ഇന്ത്യൻ ഇന്നിങ്സിൽ അഞ്ചാം അർധസെഞ്ചുറിയുമായി ഹാർദിക്; തകർത്തടിച്ച് പന്ത്

എസ്സെക്സിനെതിരായ മൽസരത്തിനിടെ ഇന്ത്യൻ താരങ്ങൾ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലന മൽസരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. കൗണ്ടി ടീമായ എസ്സക്സിനെതിരായ ത്രിദിന മൽസരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 395 റൺസിന് പുറത്തായി. ഇന്ത്യൻ നിരയിൽ അഞ്ച് താരങ്ങൾ അർധസെഞ്ചുറി നേടി. ഓപ്പണർ മുരളി വിജയ് (53), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (68), ലോകേഷ് രാഹുൽ (58), ദിനേഷ് കാർത്തിക് (82), ഹാർദിക് പാണ്ഡ്യ (51) എന്നിവരാണ് അർധസെഞ്ചുറി നേടിയത്. അവസാന ബാറ്റ്സ്മാനായി ക്രീസിലെത്തിയ യുവതാരം റിഷഭ് പന്ത് 26 പന്തിൽ ആറു ബൗണ്ടറികൾ ഉൾപ്പെടെ 34 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ, അഞ്ചു റൺസിനിടെ ശിഖർ ധവാൻ, ചേതേശ്വർ പൂജാര എന്നീ വിശ്വസ്തരെ നഷ്ടമായ ഇന്ത്യയ്ക്ക് നാലു പേരുടെ അർധസെഞ്ചുറികളാണ് ആശ്വാസമായത്. ധവാൻ നേരിട്ട ആദ്യപന്തിൽത്തന്നെ ‘സംപൂജ്യ’നായി മടങ്ങിയപ്പോൾ ഏഴു പന്തിൽ ഒരു റണ്ണുമായാണ് പൂജാര പുറത്തായത്. ഉപനായകൻ അജിങ്ക്യ രഹാനെ 47 പന്തിൽ രണ്ടു ബൗണ്ടറികളോടെ 17 റൺസെടുത്തു.

മുൻനിരയുടെ തകർച്ച

ഇംഗ്ലണ്ടിൽ അഞ്ചു ടെസ്റ്റുകൾ കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് മുൻനിര താരങ്ങളുടെ ‘പ്രകടനം’ ആശങ്ക സമ്മാനിക്കുന്നതാണ്. മൽസരത്തിലെ മൂന്നാം പന്തിൽത്തന്നെ വിക്കറ്റ് കീപ്പറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ശിഖർ ധവാനാണ് ആദ്യം പുറത്തായത്. ട്വന്റി20, ഏകദിന പരമ്പരകളിൽ മികച്ച ഫോമിലായിരുന്ന ധവാന് ഇക്കുറി പഴിച്ചു. മാറ്റ് കോൾസിന്റെ പന്തിൽ ജയിംസ് ഫോസ്റ്ററിന് അനായാസ ക്യാച്ച് സമ്മാനിച്ചായിരുന്നു ധവാന്റെ മടക്കം.

പിന്നാലെ തന്റെ രണ്ടാം ഓവർ എറിയാനതെത്തിയ മാറ്റ് കോൾസിന് മുന്നിൽ ചേതേശ്വർ പൂജാരയും കീഴടങ്ങി. ഇക്കുറിയും ഫോസ്റ്ററിനു തന്നെ ക്യാച്ച്. ഏഴു പന്തിൽ ഒരു റണ്ണായിരുന്നു പൂജാരയുടെ സമ്പാദ്യം. ഇംഗ്ലിഷ് പര്യടനത്തിനു മുന്നോടിയായി കൗണ്ടിയിൽ കളിച്ച് അനുഭവസമ്പത്തുണ്ടാക്കാനെത്തിയ പൂജാരയുടെ പരാജയം ഇന്ത്യയെ ആശങ്കപ്പെടുത്തുമെന്ന് ഉറപ്പ്.

പ്രതീക്ഷ നൽകി വിജയ്

അതേസമയം, കൂട്ടാളികൾ രണ്ടുപേരും വന്നതിലും വേഗത്തിൽ മടങ്ങിയെങ്കിലും മറുവശത്ത് മികച്ച ഫോമിലായിരുന്നു മുരളി വിജയ്. ഇംഗ്ലിഷ് ബോളർമാരെ അനായാസം നേരിട്ട വിജയ്, മൽസരത്തിൽ വരുത്തിയ ഒരേയൊരു പിഴവ് അദ്ദേഹത്തിന്റെ വിക്കറ്റ് അപഹരിക്കുകയും ചെയ്തു. ഇടംകയ്യൻ സീമർ പോൾ വാട്ടറിന്റെ പന്തിന്റെ ഗതി നിർണയിക്കുന്നതിൽ പിഴവുപറ്റിയ വിജയിന്റെ ഓഫ് സ്റ്റംപ് തെറിച്ചു.

എങ്കിലും ഇംഗ്ലിഷ് സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ വയ്ക്കാവുന്ന പ്രകടനം നടത്തിയാണ് വിജയ് മടങ്ങിയത്. ഇന്ത്യ എയ്ക്കായി കഴിഞ്ഞയാഴ്ച ഇവിടെ കളിക്കാനിറങ്ങിയ വിജയ്, രണ്ട് ഇന്നിങ്സിലും തുടക്കത്തിലേ പുറത്തായിരുന്നു. ആ പിഴവുകൾ തിരുത്തിയാണ് അദ്ദേഹം പരിശീലന മൽസരത്തിന് ഇറങ്ങിയതെന്ന് വ്യക്തം.

കൊതിപ്പിച്ച് രഹാനെ, മികവുകാട്ടി കോഹ്‍ലി

നാലാം നമ്പറിൽ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ടിൽ പരമ്പര വിജയമെന്ന സ്വപ്നം പൂവണിയാൻ ഉപനായകന്റെ പ്രകടനം നിർണായകമാണെന്നിരിക്കെ, മികച്ച തുടക്കത്തിനുശേഷം രഹാനെ നിരാശപ്പെടുത്തി. പേസ് ബോളർമാർക്കു മുന്നിൽ പതറുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയ രഹാനെ, ഒടുവിൽ ക്വിന്നിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫോസ്റ്ററിന് ക്യാച്ച് സമ്മാനിച്ച് കൂടാരം കയറി. സമ്പാദ്യം 47 പന്തിൽ 17 റൺസ്!

മറുവശത്ത് ആത്മവിശ്വാസത്തിലായിരുന്നു കോഹ്‍ലി. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ രണ്ടിന് 29 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ രഹാനെ പുറത്തായതോടെ മൂന്നിന് 44 റൺസ് എന്ന നിലയിലായി. അഞ്ചാമനായി ക്രീസിലെത്തിയ കോഹ്‍ലി ഇന്ത്യൻ തിരിച്ചടിക്ക് നേതൃത്വം നൽകി. മികച്ച ബോളുകളുമായി പരീക്ഷിച്ച ക്വിൻ ഉൾപ്പെടെയുള്ളവരെ വിദഗ്ധമായി നേരിട്ട കോഹ്‍ലി, അർധസെഞ്ചുറിയും പൂർത്തിയാക്കി. 93 പന്തിൽ 12 ബൗണ്ടറികവോടെ 68 റൺസെടുത്ത കോഹ്‍ലിയെ വാൾട്ടറിന്റെ പന്തിൽ ചോപ്ര ക്യാച്ചെടുത്തു പുറത്താക്കി. നാലാം വിക്കറ്റിൽ മുരളി വിജയ്–കോഹ്‍ലി സഖ്യം കൂട്ടിച്ചേർത്തത് 90 റൺസ്!

ഒഴുക്കോടെ രാഹുൽ

ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ ഫോമില്ലായ്മയുടെ പേരിൽ പുറത്തിരുത്തപ്പെട്ട ലോകേഷ് രാഹുൽ, ഇക്കുറി മിന്നി. ട്വന്റി20, ഏകദിന, െടസ്റ്റ് ഫോർമാറ്റുകളിൽ മികച്ച കളി കെട്ടഴിക്കുന്ന അപൂർവം താരങ്ങളിലൊരാളായ രാഹുൽ, അർധസെഞ്ചുറി നേടിയാണ് പുറത്തായത്. മൂന്നാം നമ്പറിൽ സാക്ഷാൽ ചേതേശ്വർ പൂജാരയ്ക്കു പകരം പരിഗണിക്കാവുന്ന താരമാണ് താനെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചാണ് രാഹുൽ മടങ്ങിയത്.

മൂന്നാം നമ്പറിൽ ക്രീസിലെത്തിയ പൂജാര ഒരു റണ്ണുമായി നിരാശപ്പെടുത്തിയപ്പോൾ, അതേസമയം, ആറാമനായി ക്രീസിലെത്തിയ രാഹുൽ 92 പന്തിൽ 12 ബൗണ്ടറികളോടെ 58 റൺസെടുത്തു. നിലയുറപ്പിക്കാൻ അൽപം സമയമെടുത്തെങ്കിലും നിലയുറപ്പിച്ചതോടെ രാഹുൽ കത്തിക്കയറി. മികച്ച രീതിയിൽ മുന്നേറുന്നതിനിടെ നിജ്ജാറിന്റെ പന്തിൽ ഡിക്സിന് ക്യാച്ചു നൽകിയായിരുന്നു രാഹുലിന്റെ മടക്കം. മികച്ച തുടക്കങ്ങൾ വലിയ ഇന്നിങ്സുകളാക്കാൻ രാഹുലിനായാൽ, താരത്തിൽ കൂടുതൽ പ്രതീക്ഷ വയ്ക്കാമെന്നു വ്യക്തം.

അവസരം മുതലെടുത്ത് കാർത്തിക്, ഹാർദിക്, പന്ത്

13 റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായതിനു പിന്നാലെ ക്രീസിൽ ഒരുമിച്ച ദിനേഷ് കാർത്തിക്–ലോകേഷ് രാഹുൽ സഖ്യം ഇന്ത്യയെ തോളിലേറ്റി. വൃദ്ധിമാൻ സാഹയുടെ പരുക്കിനെ തുടർന്ന് ടീമിൽ ലഭിച്ച സ്ഥാനം കാർത്തിക് മുതലെടുത്തു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത് 114 റൺസ്. ഇടയ്ക്കിടെ പതറിയെങ്കിലും മോശം ബോളുകളെ തിരഞ്ഞുപിടിച്ച് ശിക്ഷിച്ച കാർത്തിക് രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്കോർ 300 കടത്തി.

രാഹുൽ പുറത്തായശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയുമൊത്ത് ഏഴാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർക്കാനും കാർത്തിക്കിനായി. ഇതുവരെ 95 പന്തുകൾ നേരിട്ട കാർത്തിക്, 14 ബൗണ്ടറികളോടെയാണ് 82 റൺസ് നേടിയത്. ആദ്യദിനം 94 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക് രണ്ടാം ദിനത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി.

കാർത്തിക്കിനു ശേഷമെത്തിയ കരുൺ നായർക്ക് പ്രതീക്ഷ കാക്കാനായില്ല. 12 പന്തിൽ നാലു റൺസെടുത്ത കരുൺ നായരെ ബേർഡ് പുറത്താക്കി. രവീന്ദ്ര ജഡേജ 35 പന്തിൽ 15 റൺസെടുത്തു. ഹാർദിക് 82 പന്തിൽ എട്ടു ബൗണ്ടറികളോടെ 51 റൺസെടുത്ത് മടങ്ങി. റിഷഭ് പന്ത് 26 പന്തിൽ ആറു ബൗണ്ടറികളോടെ 34 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി പോൾ വാൾട്ടർ 21 ഓവറിൽ 113 റൺസ് വഴങ്ങി നാലു വിക്കറ്റഅ വീഴ്ത്തി. മാറ്റ് കോൾസ് രണ്ടും ക്വിൻ, ബേർഡ്, ഡിക്സൻ, നിജ്ജാർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.