‘ഞങ്ങൾക്കു നന്നായി അറിയാം, ടെസ്റ്റിലെ പോലെ ഏകദിനത്തിലും കോഹ്‌ലിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. ആ വിക്കറ്റ് നേടാനായാൽ കളി പിടിക്കാൻ എളുപ്പമാണ്’. ഡർബനിലെ ആദ്യ ഏകദിനം നടക്കുന്നതിനു തൊട്ടുമുൻപ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നയം വ്യക്തമാക്കി. ഡുപ്ലെസിക്കറിയാം എത്ര വിലപ്പെട്ടതാണ് കോഹ്‌ലിയുടെ വിക്കറ്റെന്ന്, അതുകൊണ്ടാണ് റൺസെടുക്കും മുൻപേ കോഹ്‌ലിയുടെ ബാറ്റിലുരസിയ പന്തിനു പിന്നാലെ നെടുനീളൻ ചാട്ടത്തിന് ആ ക്യാപ്റ്റൻ മുതിർന്നത്.
ചാട്ടത്തിനും അപ്പുറമായിരുന്നു പന്ത്, ഡുപ്ലെസിയുടെ വിരലിലുരസി, അത് പാട്ടിനുപോയി. ആ ഉരസലിൽ ഉലഞ്ഞത് ദക്ഷിണാഫ്രിക്കൻ ടീമാണ്. ക്യാപ്റ്റന്റെ വിരലിനു പൊട്ടൽ ആറാഴ്ചത്തേക്ക് വിശ്രമം. സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സിന്റെ അഭാവം തന്നെ ക്ഷീണിപ്പിച്ച ബാറ്റിങ് നിരയ്ക്ക് ഫോമിലുള്ള ഡുപ്ലെസിയെക്കൂടെ നഷ്ടമാകുന്നത് സ്വന്തം നാട്ടിൽ പോലും മുൻഗണന നഷ്ടമാക്കുകയാണ്.
മർക്രാം കാലം വരുമോ?
സെഞ്ചൂറിയനിലെ രണ്ടാം ഏകദിനത്തിനിറങ്ങുമ്പോൾ പ്രോട്ടിയാസിനെ മുന്നിൽ നിന്നു നയിക്കാനുള്ളത് മൂന്ന് ഏകദിനംപോലും കളിച്ചിട്ടില്ലാത്ത എയ്ഡൻ മർക്രാമാണ്. അണ്ടർ 19 ക്രിക്കറ്റിൽ കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയെ കിരീടം ചൂടിച്ച മർക്രാമിന് മറ്റൊരു ഗ്രേം സ്മിത്താകാനായിരിക്കും നിയോഗം. ക്യാപ്റ്റനാകുമ്പോൾ സ്മിത്തിനു പ്രായം 22. ഇപ്പോൾ മക്രാമിനും 22. പുതുമുഖമായിരുന്ന സ്മിത്തിനെ നായകനാക്കിയത് വർഷങ്ങൾക്കു മുൻപ് ക്രിക്കറ്റ് ലോകത്തിന് അദ്ഭുതമായിരുന്നു. എന്നാൽ മികച്ച ബാറ്റിങ്ങിലൂടെയും അതിലുംപോന്ന ക്യാപ്റ്റൻസിയിലൂടെയും ദീർഘനാൾ ദക്ഷിണാഫ്രിക്കയെ മുൻനിരയിൽ നയിക്കാൻ അദ്ദേഹത്തിനായി. സ്മിത്തിനുശേഷം ഡിവില്ലിയേഴ്സും അംലയുമടക്കമുള്ള വമ്പൻമാർ ടീമിനെ നയിച്ചെങ്കിലും ശരിക്കും ഒരു ക്യാപ്റ്റൻസി മെറ്റീരിയലിനെ കണ്ടെത്താൻ ദക്ഷിണാഫ്രിക്കയ്ക്കായിട്ടില്ല.
അതിനാൽ ശേഷിക്കുന്ന അഞ്ചു മൽസരങ്ങൾ മാത്രമായിരിക്കില്ല, നീണ്ടു നിവർന്നു നിൽക്കുന്ന ഭാവികൂടി ലക്ഷ്യമിട്ടുള്ള തീരുമാനമായിരിക്കണം ടീം സിലക്ടർമാരുടേത്. എങ്കിലും ഇത്രയ്ക്കു പുത്തനായിരുന്നില്ല സ്മിത് അപ്പോൾ 22 ഏകദിനത്തിന്റെ വാല്യമുണ്ടായിരുന്നു, ഒരു വർഷത്തോളം ടീമിനൊപ്പം നിന്ന പരിചയവും അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു. ഇത്രയൊക്കെയാണെങ്കിലും മർക്രാമിനു ക്യാപ്റ്റൻസിയിൽ പരിചയമില്ലെന്നു മാത്രം പറയാൻ പറ്റില്ല. ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷം പര്യടനം നടത്തിയ ദക്ഷിണാഫ്രിക്ക എ ടീമിന്റെ ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇപ്പോൾ ടൈറ്റൻസിനെ നയിക്കുന്നു.
കളിയെന്താകും?
ആദ്യ കളി തോറ്റ് ബാക് ഫൂട്ടിലാണിപ്പോൾ ദക്ഷിണാഫ്രിക്ക. ആറുകളികളുള്ള പരമ്പരയിൽ ആദ്യ തോൽവി അത്ര പ്രശ്നമൊന്നുമല്ല. എന്നാൽ ഒന്നുകൂടെ തോറ്റാൽ നിലവിലെ സാഹചര്യത്തിൽ ടീമിൽ കൂടുതൽ സമ്മർദമേറും. ഫോമിലുള്ള കോഹ്‌ലിയും രഹാനെയും അടക്കമുള്ള ഫുൾ ഫിറ്റ് ഇന്ത്യയെയാണ് ഡിവില്ലിയേഴ്സും ഡുപ്ലെസിയുമില്ലാത്ത ടീം നേരിടേണ്ടത്. മർക്രാമിന്റെ ആദ്യ ദൗത്യം കടുക്കുമെന്നു തീർച്ച. ഡീ കോക്കും അംലയും ഇന്ത്യയോട് ഇത്തവണ അത്രമെച്ചപ്പെട്ട പ്രകടനം നടത്തിയവരല്ല. ഇരുവരും മികച്ച തുടക്കം നൽകിയില്ലെങ്കിൽ ടീമിനു കാര്യങ്ങൾ ബുദ്ധിമുട്ടാകും. ശക്തി കുറഞ്ഞ മധ്യനിര റിസ്റ്റ് ബോളർമാർക്കു മുന്നിൽ അന്തം വിട്ടത് ഡർബനിൽ കണ്ടതാണ്.
സെഞ്ചൂറിയനിൽ പിച്ച് വ്യത്യസ്തമാകാമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ കുൽദീപും ചാഹലും വിക്കറ്റുമടിച്ചു പോകും. മാനസികമായി ഇന്ത്യ പരമ്പരയിൽ മേധാവിത്വം നേടിക്കഴിഞ്ഞെങ്കിലും റബാദയും മോർക്കലുമടങ്ങുന്ന പേസ് കൊടുങ്കാറ്റുകൾ തിരിച്ചു വരുന്നത് കരുതിയിരിക്കണം. അംലയും ഡീ കോക്കും ഡുമിനിയുമൊന്നും എല്ലാ മൽസരത്തിലും പരാജയപ്പെടുമെന്നും കരുതാനാകില്ലല്ലോ.. ഒരു അഡാർ പ്രകടനം അതാണ് ദക്ഷിണാഫ്രിക്ക കാത്തിരിക്കുന്നത്. അതുണ്ടായാൽ ഒരു പക്ഷേ ഇതുവരെ കണ്ടതായിരിക്കില്ല കളി...