ജൊഹാനസ്ബർഗ് ∙ വിവാദച്ചുഴിയിൽപ്പെട്ട ഓസ്ട്രേലിയൻ ടീമിനെതിരെ നാലാം ടെസ്റ്റിൽ വിജയത്തോടെ അപൂർവ പരമ്പര വിജയം സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്ക. 2–1നു പരമ്പരയിൽ മുന്നിൽനിൽക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കു ടെസ്റ്റ് സമനിലയിൽ എത്തിച്ചാൽപോലും നേട്ടമാണ്. 1969–70നു ശേഷം സ്വന്തം മണ്ണിൽ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര നേടാൻ ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞിട്ടില്ല. അലി ബാക്കറിനു കീഴിൽ 4–0ന് ആയിരുന്നു ദക്ഷിണാഫ്രിക്ക നാലു പതിറ്റാണ്ടുകൾക്കു മുൻപു വിജയം കുറിച്ചത്.
എന്നാൽ വിജയം അനായാസമല്ലെന്നു ടീമംഗങ്ങളെ ദക്ഷിണാഫ്രിക്കൻ കോച്ച് ഓട്ടിസ് ഗിബ്സൺ ഓർമപ്പെടുത്തുന്നു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവരുടെ സാന്നിധ്യമില്ലെങ്കിലും മികച്ച പോരാട്ടം നടത്താൻ കഴിയുന്നവരാണു ഓസ്ട്രേലിയ. ഓസീസ് ഫാസ്റ്റ് ബോളിങ് നിരയുടെ പ്രകടനം അതുല്യമാണെന്നും അദ്ദേഹം പറയുന്നു.
സ്മിത്തിനും വാർണർക്കും പരമ്പരയിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പകരമെത്തുന്ന മാറ്റ് റെൻഷോ, ജോ ബേൺസ്, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നു. വാർണറിന്റെയും ബാൻക്രോഫ്റ്റിന്റെയും സ്ഥാനത്തു റെൻഷോയും ബേൺസുമാവും ഓപ്പണർമാർ. ടിം പെയ്നാണ് ക്യാപ്റ്റൻ. സ്മിത്തിന്റെ സ്ഥാനത്തു പീറ്റർ ഹാൻഡ്സ്കോംബും എത്തിയേക്കാം.