ആദ്യദിനം ഒൻപതു വിക്കറ്റ് പിഴുത് ‘റൂട്ടിളക്കി’ ഇന്ത്യ; അശ്വിന് നാലു വിക്കറ്റ്

ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകൾ പിഴുത രവിചന്ദ്രൻ അശ്വിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

ബിർമിങ്ങം ∙ എജ്ബാസ്റ്റനിലെ പേസ് വിക്കറ്റിൽ ഇന്ത്യൻ ബോളർമാർ ആ​ഞ്ഞടിച്ചപ്പോൾ ഇംഗ്ലണ്ട് ബാറ്റിങ്ങ് നിരയ്ക്ക് അടിപതറി. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും പേസ് മികവിനൊപ്പം രവിചന്ദ്രൻ അശ്വിന്റെ സ്പിൻ മികവും കൂടിയായപ്പോൾ, ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിന്റെ ആദ്യദിനം ആതിഥേയർ 88 ഓവറിൽ ഒൻപതിന് 285 എന്ന നിലയിൽ. ഇന്ത്യയ്ക്കായി അശ്വിൻ നാലും ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും ഒരോ വിക്കറ്റ് വീതമെടുത്തു.

തുടക്കത്തിൽ നന്നായി ബാറ്റു ചെയ്ത ഇംഗ്ലണ്ട് അവസാന സെഷനിൽ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിയുകയായിരുന്നു. നായകൻ ജോ റൂട്ട് (80), ജോണി ബെയർസ്റ്റോ (70) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറർമാർ. സെഞ്ചുറി നേടാനായില്ലെങ്കിലും, രാജ്യാന്തര ടെസ്റ്റിൽ അരങ്ങേറി വളരെ കുറച്ചു സമയത്തിനകം 6000 റൺസ് തികയ്ക്കുന്ന ഇംഗ്ലണ്ട് താരം എന്ന റെക്കോർഡ് റൂട്ട് സ്വന്തമാക്കി. അഞ്ചു വർഷവും 231 ദിവസവുമാണ് റൂട്ടിനു വേണ്ടിവന്നത്. എഴുപതു ടെസ്റ്റുകളിൽനിന്നാണ് ഈ നേട്ടം. ജോസ് ബട്‌ലറെ റണ്ണെടുക്കും മുൻപ് അശ്വിൻ മടക്കി. വാലറ്റത്ത് സാം കുറന്റെ ചെറുത്തു നിൽപ്പില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്സ് രണ്ടാം ദിവസത്തേക്കു നീളുമായിരുന്നില്ല.

ടോസ് നേടി ബാറ്റിങ് തുടങ്ങാൻ തീരുമാനിച്ച ഇംഗ്ലണ്ടിനായി അലസ്റ്റയർ കുക്കും കീറ്റൻ ജെന്നിങ്ങ്സും നന്നായി തന്നെയാണു തുടങ്ങിയത്. ഉമേഷ് യാദവിന്റെയും ഇഷാന്ത് ശർമയുടെയും പന്തുകളെ ഇംഗ്ലിഷ് ഓപ്പണർമാർ ഫലപ്രദമായി പ്രതിരോധിച്ചതോടെ ഏഴാം ഓവറിൽ കോഹ്‌ലി കളി മാറ്റി. പന്ത് അശ്വിന്. കോഹ്‌ലിയുടെ തീരുമാനം നൂറു ശതമാനം ശരിവയ്ക്കും വിധം തന്റെ രണ്ടാം ഓവറിൽ ഉജ്ജ്വലമായ ഒരു പന്തിലൂടെ കുക്കിനെ മടക്കി അശ്വിൻ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചു. മിഡിൽ സ്റ്റംപ് ലൈനിൽ കുത്തിത്തിരിഞ്ഞ ആശ്വിന്റെ പന്ത് ഇംഗ്ലണ്ടിന്റെ വിശ്വസ്ത ഓപ്പണറുടെ ഓഫ്സ്റ്റംപ് വീഴ്ത്തി.

ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് 6,000 റൺസ് പിന്നിട്ട വിവരം ഐസിസി ട്വീറ്റ് ചെയ്തപ്പോൾ.

എന്നാൽ, മൂന്നാമനായി ക്രീസിലെത്തിയ ജോ റൂട്ട് ഏകദിന പരമ്പരയിലെ ഫോം തുടരാൻ തീരുമാനിച്ചാണ് ഇറങ്ങിയത്. അതോടെ, ഇംഗ്ലണ്ട് മൽസരത്തിലേക്കു ശക്തമായി തിരിച്ചുവന്നു. നന്നായി ബാറ്റ് ചെയ്തിരുന്ന ജെന്നിങ്ങ്സിനെ മുഹമ്മദ് ഷമിയാണു മടക്കിയത്. ജെന്നിങ്ങ്സ് പ്രതിരോധിച്ച പന്ത് താരത്തിന്റെ ദേഹത്തിടിച്ച ശേഷം ബെയ്ൽസിൽ പതിക്കുകയായിരുന്നു. അധികം താമസിയാതെ മലാനെയും ഷമി മടക്കി. 14–ാം സെഞ്ചുറിയിലേക്കു കുതിച്ച റൂട്ട് ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായി. വിക്കറ്റ് നഷ്ടത്തിൽ ക്ഷുഭിതനായ റൂട്ട് ബാറ്റ് വലിച്ചെറിഞ്ഞാണു മടങ്ങിയത്.

ബെയർസ്റ്റോയെ യാദവും നേരിട്ട രണ്ടാം പന്തിൽത്തന്നെ ബട്‌ലറെ മടക്കി അശ്വിനും കരുത്തുകാട്ടിയതോടെ എട്ടു റൺസിനിടെ ഇന്ത്യ നേടിയതു മൂന്നു വിക്കറ്റ്. ഇതോടെ ഇംഗ്ലണ്ട് ആറിന് 224 എന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് ഇന്ത്യ മേൽക്കൈ നിലനിർത്തി.

പൂജാര പുറത്ത്, രാഹുൽ അകത്ത്

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ടെസ്റ്റിലെ വിശ്വസ്ത താരം ചേതേശ്വർ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. സമീപകാലത്തായി ഫോമിലല്ലാത്തതാണ് പൂജാരയ്ക്ക് തിരിച്ചടിയായത്. പൂജാരയ്ക്കുപകരം ലോകേഷ് രാഹുൽ ടീമിലെത്തി. ആർ. അശ്വിനാണ് ടീമിലെ ഏക സ്പിന്നർ. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും പുറത്തിരുന്നു.

ഉമേഷ് യാദവ്–ഇഷാന്ത് ശർമ–മുഹമ്മദ് ഷാമി ത്രയമാണ് ഇന്ത്യയുടെ പേസ് ആക്രമണം നയിക്കുന്നത്. മൂന്നാം ഓപ്പണറായിട്ടാണ് ടീമിലെത്തിയതെങ്കിലും പൂജാര മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് രാഹുൽ മൂന്നാമനായത്. കോഹ്‍ലി നാലാമതും രഹാനെ അഞ്ചാമതുമായി ബാറ്റിങ്ങിനെത്തും. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കാണ് ആറാമതെത്തുക. ഏഴാമനായി ഹാർദിക് പാണ്ഡ്യയെത്തും.

ഇംഗ്ലണ്ട് നിരയിൽ ആദിൽ റഷീദ് ഇടംപിടിച്ചിട്ടുണ്ട്. അലിസ്റ്റയർ കുക്കിനൊപ്പം കീറ്റൺ ജെന്നിങ്സാകും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. സ്റ്റ്യുവാർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്സൻ തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

ടീം ഇങ്ങനെ

ഇന്ത്യൻ ടീം: മുരളി വിജയ്, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ

ഇംഗ്ലണ്ട് ടീം: അലിസ്റ്റയർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോ റൂട്ട് (ക്യാപ്റ്റൻ), ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, സാം കുറാൻ, ആദിൽ റഷീദ്, സ്റ്റ്യുവാർട്ട് ബ്രോഡ്, ജയിംസ് ആൻഡേഴ്സൻ

സ്കോർബോർഡ്

ഇംഗ്ലണ്ട്– കുക്ക് ബി അശ്വിൻ 13, ജെന്നിങ്ങ്സ് ബി ഷമി 42, റൂട്ട് റണ്ണൗട്ട് 80, മലാൻ എൽബിഡബ്ല്യു ബി ഷമി 8, ബെയർസ്റ്റോ ബി ഉമേഷ് 70, സ്റ്റോക്സ് സി ആൻഡ് ബി അശ്വിൻ 21, ബട്‌ലർ എൽ‌ബിഡബ്ല്യു ബി അശ്വൻ 0, കുറാൻ ബാറ്റിങ് 24, റഷീദ് എൽബിഡബ്ല്യു ബി ഇഷാന്ത് 13, ബ്രോഡ് എൽ‌ബിഡബ്ല്യു ബി അശ്വൻ 1, ആൻഡേർസൻ ബാറ്റിങ് 0. എക്സ്ട്ര 13. ആകെ 88 ഓവറിൽ 9–285. ബോളിങ്– ഉമേഷ് 17–2–56–1, ഇഷാന്ത് 17–1–46–1, അശ്വിൻ 20–5–49–4, ഷമി 18–1–64–2, ഹാർദിക് 10–1–46–0

വിക്കറ്റുവീഴ്ച– 1–26(കുക്ക്), 2–98(ജെന്നിങ്ങ്സ്), 3–112(മലാൻ), 4–216(റൂട്ട്), 5–223(ബെയർസ്റ്റോ), 6–224(ബട്‌ലർ), 7–243 (സ്റ്റോക്സ്), 8–278(റഷീദ്), 9–283(ബ്രോഡ്)

6000 റൺസ്

അരങ്ങേറി ഏറ്റവും കുറഞ്ഞ സമയത്തിനകം 6000 റൺസ് തികയ്ക്കുന്ന ഇംഗ്ലിഷ് താരമായി ജോ റൂട്ട്. അഞ്ചു വർഷവും 231 ദിവസവുമാണ് റൂട്ടിനു വേണ്ടിവന്നത്. മറികടന്നത് അഞ്ചുവർഷവും 339 ദിവസവുമെന്ന, അലസ്റ്റയർ കുക്കിന്റെ റെക്കോർഡ്