ക്ഷമിക്കാൻ പഠിക്കൂ!!, കുല്‍ദീപിനെ നേരിടാൻ ഇംഗ്ലിഷ് പടയ്ക്ക് ഉപദേശം

കുല്‍ദീപ് യാദവ്

ലണ്ടൻ∙ഇംഗ്ലിഷ് ക്രിക്കറ്റ് താരങ്ങളുടെ പേടി സ്വപ്നമാണ് ചൈനാമാൻ ബോളർ കുൽദീപ് യാദവ്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ടു തവണയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മാഞ്ചസ്റ്ററിൽ നടന്ന ഒന്നാം ട്വന്റി20 മൽസരത്തിൽ താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. നോട്ടിങ്ഹാമിൽ നടന്ന ഒന്നാം ഏകദിനത്തിൽ‌ ആറു വിക്കറ്റും തൊട്ടടുത്ത കളിയിൽ മൂന്ന് വിക്കറ്റും നേടി. എന്നാൽ മൂന്നാം ഏകദിനത്തിൽ വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല. 

എന്നാലിതാ ഓഗസ്റ്റ് 1ന് തുടങ്ങാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി കുൽദീപിനെ കൈകാര്യം ചെയ്യാൻ പഠിക്കുകയാണ് ഇംഗ്ലിഷ് താരങ്ങൾ. കുത്തിത്തിരിഞ്ഞു വരുന്ന കുൽദീപിന്റെ കൈക്കുഴ 'മാജിക്കിനെ' എന്തു വിലകൊടുത്തും പിടിച്ചുകെട്ടിയേ തീരു എന്ന വാശിയിലാണ് ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ. ഏകദിന ക്രിക്കറ്റിലെ കുൽദീപിന്റെ മാജിക് ടെസ്റ്റിൽ നടക്കില്ലെന്നാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. അവസാന ഏകദിന മൽസരങ്ങളിൽ കുൽദീപിന്റെ ആക്രമണത്തിന്റെ മൂർച്ച കുറഞ്ഞു എന്നതാണ് ഇംഗ്ലിഷ് ബാറ്റ്സ്മാന്‍മാർക്ക് പ്രതീക്ഷ നൽകുന്ന കാര്യം. 

ക്ഷമയോടെ നേരിട്ടാൽ കുൽദീപിന്റെ മാജിക്കൊക്കെ മറികടക്കാമെന്നാണ് മുതിർ‌ന്ന ഇംഗ്ലിഷ് ഫാസ്റ്റ് ബോളർ ജെയിംസ് ആൻ‌ഡേഴ്സന്റെ കണ്ടെത്തൽ. ഹോം ഗ്രൗണ്ടിൽ നിന്നാണെങ്കിലും ഓരോ മൽസരത്തിലും സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ സ്കില്ലും ക്ഷമയുമാണ് പ്രധാനം. ഇത് രണ്ടും ഉള്ളവർ ഒടുവില്‍ വിജയിക്കുക തന്നെ ചെയ്യും– ആൻഡേഴ്സൺ പറഞ്ഞു. 

ദക്ഷിണാഫ്രിക്ക റാങ്കിങ്ങിൽ ഒന്നാമത് നില്‍ക്കുമ്പോൾ ഞങ്ങൾ മൽസരിച്ചിരുന്നു. അത് നല്ലൊരു പോരാട്ടമായിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റും എനിക്ക് അതുപോലെയാണ്– ആൻഡേഴ്സൺ വ്യക്തമാക്കി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ബോളർമാരിൽ ഒന്നാം സ്ഥാനം കഴിഞ്ഞ ദിവസം ആൻഡേഴ്സൺ നിലനിർത്തിയിരുന്നു. പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയിൽ ഒൻപത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

ഇംഗ്ലണ്ട് പര്യടനത്തിൽ കുൽദീപിന്റെ ബോളിങ് പ്രകടം ( ഏകദിനം, ട്വന്റി20)

∙ ഒന്നാം ട്വന്റി20 – നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ്

∙ രണ്ടാം ട്വന്റി20 –നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്തു, വിക്കറ്റ് ഇല്ല

∙ ഒന്നാം ഏകദിനം (നോട്ടിങ്ഹാം)– 10 ഓവറിൽ 25 റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ്

∙ രണ്ടാം ഏകദിനം (ലണ്ടൻ)– 10 ഓവറിൽ 68 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്

∙ മൂന്നാം ഏകദിനം (ലീഡ്സ്)– 10 ഓവറിൽ 55 റൺസ് വിട്ടുകൊടുത്തു. വിക്കറ്റ് ഇല്ല.