഡൽഹി ടെസ്റ്റിൽ ആദ്യദിനം ഇന്ത്യയ്ക്ക് സെഞ്ചുറിച്ചിരി

കോഹ്‌ലി ബാറ്റിങിനിടെ.

ന്യൂഡൽഹി∙ പ്രതിഫല വർധന ആവശ്യപ്പെടുന്നതു വെറുതേയല്ലെന്നും അതിനുള്ള ജോലി ചെയ്യുന്നുണ്ടെന്നും വിരാട് കോഹ്‍ലി വീണ്ടും തെളിയിച്ചു. ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തു മറ്റൊരു വിശ്വസ്തനെ തേടേണ്ടതില്ലെന്നു മുരളി വിജയ് വിളിച്ചുപറഞ്ഞു. ഫിറോസ്ഷാ കോട്‍ലയിൽ‌ ഇരട്ടനക്ഷത്രങ്ങളുദിച്ച ആദ്യദിനം ഇന്ത്യയ്ക്ക് ഉഗ്രൻ തുടക്കം. ലങ്കയ്ക്കു കണ്ടകശ്ശനി. ‌കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 371 റൺസ് എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയിലെ തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി റെക്കോർഡിട്ട കോഹ്‍ലി 156 റൺസുമായി ക്രീസിലുണ്ട്. മുരളി വിജയ് 155 റൺസെടുത്തു. പരമ്പരയ്ക്കു ക്ഷണിച്ചുവരുത്തിയിട്ട് ‘ഇങ്ങനെയൊക്കെ ചെയ്യാമോ’ എന്ന ഭാവമായിരുന്നു കളിയവസാനിക്കുമ്പോൾ ലങ്കൻതാരങ്ങളുടെ മുഖത്ത്.

മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് സൃഷ്ടിച്ച കോഹ്‍ലി ടെസ്റ്റിൽ 5000 റൺസും രാജ്യാന്തര ക്രിക്കറ്റിൽ 16000 റൺസും പിന്നിട്ടു. 52 പന്തുകളിൽനിന്നു തന്റെ വേഗമേറിയ അർധസെഞ്ചുറിയും ഇന്ത്യൻ നായകൻ ഇന്നലെ നേടി. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യൻ ഓപ്പണർമാർ‌‍ക്കായി സിലക്‌ഷൻ കമ്മിറ്റി തലപുകയ്ക്കുമ്പോൾ തന്റെ സ്ഥാനം ഭദ്രമാക്കുന്നതാണു മുരളി വിജയ്‌യുടെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറി. വിജയ്ക്കൊപ്പം നന്നായിത്തുടങ്ങിയ ശിഖർ ധവാൻ (23) തിസാര പെരേരയുടെ പന്തിൽ സ്വീപ് ഷോട്ടിനു ശ്രമിക്കുന്നതിനിടെ ക്യാച്ച് നൽകി പുറത്തായി. പതിവിലും വേഗത്തിൽ‌ റൺസ് കണ്ടെത്തിത്തുടങ്ങിയ ചേതേശ്വർ പൂജാരയെ ഗമാജെ പുറത്താക്കി (23). തുടർന്നു കോഹ്‍ലിയുമൊത്ത് 65 ഓവറുകൾ ബാറ്റുചെയ്ത വിജയ് 283 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടു സൃഷ്ടിച്ചശേഷമാണു മടങ്ങിയത്. രഹാനെ (1) പരമ്പരയിൽ വീണ്ടും നിരാശപ്പെടുത്തി. ആറു റൺസുമായി രോഹിത് ശർമയാണു ക്രീസിൽ.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പാതിതോറ്റ മനസ്സോടെയിറങ്ങിയ ലങ്കൻബോളർമാർ ആഭ്യന്തരമൽസരങ്ങളുടെ നിലവാരത്തിലാണു പന്തെറിഞ്ഞത്. കൈവിരിച്ചുനിന്ന ഫീൽഡർമാർക്കു നടുവിലൂടെ കോഹ്‍ലിയും വിജയ്‌യും ചേർന്നു നേടിയത് 29 ഫോറുകൾ! കവറില്‍ ആളില്ലാതിരിക്കെ ഓഫ് സ്റ്റംപിനു പുറത്ത് തുടരെ പന്തെറിഞ്ഞു പേസർ ഗമാജെയും ലെഗ് സൈഡി‍ലെ അഞ്ചു ഫീൽഡർമാരെ കാഴ്ചക്കാരാക്കി നിർത്തി അലക്ഷ്യമായ ഓഫ് സ്പിന്നെറിഞ്ഞ ദിൽറുവൻ പെരേരയും ലങ്കൻ ബോളിങ്ങിന്റെ നിലവാരത്തകർച്ച എടുത്തുകാട്ടി. ചൈനാമാൻ ബോളർ സന്ദകന്റെ പന്തുകൾക്കും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പരീക്ഷിക്കാനായില്ല.

ടെസ്റ്റിൽ ഈ വർഷത്തെ മൂന്നാമത്തെ സെഞ്ചുറിയാണ് മുരളി വിജയ് നേടിയത്. തുടർച്ചയായി രണ്ടാമത്തെയും. ആകെ സെഞ്ചുറികൾ പതിനൊന്ന്. 56.77 റൺസാണ് ഈ വർഷത്തെ ബാറ്റിങ് ശരാശരി.

രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമായി കോഹ്‍ലി. മറികടന്നത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെ. കോഹ്‍ലി 350 ഇന്നിങ്സിൽ ഈ നേട്ടത്തിലത്തിയപ്പോൾ അംലയ്ക്ക് 363 ഇന്നിങ്സ് വേണ്ടിവന്നു.

ഒരു കലണ്ടർ വർഷം കൂടുതൽ അർ‌ധ സെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ

∙ 20 വിരാട് കോഹ്‍ലി 

∙ 19 രാഹുൽ ദ്രാവിഡ് 

∙ 17 സൗരവ് ഗാംഗുലി 

∙ 15 മഹേന്ദ്രസിങ് ധോണി

സ്കോർ ബോർഡ് : ഇന്ത്യ ഒന്നാം ഇന്നിങ്സ് 

മുരളി വിജയ് സ്റ്റംപ് ഡിക്‌വെല്ല സി സന്ദകൻ – 155, ശിഖർ ധവാൻ സി ലക്‌‍മൽ ബി പെരേര – 23, ചേതേശ്വർ പൂജാര സി സമരവിക്രമ ബി ഗമാജെ – 23, വിരാട് കോഹ്‍ലി നോട്ടൗട്ട് – 156, അജിങ്ക്യ രഹാനെ സ്റ്റംപ് ഡിക്‌വെല്ല ബി സന്ദകൻ – ഒന്ന്, രോഹിത് ശർമ നോട്ടൗട്ട് – ആറ്. എക്സ്ട്രാസ് – ഏഴ്. ആകെ 90 ഓവറിൽ നാലിന് 371. 

വിക്കറ്റ് വീഴ്ച: 1–42, 2–78, 3–361, 4–365. ബോളിങ്: ലക്‌മൽ 14–2–50–0, ഗമാജെ 17–6–68–1, പെരേര 21–0–97–1, സന്ദകൻ 23–1–110–2, ധനഞ്ജയ 15–0–45–0.