കളി കാര്യമായി; വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ താരത്തിന് പിഴ - വിഡിയോ

തമാശയ്ക്ക് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ ഒാസ്ട്രേലിയൻ ക്രിക്കറ്റ് താരത്തിന് ലഭിച്ചത് അപൂർവ പിഴ. ബ്രിസ്ബേനിലെ ഗാബ സ്റ്റേഡിയത്തിൽ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചിലാണ് ഓസ്ട്രേലിയന്‍ താരം മാത്യു റെൻ‍ഷോയ്ക്ക് അംപയർ പിഴ വിധിച്ചത്. സ്വന്തം ടീമായ ക്വീൻസ് ലാൻഡിന് റെന്‍ഷോയുടെ പ്രവൃത്തിമൂലം അഞ്ച് റൺസാണ് പിഴയായി വിട്ടു നൽകേണ്ടിവന്നത്. 

ബാറ്റ്സ്മാന്‍ സ്ക്വയര്‍ ലെഗിലേക്ക് അടിച്ച പന്ത് പിടിക്കുന്നതിനായി വിക്കറ്റ് കീപ്പറായ ജിമ്മി പിയേഴ്സണ്‍ ഗ്ലൗസ് ഊരിയിട്ട ശേഷം പന്തിനു പിന്നാലെ ഓടുകയായിരുന്നു. അപ്പോൾ ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന റെന്‍ഷോ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് ഒടി വരുകയും അവിടെ കിടന്ന ഗ്ലൗസെടുത്തിടുകയുമായിരുന്നു. ജിമ്മിയെടുത്തെറിഞ്ഞ പന്ത് ഗ്ലൗസ് ഇട്ട കൈകൊണ്ട് റെന്‍ഷോ പിടിച്ചു. തുടർന്ന് വിക്കറ്റ് കീപ്പർക്കുതന്നെ താരം ഗ്ലൗസ് തിരികെ നൽകി. എന്നാൽ ഇത് വലിയ പൊല്ലാപ്പാകുമെന്ന് റെൻഷോ കരുതിയില്ല. 

ഐസിസിയുടെ 27.1 നിയമപ്രകാരം വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് ക്രിക്കറ്റ് ഫീൽഡിൽ ഗ്ലൗസ് ധരിക്കാനുളള അനുവാദം. അതുകൊണ്ടുതന്നെ അംപയര്‍ ക്വീൻസ് ലാൻഡ് ടീമിന് അഞ്ച് റണ്‍സ് പിഴ വിധിക്കുകയായിരുന്നു. തമാശയ്ക്കാണ് താൻ ഇങ്ങനെ ചെയ്തതെന്ന് റെൻഷോ മൽസരശേഷം പറഞ്ഞു. ഐസിസി നിയമത്തെക്കുറിച്ച് അപ്പോൾ ചിന്തിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. അഞ്ച് റണ്‍സ് വിട്ടു കൊടുക്കേണ്ടി വന്നെങ്കിലും ക്വീൻസ് ലാൻഡ് മത്സരത്തില്‍ 211 റൺസിന് വിജയിച്ചു. ഇരുപത്തിയൊന്നുകാരനായ റെൻഷോ ഓസ്ട്രേലിയയ്ക്കായി പത്ത് ടെസ്റ്റ് മൽസങ്ങൾ കളിച്ചിട്ടുണ്ട്.