നോമ്പു സമയത്ത് കേക്കുമുറിച്ചു; ക്ഷമ ചോദിച്ച് വഖാർ

വസിം അക്രത്തിനൊപ്പം കേക്കു മുറിക്കാനൊരുങ്ങുന്ന റമീസ് രാജയും (ഇടത്) വഖാർ യൂസിനും (നടുവിൽ). ട്വിറ്ററിൽ പ്രചരിക്കുന്ന ചിത്രം.

ഹെഡ്‌ലിങ്‌ലി∙ റമസാൻ മാസത്തിലെ നോമ്പിന്റെ സമയത്ത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്കുമുറിച്ച മുൻ പാക്കിസ്ഥാൻ പേസ് ബോളർ വഖാർ യൂനിസ് വിവാദക്കുരുക്കിൽ. പഴയ സഹതാരം വസിം അക്രത്തിന്റെ ജൻമദിനത്തിലാണ് വഖാറും സംഘവും കേക്കു മുറിച്ചത്. ലോകവ്യാപകമായി ഇസ്‍ലാം മതവിശ്വാസികൾ നോമ്പ് ആചരിക്കുമ്പോൾ, കേക്കു മുറിച്ച് ആഘോഷിക്കാൻ തുനിഞ്ഞ അക്രത്തിനും വഖാറിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്.

ഇതോടെ, സംഭവിച്ചുപോയ തെറ്റിന് ക്ഷമ ചോദിച്ച് വഖാർ രംഗത്തെത്തി. ‘ഇന്നലെ വസിം ഭായിയുടെ ജൻമദിനത്തിൽ കേക്കു മുറിച്ചതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. റമസാൻ മാസമാണെന്നതും നോമ്പ് അനുഷ്ഠിക്കുന്നവരുടെ വികാരവും പരിഗണിക്കേണ്ടതായിരുന്നു. ഞങ്ങളുടെ ഭാഗത്തുനിന്ന് തീർത്തും അശ്രദ്ധമായ പെരുമാറ്റമാണുണ്ടായത്. മാപ്പ്’ – വഖാർ ട്വിറ്ററിൽ കുറിച്ചു.

പാക്കിസ്ഥാൻ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വസിം അക്രത്തിന്റെ 52–ാം ജന്മദിനം. ഇതിനിടെയാണ് മുൻ താരങ്ങളായ റമീസ് രാജ, വഖാർ യൂനിസ് എന്നിവർക്കൊപ്പം പ്രസ് ബോക്സിൽ അക്രം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്.

ആഘോഷത്തിനു തൊട്ടുപിന്നാലെ ഇവർ കേക്കു മുറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതോടെ പാക്കിസ്ഥാനിൽനിന്ന് ഇവർക്കെതിരെ കടുത്ത വിമർശനം ഉയർന്നു. ഈ സാഹചര്യത്തിലാണ് മാപ്പപേക്ഷയുമായി വഖാർ രംഗത്തെത്തിയത്.