ഇടത്തുനിന്ന് നോക്കിയാൽ കോഹ്‍ലി, വലത്തുനിന്ന് നോക്കിയാൽ യുവി; ശുബ്മാൻ ഒരു സംഭവമാണ്!

ന്യൂഡൽഹി ∙ ഇടത്തുനിന്നു നോക്കിയാൽ വിരാട് കോഹ്‌ലി, വലത്തുനിന്ന് യുവരാജ് സിങ്; ചില നേരങ്ങളിൽ തിലകരത്നെ ദിൽഷൻ... മുൻ ഓസീസ് നായകൻ സ്റ്റീവ് വോയെപ്പോലെ ചുവന്ന തൂവാല പോക്കറ്റിൽ തിരുകി കളിക്കെത്തുന്ന പതിനെട്ടുകാരൻ ശുബ്മാൻ ഗിൽ ഇവരിൽ ഒരാളല്ല, ഇവരെല്ലാമാണ്! അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ സെഞ്ചുറി (102*), ഒറ്റദിവസംകൊണ്ടു പതിനെട്ടുകാരൻ പഞ്ചാബിപ്പയ്യന്റെ തലവരതന്നെ തിരുത്തിക്കളഞ്ഞു. ശുബ്മാന്റെ മസിൽ പവർ മനക്കണ്ണിൽ കണ്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 1.8 കോടി രൂപ വിലയിട്ടു പയ്യനെ കൊത്തിയതും വെറുതേയല്ല.

മൊഹീന്ദർ അമർനാഥിൽ തുടങ്ങി നവ്ജ്യോത് സിദ്ദുവിലൂടെ യുവരാജ് സിങ്ങിലെത്തിയ പഞ്ചാബിക്കരുത്തിന്റെ അടയാളങ്ങളുള്ള പുതിയ താരോദയമാണു ശുബ്മാൻ ഗിൽ. ലോകകപ്പ് ഗ്രൂപ്പ് ലീഗിലെ രണ്ടാം മൽസരത്തിൽ, സിംബാബ്‌വെ പേസർ നുംഗുവിനെ ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ ഒരു പുൾഷോട്ടിൽ സിക്സറിനു പറത്തിയിരുന്നു, ശുബ്മാൻ. കഴിഞ്ഞ ജനുവരിയിൽ പുണെയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ വിരാട് കോഹ്‌ലി നേടിയ സിക്സറിനോടു വല്ലാത്ത സാമ്യമുണ്ടായിരുന്നു ആ ഷോട്ടിന്. അതിനു മാത്രമല്ല, ലോകകപ്പിൽ ഇതുവരെ ശുബ്മാൻ നേടിയ 341 റൺസിൽ, ഉത്തരേന്ത്യയിൽനിന്നു വന്ന ഇന്ത്യൻ ക്രിക്കറ്റർമാരുടെ മാസ്റ്റർപീസ് ഷോട്ടുകളെല്ലാം വീണ്ടും പിറന്നു.

പഞ്ചാബിലെ കർഷക ഗ്രാമമായ ഫസിൽക്കയിലെ വിശാലമായ കൃഷിയിടംപോലും ഉപേക്ഷിച്ച് മകനു ക്രിക്കറ്റ് കളിച്ചു വളരാൻ മൊഹാലിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ശുബ്മാന്റെ പിതാവ് ലാഖ്‌വിന്ദറിനു സന്തോഷിക്കാൻ ഇതിലധികം എന്തു വേണം? ഇന്നലെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങാൻ വേദിയിലെത്തിയപ്പോൾ ശുബ്മാൻ പറഞ്ഞു: ദ്രാവിഡ് സാർ (പരിശീലകൻ രാഹുൽ ദ്രാവിഡ്) എന്നോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ – പന്ത് പൊക്കിയടിക്കരുത്. ഗ്രൗണ്ട് ഷോട്ടുകൾക്കു പരമാവധി ശ്രമിക്കുക.

ആദ്യ 50 റൺസ് നേടുന്നതിനിടെ ശുബ്മാൻ തന്റെ പല ട്രേഡ് മാർക്ക് ഷോട്ടുകളും വേണ്ടെന്നുവച്ചു. ഷോർട്ട് ആം ജാബ്, അപ്പർ കട്ട് തുടങ്ങിയ ആക്രമണോൽസുക ഷോട്ടുകൾക്കു പകരം സിംഗിളുകളും ഡബിളുകളുമായിരുന്നു കൂടുതലും. ഒരു സിക്സർ പോലുമില്ലാതിരുന്ന 102 റൺസ് ഇന്നിങ്സിലുണ്ടായിരുന്നത് ഏഴു ബൗണ്ടറികൾ മാത്രം. എന്നിട്ടും സ്ട്രൈക്ക് റേറ്റ് 108.5. അതിനു പിന്നിലുണ്ടൊരു കഥ: മുൻപു ചണ്ഡിഗഡിലെ മൈതാനത്ത് ലെഗ് സൈഡ് കെട്ടിയടച്ചു വച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അന്ന് അധികവും കളിച്ചതു സ്ട്രൈറ്റ്, ഓഫ് സൈഡ് ഷോട്ടുകളായിരുന്നു. സിംഗിളും ഡബിളും അനായാസം നേടുന്നതിൽ അതു ശുബ്മാനു തുണയായി.

ഓരോ റണ്ണിനും നോൺ സ്ട്രൈക്കർ എൻഡിലെ കളിക്കാരനെ വിളിക്കുന്നതിൽപോലുമുണ്ട് ശുബ്മാൻ സ്റ്റൈൽ എന്നു വിദഗ്ധർ വിലയിരുത്തുന്നു. മനസ്സിലുറപ്പിച്ചാണ് ഓരോ റണ്ണും. അഞ്ചിനു 166 എന്ന നിലയ്ക്ക് ഇന്ത്യ പരുങ്ങിയ സമയത്താണ്, പ്രായത്തെ മറികടക്കുന്ന ശുബ്മാന്റെ മനസ്സാന്നിധ്യം പുറത്തുകണ്ടത്. ശുബ്മാൻ ശാന്തനായിരുന്നു; ഇന്ത്യൻ സ്കോർ 250 കടക്കാൻ കഴിഞ്ഞതും അതുകൊണ്ടുമാത്രം.

പോക്കറ്റിൽ ചുവന്ന തൂവാല സൂക്ഷിക്കുന്നതിൽ ഒരു ‘വിശ്വാസ’കഥകൂടിയുണ്ട് ശുബ്മാനു പറയാൻ. അണ്ടർ 16 ക്രിക്കറ്റ് കാലത്തു മോശം ഫോമിൽ നിൽക്കെ ഒരു ദിവസം പോക്കറ്റിലുണ്ടായിരുന്നതു വെള്ളത്തൂവാല. ഓടുന്നതിനിടെ നിലത്തു വീണും പൊടിപറ്റിയും അതാകെ വൃത്തികേടായി. ആ കളിയിൽ സെഞ്ചുറി നേടിയ ശുബ്മാൻ അടുത്ത ദിവസം പോക്കറ്റിലിട്ടതു ചുവന്ന തൂവാലയായിരുന്നു. അന്നും സെഞ്ചുറി നേടിയതോടെ ചുവന്ന തൂവാല വിശ്വാസത്തിന്റെ നിറമുള്ള ഒരു ശീലമായി.

ഫൈനൽ പ്രവേശത്തിന്റെ ആഹ്ലാദപ്പിച്ചിൽ ഇന്ത്യൻ കൗമാരക്കൂട്ടം നിൽക്കെ, അഭിഷേക് ശർമ ശുബ്മാനെക്കുറിച്ചൊരു പരാതി പറഞ്ഞു: കൂട്ടത്തിൽ ഏറ്റവും വലിയ പിശുക്കനാണു ശുബ്മാൻ. ഇംഗ്ലണ്ട് പര്യടനത്തിൽ സെഞ്ചുറിയടിച്ചതിന് അവൻ ഇതുവരെ ചെലവു ചെയ്തിട്ടില്ല. അണ്ടർ 19 ലോകകപ്പ് ഫൈനലിനുശേഷം ശുബ്മാൻ ആ ചെലവു നടത്തുമെന്നു പ്രതീക്ഷിക്കാം!