40 ലക്ഷം വച്ചാൽ 880 ലക്ഷം; ആദ്യ ദിനം ലേലത്തിലെ സൂപ്പർതാരം ഇദ്ദേഹമാണ്...

ഹാർദിക് പാണ്ഡ്യയുടെ സഹോദരൻ എന്ന നിലയ്ക്കു മുംബൈ ഇന്ത്യൻസിന്റെ ഭാഗമായതാണ് ക്രുണാൽ പാണ്ഡ്യ. കൊല്ലുന്ന അനിയനു തിന്നുന്ന ചേട്ടൻ എന്നു പറയാവുന്ന ഓൾറൗണ്ടർ. കൊലകൊമ്പൻമാരുള്ള മുംബൈ ഇന്ത്യൻസിനെ പോയ സീസണിലെ കിരീടത്തിലെത്തിച്ചാണു ക്രുണാൽ കരുത്തറിയച്ചത്. കഴിഞ്ഞ കലാശപ്പോരാട്ടത്തിന്റെ താരമായ ക്രുണാലിനെ സ്വന്തമാക്കാൻ ഇക്കുറി ടീമുകൾ കണ്ണടച്ചു ലേലം വിളിക്കുന്ന കാഴ്ചയായിരുന്നു ബെംഗളൂരുവിൽ ഇന്നു കണ്ടത്.

വെറും 40 ലക്ഷം രൂപ അടിസ്ഥാനവിലയിൽ തുടങ്ങിയ ലേലം റോക്കറ്റ് മട്ടിലാണ് കുതിച്ചുകയറിയത്. തുടക്കത്തിലെ പോരാട്ടം റോയൽ ചാലഞ്ചേഴ്സും റോയൽസും തമ്മിൽ. ഇടയ്ക്കു സൺറൈസേഴ്സിന്റെ ഉദയം വന്നു. കോടികൾ കയറി ഇറങ്ങിയ വിളി ഒടുവിൽ 8.8കോടിക്കു ചാലഞ്ചേഴ്സ് തന്നെ ഉറപ്പിച്ചു.

ബെംഗളൂരിന്റെ ആഹ്ലാദം പക്ഷേ മുംബൈയുടെ റൈറ്റ് ടു മാച്ച് കാർഡ് ഉയരും വരെ മാത്രമായിരുന്നു. ഇരുപത്താറുകാരൻ ഹീറോയെ മുംബൈ വീണ്ടും പിടിച്ചതോടെ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ അൺക്യാപ്ഡ് താരമെന്ന റെക്കോർഡും ക്രുണാലിന്റെ പേരിലായി.