കുൽദീപ് ‘ആറാം തമ്പുരാൻ’, നെടുംതൂണായി രോഹിത്തും; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ശേഷം രോഹിത് ശർമ.

നോട്ടിങ്ങാം∙ കുൽദീപ് യാദവിന്റെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ ഇംഗ്ലണ്ടിനു കാലിടറി. 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുൽദീപിനൊപ്പം സെഞ്ചുറിനേട്ടവുമായി രോഹിത് ശർമയും കളം  നിറഞ്ഞതോടെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിനു തകർത്തു. രോഹിത് ശർമ പുറത്താകാതെ 137 റൺസ്(114 പന്ത്) നേടി വിജയം അനായാസമാക്കി . കുൽദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്.  സ്കോർ ഇംഗ്ലണ്ട് 49.5 ഓവറിൽ 268നു പുറത്ത്, ഇന്ത്യ 40.1 ഓവറിൽ  2–269. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1–0). കുൽദീപാണു കളിയിലെ താരം

നായകൻ വിരാട് കോഹ്‌ലി 75 റൺസ് നേടി. രണ്ടാം വിക്കറ്റിൽ രോഹിത്– കോഹ്‌ലി സഖ്യം 168 റൺസ് ചേർത്തു. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി. ബട്‌ലർ (53), ബെൻ സ്റ്റോക്സ് (50) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. ട്വന്റി20 പരമ്പരയിലെ സെഞ്ചുറി നേട്ടത്തിനു പിന്നാലെ രോഹിത് ശർമ വീണ്ടും ഫോമിലേക്കുയർന്നതോടെ ഇന്ത്യൻ റൺചേസിനു ഭീഷണിയുയർത്താൻ ഒരു ഘട്ടത്തിലും ഇംഗ്ലിഷ് ബോളർമാർക്കായില്ല. 15 ഫോറും ആറു സിക്സും അടങ്ങുന്നതാണു രോഹിതിന്റെ ഇന്നിങ്ങ്സ്. നേരത്തേ ആദ്യ വിക്കറ്റിൽ ജാസൺ റോയ് – ജോണി ബെയർസ്റ്റോ സഖ്യം തകർത്തടിച്ചു തുടങ്ങിയതോടെ ഇംഗ്ലണ്ട് സ്കോർ 10 ഓവറിൽ 70 റൺസ് കടന്നു. 

സ്കോർബോർഡ്

ഇംഗ്ലണ്ട് 

ബെയർസ്റ്റോ എൽബിഡബ്ല്യു ബി കുൽദീപ് 38, ജാസൺ റോയ് സി ഉമേഷ് ബി കുൽദീപ് 38, റൂട്ട് എൽബിഡബ്ല്യു ബി കുൽദീപ് 3, മോർഗൻ സി റെയ്ന ബി ചാഹൽ 19, സ്റ്റോക്സ് സി കൗൾ ബി കുൽദീപ് 50, ബട്‌ലർ സി ധോണി ബി കുൽദീപ് 53, മോയിൻ അലി സി കോഹ്‌ലി ബി ഉമേഷ് 24, വില്ലി സി രാഹുൽ ബി കുൽദീപ് 1, റഷീദ് സി ഹാ‍ർദിക് ബി ഉമേഷ് 22, പ്ലങ്കറ്റ് റണ്ണൗട്ട് 10.

ആകെ 49.5 ഓവറിൽ 268നു പുറത്ത്

വിക്കറ്റു വീഴ്ച 1–73, 2–81, 3–82, 4–105, 5–198, 6–214, 7–216, 8–245, 9–261, 10–268

ബോളിങ്: ഉമേഷ് 9.5–0–70–2, കൗൾ 10–2–62–0, ചാഹൽ 10–0–51–1, ഹാർദിക് 7–0–47–0, കുൽദീപ് 10–0–25–6, റെയ്ന 3–1–8–0

ഇന്ത്യ 

രോഹിത് ശർമ 137 നോട്ടൗട്ട്, ശിഖർ ധവാൻ സി റഷീദ് ബി മൊയിൻ 40, വിരാട് കോഹ്‌ലി സ്റ്റംപഡ് ബട്‌ലർ ബി റഷീദ്, രാഹുൽ 9 നോട്ടൗട്ട്.

ആകെ 40.1 ഓവറിൽ 2–269

ബോളിങ്: വുഡ് 6–0–55–0, വില്ലി 5–0–25–0, മൊയിൻ അലി 8.1–0–60–1, പ്ലങ്കറ്റ് 6–0–31–0, സ്റ്റോക്സ് 4–0–27–0, റഷീദ് 10–0–62–1, റൂട്ട് 1–0–9–0