57 ടെസ്റ്റ്, ജയം ആറ്; ചരിത്രം തിരുത്താൻ കോഹ്‍ലിയും സംഘവും ഇറങ്ങുന്നു

ഇന്ത്യ– ഇംഗ്ലണ്ട് െടസ്റ്റ് പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി ഇംഗ്ലണ്ട് ടീം നായകൻ ജോ റൂട്ടും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും

ബിർമിങ്ങം∙ കണക്കുപരീക്ഷ പോലെയാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനം. ജയിക്കാൻ കടുപ്പം. ജയിച്ചാൽ ചരിത്രം. ഇവിടെ കളിച്ച 57 ടെസ്റ്റുകളിൽ ജയിച്ചത് ആറെണ്ണം മാത്രം. അവസാനമായി ഇംഗ്ലണ്ടിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ട് ഒരു പതിറ്റാണ്ടായി. 2007ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ. അതിനു ശേഷം എം.എസ്.ധോണിയുടെ നേതൃത്വത്തിൽ രണ്ടുവട്ടം ഇവിടെ വന്നു. 0–4നും 1–3നും നന്നായി തോറ്റു. ഇത്തവണ വിരാട് കോഹ്‌ലിയുടെ ഊഴമാണ്. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമായാണു വരവ്. മികച്ച ബോളിങ് നിരയുണ്ട്. ജയിക്കാൻ ഇതിലും നല്ലൊരു അവസരമില്ല എന്നു ചുരുക്കം.

അഞ്ചു ടെസ്റ്റുകളാണു പരമ്പരയിൽ. എജ്ബാസ്റ്റനിൽ ഇന്നു തുടങ്ങുന്ന മൽസരം ഇംഗ്ലണ്ടുകാർക്കു വിശേഷപ്പെട്ടതാണ്. അവരുടെ ആയിരാമത്തെ മൽസരം. എന്നാൽ പഴയ പ്രതാപമൊന്നും ഇപ്പോഴില്ല. 2017 സെപ്റ്റംബർ മുതൽ കളിച്ച ഒൻപതു ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണു ജയിച്ചത്. നാട്ടിൽ നടന്ന കഴിഞ്ഞ അഞ്ചു ടെസ്റ്റുകളിൽ രണ്ടെണ്ണത്തിലും തോറ്റു – വെസ്റ്റ് ഇൻഡീസിനെതിരെയും പാക്കിസ്ഥാനെതിരെയും. ക്യാപ്റ്റൻ ജോ റൂട്ടിനെയും മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനെയും അമിതമായി ആശ്രയിച്ച ഇംഗ്ലിഷ് ബാറ്റിങ് നിരയെ വിൻഡീസ്, പാക്ക് ബോളിങ് നിരകൾ വേരറുത്തു പാകം ചെയ്തു. ഇന്ത്യ തീയൊരുക്കുന്നതും അതിനാണ്. ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതലാണു മൽസരം. 

∙ രാഹുലോ ധവാനോ? 

2007ൽ പരമ്പര ജയിച്ച ടീമിൽ അംഗമായിരുന്നു വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്. 2011ലും 2014ലും വിരാട് കോഹ്‌ലിയും ഇഷാന്ത് ശർമയും ടീമിലുണ്ടായിരുന്നു. 2014ലെ പരമ്പരയിൽ ഇവരെക്കൂടാതെ ഏഴുപേർ കൂടിയുണ്ടായിരുന്നു. ഇംഗ്ലണ്ട് ഈ ടീമിന് അത്ര അപരിചിത ദേശമല്ല എന്നു ചുരുക്കം. ഇവരിൽ നിന്നു കൃത്യമായ ചേരുവയിൽ ഒരു ഇലവനെ തിരഞ്ഞെടുക്കുക എന്നതു മാത്രമാണു ടീം മാനേജ്മെന്റിനു  മുന്നിലുള്ള വെല്ലുവിളി. ഇന്ത്യ വലഞ്ഞുപോകുന്നതും അവിടെയാണ്. 

ഓപ്പണിങ്ങിൽ ശിഖർ ധവാനെ ഇനിയും വിശ്വസിക്കണോ അതോ കെ.എൽ.രാഹുലിന് അവസരം നൽകണമോ എന്നതു ക്യാപ്റ്റൻ കോഹ്‌ലിയും കോച്ച് ശാസ്ത്രിയും നേരിടുന്ന ചോദ്യം. എസക്സിനെതിരെ സന്നാഹ മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ 58 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 36 റൺസും രാഹുൽ നേടിയിരുന്നു. ധവാൻ രണ്ട് ഇന്നിങ്സിലുമായി ആകെ നാലു പന്തുകൾ മാത്രമാണു നേരിട്ടത്. വിദേശ മണ്ണിൽ വിശ്വസ്തനാകുമെന്ന് ഇന്ത്യ കരുതിയിരുന്ന ചേതേശ്വർ പൂജാരയും ഫോമില്ലാതെ വലയുന്നു. യോർക്‌ഷെറിനു വേണ്ടി കൗണ്ടി കളിച്ച പൂജാര ഇതുവരെ ഒരു അർധസെഞ്ചുറി പോലും നേടിയില്ല. ആറു കളികളിൽ ആകെ 172 റൺസാണു സമ്പാദ്യം. ശരാശരി 14.33. ധവാൻ–വിജയ് ഓപ്പണിങ് സഖ്യത്തെ നിലനിർത്തുകയാണെങ്കിൽ വൺഡൗണിൽ പൂജാരയ്ക്കു പകരമായും രാഹുലിനെ പരീക്ഷിച്ചേക്കാം. 

∙ അശ്വിനോ കുൽദീപോ? 

ബോളിങ് നിരയിൽ അശ്വിനും ഇഷാന്ത് ശർമയ്ക്കും കൗണ്ടി ക്രിക്കറ്റ് പരിചയമുണ്ട്. പക്ഷേ, ടീമിലെ ഒന്നാം നമ്പർ സ്പിന്നറായിട്ടും അശ്വിൻ പ്ലേയിങ് ഇലവനിൽ വെല്ലുവിളി നേരിടുന്നു. ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർക്ക് ഇതുവരെ ശരിക്കു മനസ്സിലാകാത്ത കുൽദീപ് യാദവാണു ടീമിൽ അശ്വിന് എതിരാളി. പരിചയസമ്പത്ത് അശ്വിനു തുണയായേക്കാം. അങ്ങനെയെങ്കിൽ കുൽദീപിനൊപ്പം രവീന്ദ്ര ജഡേജയും പുറത്തിരിക്കേണ്ടി വരും. പക്ഷേ, ഇംഗ്ലണ്ട് കുൽദീപിനെ ഇപ്പോഴും പ്രതീക്ഷിച്ചു പേടിക്കുന്നുണ്ട്. ജോ റൂട്ട് മാത്രമാണു ടോപ് ഓർഡറിൽ ഇടംകയ്യൻ സ്പിന്നറെ നേരിട്ടു പരിചയമുള്ളയാൾ. 

ഇന്ത്യൻ ടീം ഇവരിൽനിന്ന്: ശിഖർ ധവാൻ, മുരളി വിജയ്, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ദിനേഷ് കാർത്തിക്), ഋഷഭ് പന്ത്, കരുൺ നായർ, ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ഇംഗ്ലണ്ട് ഇലവൻ: അലസ്റ്റയർ കുക്ക്, കീറ്റോൺ ജെന്നിങ്സ്, ജോ റൂട്ട്, ഡേവിഡ് മാലൻ, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ആദിൽ റാഷിദ്, സാം കുറാൻ, ജയിംസ് ആൻഡേഴ്സൺ.

ഏഴു സെഞ്ചുറികൾ വീതം നേടിയ രാഹുൽ ദ്രാവിഡും സച്ചിൻ തെൻഡുൽക്കറുമാണ് ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരകളിൽ കൂടുതൽ സെഞ്ചുറികൾ നേടിയവർ. ഇംഗ്ലണ്ട് താരങ്ങളിൽ ആറു സെഞ്ചുറികളോടെ കെവിൻ പീറ്റേഴ്സണും അലസ്റ്റയർ കുക്കും.

സുനിൽ ഗാവസ്കറാണ് ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരകളിൽ കൂടുതൽ ക്യാച്ചെടുത്ത താരം. ഇംഗ്ലിഷ് താരങ്ങളിൽ 25 ക്യാച്ചോടെ അലസ്റ്റയർ കുക്കാണ് മുന്നിൽ.

ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിലെ ഉയർന്ന വ്യക്തിഗത സ്കോർ ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂച്ചിന്റെ പേരിലാണ്. 1990ൽ ലോർഡ്സിൽ നേടിയ 333 റൺസ്. ഇന്ത്യൻ താരങ്ങളിൽ മുന്നിൽ കരുൺ നായർ. 2016ൽ ചെന്നൈയിൽ നേടിയ 303*