ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച തമിഴ്നാട്ടിൽനിന്ന് മറ്റൊരു താരം ഉദിക്കുന്നു? തമിഴ്നാട് പ്രീമിയർ ലീഗിൽ വിബി കാഞ്ചി വീരൻസ് ടീമംഗമായ ഓൾറൗണ്ടർ മോകിത് ഹരിഹരനാണ് അസാധാരണമായ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഇരുകൈകൾ കൊണ്ടും ഒരുപോലെ ബോൾ ചെയ്യുന്ന മോകിത്, ബാറ്റിങ്ങിലും കാഴ്ചവയ്ക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം.
കഴിഞ്ഞ ദിവസം ദിണ്ടിഗൽ ഡ്രാഗൺസിന് എതിരായ ട്വന്റി20 മത്സരത്തിലാണ് ഇദ്ദേഹം ഇരുകൈകൾ കൊണ്ടും ബോൾ ചെയ്തത്. ഇടംകൈ ബാറ്റ്സ്മാനെതിരെ ലൈഫ്റ്റ് ആം സ്പിന്നും, വലംകൈയ്യൻ ബാറ്റ്സ്മാന് വലതുകൈ കൊണ്ടും ബോൾ ചെയ്തതോടെ മോകിത് ഹരിഹരൻ ഗാലറികളുടെ ശ്രദ്ധ നേടി. അതേസമയം, താരത്തിന് വിക്കറ്റൊന്നും നേടാനായില്ല.
ഇതിന്റെ കുറവു പക്ഷേ ബാറ്റിങ്ങിൽ തീർത്തു. 50 പന്തിൽ അടിച്ചെടുത്തത് 77 റൺസ്. അഞ്ച് സിക്സർ, അഞ്ച് ബൗണ്ടറി. മോകിതിന്റെ ഇന്നിങ്സിന്റെ ബലത്തിൽ വീരൻസ് നിശ്ചിത 20 ഓവറിൽ നേടിയത് 166 റൺസ്. എന്നാൽ ഡ്രാഗൺസ് ഈ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
ഇതിനു പിന്നാലെ ഇന്നലെ നടന്ന മൽസരത്തിലും മോകിത് ബാറ്റിങ്ങിൽ തിളങ്ങി. വിബി കാഞ്ചിവീരൻസിനെതിരെ ആദ്യം ബാറ്റു ചെയ്ത മധുര പാന്തേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. എന്നാൽ, കാഞ്ചിവീരൻസിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 27 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 34 റൺസെടുത്ത മോകിത് ഈ മൽസരത്തിലും ടോപ് സ്കോററായി.
ആദ്യ രണ്ടു മൽസരങ്ങളും തോറ്റ കാഞ്ചി വീരൻസ് ദിണ്ടിഗൽ ഡ്രാഗൺസിന് എതിരായ മൂന്നാം മൽസരത്തിലാണ് മോകിതിനെ ആദ്യമായി പരീക്ഷിക്കുന്നത്. മോകിത് കളത്തിലിറങ്ങിയ ശേഷവും രണ്ടു മൽസരങ്ങളിലും ടീം തോറ്റെങ്കിലും മോകിതിന്റെ പ്രകടനം ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.