മൂന്നാമനായി ഇറങ്ങൂവെന്ന് ധോണിയോട് ഗാംഗു‌ലി; ബാക്കി ചരിത്രം!

മഹേന്ദ്രസിങ് ധോണിയും ഗാംഗുലിയും.

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റിനെ മികവിന്റെ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമായ സംഭാവന നൽകിയ താരങ്ങളിലൊരാൾ. ഇന്ത്യൻ ക്രിക്കറ്റിനെ ജയം ശീലമാക്കാൻ പഠിപ്പിച്ച ക്യാപ്റ്റൻ. സാക്ഷാൽ സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാൻ വാക്കുകളേറെ. ഇന്ത്യൻ ക്രിക്കറ്റിന്റെ പിൽക്കാല ചരിത്രം തിരുത്തിയെഴുതിയ തന്റെ ഒരു തീരുമാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സൗരവ് ഗാംഗുലി അനുസ്മരിച്ചു. താൻ രൂപപ്പെടുത്തിയെടുത്ത് പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് കണ്ട സൂപ്പർതാരങ്ങളിൽ ഒരാളായി വളർന്ന മഹേന്ദ്ര സിങ് ധോണിയെക്കുറിച്ച്.

ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ചിട്ടുള്ള ഗാംഗുലിയാണ് പിന്നീട് ധോണിയുടെ കഴിവുകൾ കണ്ടറിഞ്ഞ് അദ്ദേഹത്തെ ഒരു താരമാക്കി വളർത്തിയെടുത്തത്. 2004ൽ ധോണി ഇന്ത്യൻ ടീമിൽ അരങ്ങേറുമ്പോൾ സൗരവ് ഗാംഗുലിയായിരുന്നു ക്യാപ്റ്റൻ. ബംഗ്ലദേശിനെതിരെ ആയിരുന്നു ധോണിയുടെ അരങ്ങേറ്റം. ഗാംഗുലിയുടെ വാക്കുകളിലൂടെ...

2004ൽ ധോണി ടീമിലെത്തുമ്പോൾ ഏഴാം നമ്പറിലാണ് അദ്ദേഹം സ്ഥിരം ബാറ്റു ചെയ്തിരുന്നത്. അരങ്ങേറ്റ മൽസരത്തിലും പിന്നീടുള്ള മൽസരത്തിലും ഏഴാമനായാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. പിന്നീട് നടന്ന പാക്കിസ്ഥാനെതിരായ പരമ്പരയിൽ ധോണിയെ എങ്ങനെ വ്യത്യസ്തമായി ഉപയോഗപ്പെടുത്താം എന്ന ചിന്തയിലായിരുന്നു ഞാൻ. കാരണം ധോണിയുടെ പ്രതിഭയെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.

പാക്കിസ്ഥാനെതിരെ വിശാഖപട്ടണത്തു നടന്ന മൽസരത്തിനു മുന്നോടിയായുള്ള ടീം മീറ്റിങ്ങിൽ ബാറ്റിങ് ലൈനപ്പ് തീരുമാനിച്ചപ്പോഴും ധോണിയുടെ സ്ഥാനം പതിവുപോലെ ഏഴായിരുന്നു. എങ്കിലും ധോണിയെ മൂന്നാമനായി പരീക്ഷിച്ചാലോ എന്ന ആലോചനയിലായിരുന്നു ഞാൻ.

ഞാൻ ധോണിയുടെ സമീപത്തു ചെല്ലുമ്പോൾ ഷോർട്സൊക്കെയിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം. ബാറ്റിങ്ങിൽ ഏഴാമനായി ഇറങ്ങേണ്ട താരം ഇത്ര നേരത്തെ തയാറായി ഇരിക്കേണ്ട കാര്യമില്ലല്ലോ. ഇന്നു നിങ്ങൾ മൂന്നാമതായി ബാറ്റ് ചെയ്യാൻ പോകൂ എന്ന് ഞാൻ ധോണിയോടു പറഞ്ഞു.

‘അപ്പോൾ നിങ്ങളോ’ എന്നായി ധോണി. കാരണം ഞാനാണ് ആ സമയത്ത് മൂന്നാമത് ബാറ്റ് ചെയ്തിരുന്നത്. ‘ഞാൻ നാലാമത് ഇറങ്ങിക്കോളാം’ എന്നു ധോണിയോടു പറഞ്ഞു. അങ്ങനെയാണ് ആ മൽസരത്തിൽ ധോണി ആദ്യമായി മൂന്നാമനായി ക്രീസിലിറങ്ങുന്നത് – ഗാംഗുലി ഓർമിക്കുന്നു.

എന്തായാലും തന്റെ പരീക്ഷണം ഫലം കണ്ടു. പാക്ക് ബോളർമാരെ നിലം തൊടാതെ പറത്തിയ ധോണി നേടിയത് 148 റൺസ്. 15 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സായിരുന്നു ഇത്. ഇന്ത്യ 58 റൺസിന് ജയിച്ച ഈ മൽസരത്തിൽ ധോണി കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് ഇന്ത്യൻ ക്യാപ്റ്റനായി ഇതേ ധോണി വളർന്നത് മറ്റൊരു ചരിത്രം. കപിൽ ദേവിനുശേഷം ഏകദിന ലോകകപ്പിലും ആദ്യ ട്വന്റി20 ലോകകപ്പിലും ഇന്ത്യയ്ക്ക് അദ്ദേഹം വിജയം സമ്മാനിക്കുകയും ചെയ്തു. 2013ൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലും ധോണി ഇന്ത്യയെ ചാംപ്യൻമാരാക്കി.