എം.എസ്. ധോണി വീണ്ടും ഒന്നാമൻ; എന്നാൽ ക്രിക്കറ്റിലല്ല!

എം.എസ്. ധോണി

റാഞ്ചി∙ ക്രിക്കറ്റിൽ‌ റെക്കോര്‍ഡുകൾ ഉണ്ടാക്കുന്നതിൽ മുമ്പനായ എം.എസ്. ധോണിക്ക് വീണ്ടുമൊരു റെക്കോർഡ്. പക്ഷേ ക്രിക്കറ്റിലല്ല. ബിഹാര്‍, ജാർഖണ്ഡ് മേഖലയിൽ ഏറ്റവും കൂടുതൽ തുക നികുതി അടച്ച കാര്യത്തിലാണ് ധോണി ഒന്നാമതെത്തിയത്. 2017–18 വർഷത്തിൽ ധോണി നികുതിയായി സര്‍ക്കാരിലേക്കു നൽകിയത് 12.17 കോടി രൂപയാണ്. അതായത് ഈ മേഖലയിൽ നൽകിയ നികുതികളിൽ ഏറ്റവും ഉയര്‍ന്നത്. 

ബിസിസിഐയുടെ കളിക്കാരുടെ പട്ടികയിൽ എ കാറ്റഗറിയിലാണ് ധോണിയുടെ സ്ഥാനം. 2016ലാണ് ധോണി വിരാട് കോ‍ഹ്‍ലിക്ക് വേണ്ടി ഏകദിന ട്വന്റി20 നായക സ്ഥാനങ്ങള്‍ ഒഴിഞ്ഞുകൊടുത്തത്. ക്രിക്കറ്റിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിനു പുറമെ പരസ്യം, സ്വന്തം വ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ധോണിക്കു വരുമാനം ലഭിക്കുന്നുണ്ട്.

2016-17 വർഷത്തിൽ ധോണി വ്യക്തിഗത നികുതിയായി അടച്ചത് 10.93 കോടി രൂപയായിരുന്നു. നേരത്തേ 2013–14 സാമ്പത്തിക വർഷത്തിലും ധോണി തന്നെയായിരുന്നു മേഖലയിലെ ഏറ്റവും ഉയർന്ന നികുതിത്തുക അടച്ചത്. 2015ലെ ഫോർ‌ബ്സിന്റെ കണക്കനുസരിച്ച് 111 ദശലക്ഷം ഡോളറായിരുന്നു ധോണിയുടെ അന്നത്തെ സമ്പാദ്യം. 2015 വർഷത്തിൽ മാത്രം 31.5 ദശലക്ഷം ഡോളർ തുക ധോണി സമ്പാദിച്ചു. ഇതേ വർഷം തന്നെ ലോകത്തിലെ ഏറ്റവും സമ്പന്നരായ നൂറ് കായിക താരങ്ങളുടെ ഫോർബ്സ് പട്ടികയിലും ധോണി ഇടം കണ്ടെത്തി. 

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സി, ഹോക്കി ഇന്ത്യ ലീഗിൽ‌ റാഞ്ചി റെയ്സ് എന്നീ ടീമുകളുടെ ഉടമകളിൽ ഒരാൾ ധോണിയാണ്. ഇതിനു പുറമെ ധോണിയുടെ പേരിൽ റാഞ്ചിയിൽ പഞ്ചനക്ഷത്ര ഹോട്ടലുൾപ്പെടെ നിർമിക്കുന്നുണ്ട്. 

ഇംഗ്ലണ്ടിനെതിരായ പര്യടനത്തിനിടെ ഏകദിനത്തിൽ‌ 10,000 റൺസും താരം തികച്ചിരുന്നു. എന്നാൽ ഏകദിന മൽസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ ധോണിക്കെതിരെ വൻവിമർശനവും ഉയർന്നു. ഏകദിന പരമ്പര തോറ്റു മടങ്ങുന്നതിനിടെ ധോണി അംപയറുടെ കയ്യിൽ നിന്ന് പന്ത് വാങ്ങിയത് താരം വിരമിക്കുന്നതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾക്കെതിരെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി തന്നെ പിന്നീട് രംഗത്തെത്തി. 

ആ പന്ത് ചോദിച്ചു വാങ്ങിയത് ഭരത് അരുണിനെ കാണിക്കാനായിരുന്നു. പന്തിൽ വന്ന മാറ്റങ്ങൾ അപഗ്രഥിച്ച് പിച്ചിനെക്കുറിച്ചും മറ്റു സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുകയായിരുന്നു ധോണിയുടെ ലക്ഷ്യമെന്നായിരുന്നു രവി ശാസ്ത്രിയുടെ വിശദീകരണം. ധോണി കുറേക്കാലത്തേക്കു കൂടി ഇന്ത്യൻ ടീമിനൊപ്പമുണ്ടാകുമെന്നും രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.