തകർക്കാനാകാത്ത വിശ്വാസം; വിജയത്തിനു പിന്നിൽ ‘വൻമതിൽ’ മികവ്

ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റന്‍ പൃഥ്വി ഷായും

മൗണ്ട് മൗഗ്നൂയി ∙ഉടലും മനവും ഉലയാതെ ക്രീസിൽ കാവൽ നിന്ന രാഹുൽ ശരദ് ദ്രാവിഡിന്റെ ഏകാഗ്രതയായിരുന്നു ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ മൂലമന്ത്രം. വിജയത്തിലേയ്ക്കു നീളുന്ന പാലമായി, തോൽവിക്കു മുന്നിലുയരുന്ന മതിലായി ഒന്നര ദശാബ്ദത്തിലേറെക്കാലം ആ കർണാടകക്കാരൻ ഇന്ത്യയുടെ രക്ഷാകവചമായി. ആഘോഷിക്കപ്പെടുന്നതായിരുന്നില്ല ദ്രാവിഡിന്റെ ദൗത്യങ്ങൾ. പലപ്പോഴും എതിരാളികൾ പോലും ആദരിക്കുന്ന പോരാട്ടങ്ങളായിരുന്നുവത്. വിദേശമണ്ണിൽ പോലും ഇന്ത്യയുടെ തല ഉയർത്തി നിർത്തിയ ദ്രാവിഡവീര്യത്തിനു കരിയർ കഴിഞ്ഞിട്ടും പാഡ് അഴിയുന്നില്ല. നാളത്തെ താരങ്ങളുടെ കാവലാളായി താനുണ്ടെന്ന ദ്രാവിഡിന്റെ വിളംബരമാണ് ന്യൂസീലൻഡിലെ ലോകകപ്പ് വിജയം. 

രണ്ടു വർഷം മുൻപ് നടന്ന അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ ആവേശത്തിനു മുന്നിൽ കൈവിട്ട കിരീടമാണ് ഇന്നലെ ദ്രാവിഡ് തിരിച്ചുപിടിച്ചത്. 

വിശാലമായ ഒരുക്കമാണു ദ്രാവിഡ് നടത്തിയത്. മുൻ ലോകകപ്പിലൂടെ ശ്രദ്ധേയരായ വാഷിങ്ടൺ സുന്ദറും മഹിപാൽ ലോംറോറും പോലുള്ള പരിചയസമ്പന്നർ തിരഞ്ഞെടുപ്പിനുണ്ടായിട്ടും ദ്രാവിഡ് എളുപ്പവഴിയിലൂടെ സഞ്ചരിച്ചില്ല. പൃഥ്വി ഷാ പോലുള്ള ഉറപ്പുള്ള താരങ്ങളെ രഞ്ജി ട്രോഫിയുടെ പരീക്ഷണത്തിനു പറഞ്ഞയച്ചു. അടുത്തിടെ നടന്ന ഏഷ്യ കപ്പിലെ തിരിച്ചടിയിലാണ് മുപ്പതിലേറെ താരങ്ങളെ അണിനിരത്തിയ പരീക്ഷണം കലാശിച്ചത്. പൊരുതിത്തോൽക്കുന്നതും നല്ല ഫലമാണെന്ന ദ്രാവിഡിന്റെ തന്നെ വാക്കുകൾ ശരി വയ്ക്കുന്നതാണ് ഈ കിരീടവിജയം.