ചെന്നൈ∙ കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഷെയ്ൻ വാട്സൻ എങ്ങനെ നാലു കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലെത്തി? അതും രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം. ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വാട്സനെ ടീമിലെത്തിച്ചതെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥന്റെ വാദം.
കഴിഞ്ഞ ഐപിഎൽ സീസണിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ അത്ര ആശാസ്യമായ സീസണായിരുന്നില്ല വാട്സന്. എട്ടു മൽസരങ്ങളിൽനിന്ന് വെറും 71 റൺസ് മാത്രമാണ് വാട്സന് നേടാനായത്. കോഹ്‍ലിയുടെ അഭാവത്തിൽ പലപ്പോഴും ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ട താരം കൂടിയായിരുന്നു വാട്സൻ. ബോളിങ്ങിലും അത്രകണ്ട് ശോഭിക്കാൻ വാട്സനായിരുന്നില്ല. 9.13 എന്നതായിരുന്നു വാട്സന്റെ ഇക്കോണമി റേറ്റ്.
എന്നിട്ടും വാട്സന്റെ അടിസ്ഥാന വിലയുടെ നാലിരട്ടി നൽകിയാണ് ചെന്നൈ സൂപ്പർ കിങ്സ് താരത്തെ കൂടെക്കൂട്ടിയത്. അതായത് നാലു കോടി രൂപ. ഐപിഎല്ലിനു ശേഷമെത്തിയ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലും ഇപ്പോൾ നടന്നുവരുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിലും വാട്സൻ പുറത്തെടുക്കുന്ന പ്രകടനമാണ് അതിനു കാരണമെന്നാണ് കാശി വിശ്വനാഥന്റെ പക്ഷം.
ടീമിലെത്തിക്കേണ്ട താരങ്ങളെക്കുറിച്ച് ക്യാപ്റ്റൻ ധോണിയുമായി സംസാരിക്കുന്ന അവസരത്തിൽ ആദ്യം ഉയർന്നുവന്ന പേരുകളിലൊന്നായിരുന്നു വാട്സന്റേത്. താരത്തെ ടീമിലെത്തിക്കാൻ എത്ര രൂപ മുടക്കാനും ചെന്നൈ തയാറായിരുന്നുവെന്നും സിഇഒ വ്യക്തമാക്കി.
ഓൾറൗണ്ടർ എന്ന നിലയിൽ വാട്സനെ വെല്ലാൻ സാധിക്കുന്നവർ ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് അധികമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2017/18 ബിഗ് ബാഷ് ലീഗിൽ 331 റൺസ് നേടിയ വാട്സൻ മികച്ച ഫോമിലായിരുന്നു. കൂടുതൽ റൺസെടുത്ത അഞ്ചു പേരിൽ വാട്സനുമുണ്ടായിരുന്നു. ഇപ്പോൾ നടന്നു വരുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായ വാട്സൻ മികച്ച ഫോമിലാണ്. എട്ടു മൽരങ്ങളിൽനിന്ന് 299 റൺസും 6.96 ഇക്കോണമി റേറ്റിൽ 10 വിക്കറ്റുമാണ് വാട്സന്റെ സമ്പാദ്യം.
അതേസമയം, വാട്സനെ ടീമിൽ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ് ശ്രമിച്ചതേയില്ല. ഒത്തുകളി വിവാദത്തിനു പിന്നാലെ വിലക്കു ലഭിച്ച ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുവരവിൽ കിരീടമാണ് ലക്ഷ്യമിടുന്നത്. മഹേന്ദ്രസിങ് ധോണി നേതൃത്വം നൽകുന്ന ടീമിൽ പഴയ സൂപ്പർതാരങ്ങൾക്കൊപ്പമാണ് ഇക്കുറി വാട്സനും ഇടം പിടിച്ചത്.