ബെംഗളൂരു ∙ ന്യൂസീലൻഡിൽ സമാപിച്ച അണ്ടർ 19 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശുഭ്മാൻ ഗില്ലിന് റൺസിനോടുള്ള ‘ആർത്തി’ തീരുന്നില്ല. അണ്ടർ 19 ലോകകപ്പിലെ പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ കവർന്ന ഗിൽ, സമാനമായ പ്രകടനത്തിലൂടെ വിജയ് ഹസാരെ ട്രോഫിയിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. കരുത്തരായ കർണാടകയ്ക്കെതിരായ മൽസരത്തിൽ വിജയം നേടാൻ പഞ്ചാബിനെ പ്രാപ്തരാക്കിയതും ശുഭ്മാന്റെ പ്രകടനം തന്നെ.
മഴമൂലം 42 ഓവർ ആക്കി വെട്ടിച്ചുരുക്കിയ മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നേടിയത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 269 റൺസ്. കർണാടകയുടെ മറുപടി 42 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 265ൽ അവസാനിച്ചു. പഞ്ചാബിന് സ്വന്തമായത് നാലു റൺസിന്റെ ആവേശജയം. ഒൻപത് ഓവറിൽ 47 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സിദ്ധാർഥ് കൗളാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
അണ്ടർ 19 ലോകകപ്പിലെ ഫോം തുടർന്ന ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയായിരുന്നു പഞ്ചാബ് ഇന്നിങ്സിന്റെ ഹൈലൈറ്റ്. 122 പന്തിൽ എട്ടു ബൗണ്ടറിയും ആറു സിക്സും ഉൾപ്പെടെ ഗിൽ പുറത്താകാതെ നേടിയത് 123 റൺസ്. ലിസ്റ്റ് എ മൽസരങ്ങളിൽ ഹർഭജൻ സിങ്, യുവരാജ് സിങ് എന്നിവർക്കു ശേഷം ഒരു ഇന്നിങ്സിൽ ആറ് സിക്സ് നേടുന്ന ആദ്യ പഞ്ചാബി താരമായും ഗിൽ മാറി.
ഓപ്പണിങ് പങ്കാളി മനൻ വോഹ്റ ഇന്നിങ്സിന്റെ ആദ്യ പന്തിൽ പുറത്തായശേഷം രണ്ടാം വിക്കറ്റിൽ മൻദീപ് സിങ്ങിനൊപ്പം 125 റൺസിന്റെ കൂട്ടുകെട്ടു തീർക്കാനും ഗില്ലിനായി. മൻദീപ് സിങ് 76 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 64 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ചാണ് ഗിൽ പഞ്ചാബ് സ്കോർ 250 കടത്തിയത്. യുവരാജ് 28 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഗിൽ–യുവരാജ് സഖ്യം 79 റൺസിന്റെ കൂട്ടുകെട്ടും സ്ഥാപിച്ചു. നാലാം വിക്കറ്റിൽ ഗുർകീരത് സിങ്ങിനൊപ്പം 63 റൺസിന്റെ കൂട്ടുകെട്ടും തീർത്ത ശുഭ്മാൻ, ഇന്ത്യൻ സീനിയർ ടീമിലേക്ക് തനിക്കധികം ദൂരമില്ലെന്നു തെളിയിക്കുന്ന പ്രകടനത്തോടെയാണ് തിരിച്ചുകയറിയത്.
കരുൺ നായർ, ലോകേഷ് രാഹുൽ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ കരുത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക മികച്ച പ്രകടനം നടത്തിയെങ്കിലും വിജയത്തിലെത്താനായില്ല. സെഞ്ചുറി നേടിയ ലോകേഷ് രാഹുലിനും ടീമിന് വിജയം സമ്മാനിക്കാൻ സാധിച്ചില്ല. 91 പന്തുകൾ നേരിട്ട രാഹുൽ, എട്ടു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 107 റൺസെടുത്തു പുറത്തായി. ദേശ്പാണ്ഡെ 51 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 53 റൺസെടുത്തു.