ആദ്യഘട്ട ലേലത്തിൽ പഞ്ചാബാണ് താരം; ‘നാട്ടുകാർ’ക്കായി എറിഞ്ഞത് കോടികൾ

ബെംഗളൂരു ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 11–ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിൽ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ വൻ തോതിൽ പണം മുടക്കി കിങ്സ് ഇലവൻ പഞ്ചാബ്. താരലേലത്തിന് മുന്നോടിയായി താരങ്ങളെ നിലനിർത്താനുള്ള അവസരത്തിൽ അക്ഷർ പട്ടേലിനെ മാത്രം നിലനിർത്തിയ പഞ്ചാബ്, ലേലത്തിൽ വൻതോക്കുകളെയാണ് ടീമിലെത്തിച്ചത്. 11 കോടി രൂപയ്ക്ക് ടീമിലെടുത്ത ഇന്ത്യൻ താരം ലോകഷ് രാഹുലാണ് പഞ്ചാബ് നിരയിൽ ഇതുവരെയുള്ള സൂപ്പർതാരം.

കഴിഞ്ഞ സീസണിൽ 12 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സിലെത്തിയ യുവരാജ് സിങ്ങിനെ ഇത്തവണ ‘ചുളുവിലയ്ക്ക്’ പഞ്ചാബ് ടീമിലെടുത്തു. രണ്ടു കോടി രൂപയ്ക്കാണ് യുവിയെ പഞ്ചാബ് സ്വന്തം ‘നാട്ടിലേത്തിച്ചത്’. അതേസമയം, ചെന്നൈ നോട്ടമിട്ടിരുന്ന രവിചന്ദ്രൻ അശ്വിനാണ് ഇത്തവണ പഞ്ചാബ് നിരയിലെത്തിയ അപ്രതീക്ഷിത താരം. വാശിയേറിയ ലേലം വിളിക്കൊടുവിൽ 7.6 കോടി രൂപയ്ക്കാണ് അശ്വിനെ പഞ്ചാബ് സ്വന്തമാക്കിയത്.

ഇത്തവണ ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ വില ലഭിച്ച ആദ്യ നാലു പേരിൽ മൂന്നു താരങ്ങളും പഞ്ചാബിലാണ്. ലോകേഷ് രാഹുൽ (11 കോടി), രവിചന്ദ്രൻ അശ്വിൻ (7.6 കോടി), കരുൺ നായർ (5.6കോടി) എന്നിവരെയാണ് പഞ്ചാബ് വലയിലാക്കിയത്. മനീഷ് പാണ്ഡെയെ സൺറൈസേഴ്സ് ഹൈദരാബാദും 11 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്.

ഇവർക്കു പുറമെ, കൂറ്റനടികൾക്കു പേരുകേട്ട ഡേവിഡ് മില്ലർ, ആരോൺ ഫിഞ്ച്, മാർക്കസ് സ്റ്റോയ്നിസ് എന്നിവരെയും പഞ്ചാബ് സ്വന്തം കൂടാരത്തിലെത്തിച്ചു.