യോ–യോ ടെസ്റ്റിൽ ‘തോറ്റ്’ സഞ്ജു എ ടീമിൽനിന്ന് പുറത്ത്

ന്യൂ‍ഡൽഹി∙ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മലയാളി താരം സഞ്ജു സാംസണും പേസ്ബോളർ മുഹമ്മദ് ഷാമിയും യോ–യോ ഫിറ്റ്നെസ് ടെസ്റ്റിൽ പരാജയപ്പെട്ടു. ഇതോടെ, ഇംഗ്ലണ്ട്–വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽനിന്ന് സഞ്ജുവും അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ടീമിൽനിന്ന് ഷമിയും പുറത്തായി. സഞ്ജുവിനു പകരം എ ടീമിൽ ഇഷാൻ കിഷനും ഷമിക്കു പകരം ടെസ്റ്റ് ടീമിൽ ഡൽഹിയുടെ ഫാസ്റ്റ്ബോളർ മൻദീപ് സെയ്നിയും ഇടം നേടി. 

ഐപിഎൽ ടൂർണമെന്റിനിടെ ഉണ്ടായ ചെറിയ പരുക്കാണ് സഞ്ജു സാംസണിന് ഇന്ത്യ എ ടീമിൽ കളിക്കാനുള്ള അവസരം നഷ്ടമാക്കിയത് . ചികിൽസ വേണ്ടെന്നും വിശ്രമം മതിയെന്നുമുള്ള വിദഗ്ധരുടെ വാക്കു വിശ്വസിച്ച സഞ്ജു കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. 

യോ–യോ ടെസ്റ്റിൽ ഇനി കായികക്ഷമത തെളിയിക്കണമെങ്കിൽ മൂന്നാഴ്ച കഴിയണം. അപ്പോഴേക്കും എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം തുടങ്ങിക്കഴിയും. ഐപിഎല്ലിലെ മികച്ച പ്രകടനത്തിനു ശേഷം ഇന്ത്യൻ ടീമിലെത്താനുള്ള സുവർണാവസരമാണ് നിർഭാഗ്യം കൊണ്ടുമാത്രം സഞ്ജുവിനു നഷ്ടമാകുന്നത്. 

കായികക്ഷമത അളക്കുന്ന യോ യോ പരീക്ഷയുടെ 16.1 എന്ന ബെഞ്ച്മാർക്ക് നേടാതെയാണ് സഞ്ജുവും ഷമിയും പുറത്തായത്. കർണാടകയുടെ മലയാളി താരം കരുൺനായരും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമാണ് പരീക്ഷയിൽ മികച്ച പ്രകടനം നടത്തിയത്. 

മണിക്കൂറിൽ 140 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിയുന്ന സെയ്നിക്കു ര‍ഞ്ജി ട്രോഫിയിലടക്കം നടത്തിയ മികച്ച പ്രകടനമാണ്  സീനിയർ ടീമിലേക്കു വഴി തുറന്നത്. ഇന്ത്യ എ ടീമിലും നിലവിൽ അംഗമാണ്.