കോഹ‍്‌ലിപ്പടയ്ക്കു മാതൃക, സച്ചിനും ഗാംഗുലിയും ദ്രാവിഡും സെഞ്ചുറിയടിച്ച ഈ മൽസരം

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ എഡ്ജ്ബാസ്റ്റനിൽ തുടക്കമാവുകയാണ്. നാലു വർഷം മുൻപു നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിലെ ഓർമകൾ സമ്മാനിക്കുന്ന ഞെട്ടലിൽനിന്ന് വിമുക്തി തേടി കോഹ്‍ലിയും സംഘവും ഇറങ്ങുമ്പോൾ, സ്വന്തം നാട്ടിൽ സർവ കരുത്തും പുറത്തെടുത്ത് വിജയം പിടിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇംഗ്ലിഷ് മണ്ണിലെ അശ്വമേധത്തിലൂടെ ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ, ടീമിന് പ്രചോദനം നൽകുന്ന മുൻഗാമികളുടെ അഞ്ച് അവിസ്മരണീയ പ്രകടനങ്ങൾ...

1) ദ് ഓവൽ, 1971 (ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം)

ഇന്ത്യൻ സ്പിന്നർ ബി.എസ്.ചന്ദ്രശേഖർ ചുഴലിക്കാറ്റുപോലെ ആഞ്ഞടിച്ച മൽസരം. ആദ്യ ദിവസം ഇംഗ്ലണ്ട് 355നു പുറത്തായി. രണ്ടാം ദിനം മഴയിൽ ഒലിച്ചുപോയി. നാലാം ദിനം ലഞ്ചിനു മുൻപ് ഇന്ത്യ 284 റൺസിനു പുറത്ത്. ലഞ്ചിനു ശേഷമായിരുന്നു ചന്ദ്രഹാസം. 18.1 ഓവറിൽ 38 റൺസിന് ആറു വിക്കറ്റെടുത്ത ചന്ദ്രയുടെ പ്രകടനത്തിൽ ഇംഗ്ലണ്ട് വെറും 101 റൺസിനു പുറത്തായി. അഞ്ചാം ദിനം ലഞ്ചിനു പിന്നാലെ ഇന്ത്യ വിജയലക്ഷ്യമായ 173 കടന്നു.

വിനായക ചതുർഥിയായിരുന്നതിനാൽ അന്ന് ഇന്ത്യയിൽ അവധിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ ടീമിനെ മല്ലികപ്പൂക്കൾ വാരി വിതറിയാണ് മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽ ആരാധകർ വരവേറ്റത്. പിന്നീടുള്ള ദിവസങ്ങളിൽ മുംബൈ തിയറ്ററുകളെല്ലാം സിനിമയ്ക്കു മുൻപ് ആ സ്വീകരണത്തിന്റെ ദൃശ്യങ്ങൾ കാണിച്ചു.

സ്കോർ: ഇംഗ്ലണ്ട്– 355, 101 (ചന്ദ്രശേഖർ 8–114), ഇന്ത്യ– 284, ആറിന് 174 

2) ദ് ഓവൽ, 1979 (സമനില)

വീണ്ടും ഓവൽ. ഇന്ത്യയ്ക്ക് വിജയത്തോളം വീരോചിതമായ സമനില. നാലാം ഇന്നിങ്സിൽ 438 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തുടങ്ങുമ്പോൾ വിജയപ്രതീക്ഷ ഒട്ടുമില്ലായിരുന്നെന്നു ക്യാപ്റ്റൻ എസ്.വെങ്കട്ടരാഘവൻ തന്നെ പറഞ്ഞു. എന്നാൽ, ആദ്യ വിക്കറ്റിൽ തന്നെ 200 റൺസ് വന്നതോടെ ഡ്രസ്സിങ് റൂമിൽ വിജയമോഹങ്ങൾ മൊട്ടിട്ടു. ക്ലാസിക് ഷോട്ടുകളുടെ വസന്തവുമായി മാൻ ഓഫ് ദ് മാച്ച് സുനിൽ ഗാവസ്കർ ഇരട്ടസെഞ്ചുറി പിന്നിട്ടു.

അവസാന ദിവസം ചായ സമയത്ത് ഒന്നിന് 304 എന്നതായിരുന്നു ഇന്ത്യയുടെ നില. എട്ടു വിക്കറ്റ് ശേഷിക്കെ 12 ഓവറിൽ ജയിക്കാൻ 72 റൺസ് മാത്രം. എന്നാൽ സമയത്തിന്റെ സമ്മർദം ഇന്ത്യയെ പിടികൂടി. പ്രമോട്ട് ചെയ്യപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ കപിൽ ദേവ് റൺസൊന്നുമെടുക്കാതെ പുറത്തായി. ഇന്ത്യൻ ഇന്നിങ്സ് എട്ടിന് 423ൽ അവസാനിച്ചു. അവസാന പന്തിൽ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് ഒൻപതു റൺസ്! 

സ്കോർ: ഇംഗ്ലണ്ട്– 305, എട്ടിന് 334, ഇന്ത്യ– 202, എട്ടിന് 429 (സുനിൽ ഗാവസ്കർ 221) 

3) ലോർഡ്സ്, 1986 (ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം)

ലോകകപ്പിൽ മുത്തമിട്ടശേഷം ലോർഡ്സിലേക്ക് ഇന്ത്യയുടെ രണ്ടാം വരവ്. വിജയശിൽപികളായി കപിൽ ദേവും ദിലീപ് വെങ്സർക്കാറും. ഞാൻ എവിടെ പോയാലും ലോർഡ്സിലെ പിച്ചും കൊണ്ടു പോകും എന്നു പറഞ്ഞ വെങ്സർക്കാർ ഇത്തവണയും ഉജ്വലമാക്കി. ക്രിക്കറ്റിന്റെ മെക്കയിൽ തുടർച്ചയായ മൂന്നാം സെഞ്ചുറി. സമനിലയിലേക്കു നീങ്ങുകയായിരുന്ന മൽസരത്തെ കപിൽ ഉജ്വല സ്പെല്ലിൽ ആവേശകരമാക്കി. 19 പന്തിനിടെ ഒരു റൺ മാത്രം വഴങ്ങി

ഇംഗ്ലണ്ടിന്റെ മുൻനിരയിലെ മൂന്നു പേരെ അരിഞ്ഞ കപിലിന്റെ പ്രകടനത്തിൽ ആതിഥേയർ 180നു പുറത്തായി. 134 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കപിൽ തന്നെ നാലു ഫോറുകളിലൂടെയും മിഡ്‌വിക്കറ്റിനു മുകളിലൂടെയുള്ള ഒരു സിക്സിലൂടെയും വിജയത്തിലേക്ക് ഉയർത്തി. ലീഡ്സിലെ അടുത്ത കളി 279 റൺസിനു ജയിച്ച ഇന്ത്യ 2–0ന് പരമ്പരയും സ്വന്തമാക്കി.

സ്കോർ: ഇംഗ്ലണ്ട്– 294,180 (5–119), ഇന്ത്യ– 341 (വെങ്സർക്കാർ 126), അഞ്ചിന് 136 

4) ഹെഡിങ്‌ലി, 2002 (ഇന്ത്യയ്ക്ക് 46 റൺസിനും ജയം)

ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഇന്ത്യ യാത്ര കുറിച്ച മൽസരം. ഹെഡിങ്‌ലിയിലെ പച്ചപ്പുല്ല് നിറഞ്ഞ പിച്ച് ഇംഗ്ലിഷ് സീം ബോളർമാർക്കു വേണ്ടി ‘സ്പെഷൽ’ ആയി തയാറാക്കിയതായിരുന്നു. എന്നാൽ ക്ഷമാപൂർവം നിശ്ചയദാർഢ്യത്തോടെ, ബാറ്റ് ചെയ്ത ഇന്ത്യൻ ബാറ്റ്സ്മാൻമാർ അവരെ നിരാശരാക്കി. സച്ചിന്റെയും ദ്രാവിഡിന്റെയും ഗാംഗുലിയുടെയും സെഞ്ചുറികളിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ കുറിച്ചത് 628 റൺസ്.

രണ്ട് ഇന്നിങ്സ് ബാറ്റു ചെയ്തിട്ടും ഇംഗ്ലണ്ടിന് അതിനൊപ്പമെത്താനായില്ല. ആദ്യ ഇന്നിങ്സിൽ 273 റൺസിനും രണ്ടാം ഇന്നിങ്സിൽ 309 റൺസിനും അവർ പുറത്തായി. രണ്ട് ഇന്നിങ്സിലുമായി അനിൽ കുംബ്ലെ ഏഴു വിക്കറ്റുകൾ വീഴ്ത്തി. രാഹുൽ ദ്രാവിഡായിരുന്നു മാൻ ഓഫ് ദ് മാച്ച്. 16 വർഷങ്ങൾക്കുശേഷം ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ടെസ്റ്റ് വിജയമായിരുന്നു ഇത്.

സ്കോർ: ഇന്ത്യ: 8–628 (ദ്രാവിഡ്–148, സച്ചിൻ–193, ഗാംഗുലി–128), ഇംഗ്ലണ്ട്: 273, 309 (അനിൽ കുംബ്ലെ 7–159) 

5) ട്രെന്റ്ബ്രിജ്, 2007 (ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം)

ഇത്തവണ ഇന്ത്യൻ ബോളർമാരുടെ ഊഴം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 66 ഓവറിൽ വെറും 198 റൺസിനു പുറത്തായി. ഇന്ത്യയും അതുപോലെയാകുമോ എന്നതു മാത്രമായിരുന്നു ചോദ്യം. എന്നാൽ, ഇന്ത്യ 481 റൺസ് കുറിച്ചതോടെ കളി അനുകൂലമായി ചാഞ്ഞു. സഹീർ ഖാൻ ബാറ്റു ചെയ്യാനെത്തിയപ്പോൾ ജെല്ലി ബീൻ മിഠായികൾ വലിച്ചെറിഞ്ഞ് വരവേറ്റ ഇംഗ്ലണ്ട് താരങ്ങൾക്കു രണ്ടാം ഇന്നിങ്സിൽ കണക്കിനു കിട്ടി.‌‌‌ മൈക്കൽ വോണിന്റെ സെഞ്ചുറിയിൽ മൂന്നിന് 287 എന്ന നിലയിലായിരുന്ന അവർക്ക് പിന്നീടുള്ള എഴു വിക്കറ്റുകൾ 68 റൺസെടുക്കുന്നതിനിടെ നഷ്ടമായി. 

രണ്ട് ഇന്നിങ്സിലുമായി ഒൻ‌പതു വിക്കറ്റുകളാണ് സഹീർ വീഴ്ത്തിയത്. സഹീർ തന്നെയായിരുന്നു മാൻ ഓഫ് ദ് മാച്ചും. അതേവർഷം നടന്ന ഏകദിന ലോകകപ്പിലെ തോൽവി ഇന്ത്യ മറന്ന മൽസരമായി ഇത്. പിന്നാലെ ദ്രാവിഡ് ക്യാപ്റ്റൻ പദവിയും ഒഴിഞ്ഞു.

സ്കോർ: ഇംഗ്ലണ്ട്– 198, 355 (സഹീർ ഖാൻ 9–134), ഇന്ത്യ 481 (സച്ചിൻ–91, ഗാംഗുലി–79, ദിനേഷ് കാർത്തിക്–77), മൂന്നിന് 73