കിവി വനിതാ ടീം നാലിന് 490; റെക്കോർഡ് ടോട്ടൽ!

സൂസി ബേറ്റ്സ്

ഡബ്ലിൻ ∙ ഏകദിന ക്രിക്കറ്റിലെ പുരുഷ മേൽക്കോയ്മയ്ക്കും മേലെ ന്യൂസീലൻ‍ഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ ഗ്രാൻഡ് ടോട്ടൽ! അയർലൻഡ് വനിതാ ടീമിനെതിരായ ഏകദിനത്തിൽ ന്യൂസീലൻഡ് വനിതകൾ നേടിയത് 50 ഓവറിൽ നാലുവിക്കറ്റിന് 490 റൺസ്.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടോട്ടൽ എന്ന റെക്കോർഡും ഇതോടെ കിവി വനിതകൾക്കു സ്വന്തം. 2016 ഓഗസ്റ്റ് 30ന് നോട്ടിങ്ങാമിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് പുരുഷ ടീം 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയ 444 റൺസ് റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 

94 പന്തിൽ 151 റൺസ് നേടിയ ക്യാപ്റ്റൻ സൂസി ബേറ്റ്സിന്റെ തകർപ്പൻ പ്രകടനമാണു ന്യൂസീലൻഡിനെ ഇത്രയും വലിയ സ്കോറിലെത്തിച്ചത്. 24 ബൗണ്ടറികളും രണ്ടു സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു സൂസിയുടെ ഇന്നിങ്സ്. ഓപ്പണർ ജെസ് വാട്കിന്നിനൊപ്പം സൂസി 172 റൺസ് കൂട്ടുകെട്ടാണുയർത്തിയത്.

മൂന്നാം സ്ഥാനത്തിറങ്ങിയ  മാഡി ഗ്രീനും തകർത്തടിച്ചു. 77 പന്തിൽ 121 റൺസ്. 15 ബൗണ്ടറിയും ഒരു സിക്സറുമാണു മാഡിയുടെ ഇന്നിങ്സിലുണ്ടായിരുന്നത്.  അയർലൻഡ് ബോളർമാരിൽ രണ്ടുവിക്കറ്റ് നേടിയ കാര മുറെ ഒപ്പമൊരു റെക്കോർഡിനും ഉടമയായി. 10 ഓവറിൽ 119 റൺസ് വഴങ്ങിയ മുറെയാണ് ഇനി ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബോളർ.