ബിർമിങ്ങാം∙ ഇന്ത്യ ജൻമം നൽകിയ ഏറ്റവും മികച്ച താരമായി മാറാനുള്ള കഴിവും പ്രാപ്തിയും വിരാട് കോഹ്‍ലിക്കുണ്ടെന്ന് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. കളിയുടെ കാര്യത്തിലും സമ്മർദ്ദ നിമിഷങ്ങളെ കൈകാര്യം ചെയ്യുന്ന കാര്യത്തിലും സാക്ഷാൽ സച്ചിൻ തെന്‍ഡുൽക്കറിന്റെ പാതയിലാണ് കോഹ്‍ലിയുടെ കുതിപ്പെന്നും സംഗക്കാര അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ താരങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച താരം കോഹ‍്‌ലി തന്നെയാണെന്നും സംഗക്കാര പറഞ്ഞു. മുന്നോട്ടു പോകുന്തോറും കളത്തിൽ കോഹ്‍ലി കൂടുതൽ പക്വതയാർജിക്കുമെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. സ്വയം മനസ്സിലാക്കാനും കളി മെച്ചപ്പെടുത്താനും കോഹ്‍ലിക്കു സാധിച്ചാൽ ഒട്ടേറെ റെക്കോർഡുകൾ കടപുഴക്കാൻ കോഹ്‍ലിക്കാകുമെന്നും സംഗക്കാര അഭിപ്രായപ്പെട്ടു.
രാജ്യന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ നേടി റെക്കോർഡ് സ്ഥാപിച്ച സാക്ഷാൽ സച്ചിന്റെ റെക്കോർഡ് നിലവിൽ 57 സെഞ്ചുറികൾ നേടിക്കഴിഞ്ഞ കോഹ്‍ലിക്കു തകർക്കാനാകുമോ എന്ന ചോദ്യത്തിന് സംഗക്കാരയുടെ മറുപടി ഇങ്ങനെ: ‘അത് കോഹ്‍ലി എത്രകാലം കളത്തിൽ തുടരും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇതേ ഫോമിൽ തുടരാനായാൽ രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടനവധി റെക്കോർഡുകൾ കോഹ്‍ലിയുടെ പേരിലാകും.’