‘കുംബ്ലെയുടെ റെക്കോർഡ് തടയാൻ നമുക്ക് റണ്ണൗട്ടായാലോ?’

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കിയ താരങ്ങളെത്ര പേരുണ്ട്? രണ്ടേ രണ്ടുപേർ എന്നാണ് ഉത്തരം. ഒന്ന് ഇംഗ്ലിഷ് താരം ജിം ലേക്കർ. രണ്ടാമൻ മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. പാക്കിസ്ഥാനെതിരെ 1999ൽ ഡൽഹി ഫിറോസ്ഷാ കോട്‍ലയിലാണ് കുംബ്ലെ എതിർ ടീമിലെ 10 പേരെയും പുറത്താക്കി റെക്കോർഡിട്ടത്.

എന്നാൽ, കുംബ്ലെയ്ക്ക് ഈ റെക്കോർഡ് സമ്മാനിക്കാതിരിക്കാൻ ചില ‘കുതന്ത്ര’ങ്ങൾ തങ്ങൾ ആലോചിച്ചിരുന്നതായി അന്ന് പാക്ക് ടീമിൽ അംഗമായിരുന്ന വസിം അക്രം പിന്നീട് വെളിപ്പെടുത്തിയിരുന്നു. അവസാന വിക്കറ്റിൽ അക്രവും വഖാർ യൂനിസും ബാറ്റു ചെയ്യുമ്പോഴായിരുന്നു ഇത്. ഒൻപതു വിക്കറ്റും നേടിയ കുംബ്ലെ തങ്ങളിലൊരാളെക്കൂടി പുറത്താക്കിയാൽ റെക്കോർഡ് സ്വന്തമാക്കുമെന്ന് ‘ഭയന്ന’ വഖാർ, ഇന്നിങ്സിനിടെ അക്രത്തിന് സമീപമെത്തി ചോദിച്ചു, ‘എന്തുകൊണ്ട് നമുക്ക് റണ്ണൗട്ടായിക്കൂടാ?’. അക്രം തന്നെയാണ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയത്.

അക്രത്തിന്റെ വാക്കുകളിലൂടെ:

‘നമ്മൾ റണ്ണൗട്ടാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് വഖാർ എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു, അദ്ദേഹം അത് അർഹിക്കുന്നെങ്കിൽ നാം എന്തു ചെയ്തിട്ടും കാര്യമില്ല. എന്തായാലും ഒരു കാര്യം ഉറപ്പു പറയാം. എന്റെ വിക്കറ്റ് കുംബ്ലെയ്ക്ക് നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, എന്നെ പുറത്താക്കിത്തന്നെ ഒടുവിൽ കുംബ്ലെ ആ ചരിത്രനേട്ടം സ്വന്തമാക്കി.’