കളിക്കാരുടെ പട്ടിക നോക്കിയാല്‍ മനസ്സിലാകും, ഇന്ത്യയുടെ ഏറ്റവും മികച്ച 15 അംഗ ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്. പുറമെനിന്ന് എടുക്കാന്‍ എന്നു പറയാന്‍ ആരുമില്ല. രോഹിത് ശര്‍മ പോലുള്ളവരെ ചൂണ്ടിക്കാട്ടിയാലും ഇപ്പോള്‍ കളിക്കുന്നവരില്‍നിന്ന് കൂടുതൽ ഭേദമെന്നു പറയുക വയ്യ. മികച്ചവരെല്ലാം ഇംഗ്ലണ്ടിലുള്ളപ്പോൾ, പരമ്പരയിൽ രക്ഷപ്പെടാൻ ഇന്ത്യയ്ക്കു മുന്നിൽ ഒറ്റ വഴി മാത്രം. ഇവരെല്ലാം കൂടുതൽ ഉത്തരവാദിത്തം കാട്ടുക, ടീമിനെ ജയിപ്പിക്കുക.
ഇംഗ്ലണ്ടിലെ പിച്ചുകളുടെ സവിശേഷത പരിഗണിച്ച് ഓഫ്‌സൈഡിനു പുറത്തുകൂടെ മൂളിപ്പായുന്ന പന്തുകളെ ഇവര്‍ പ്രതിരോധിച്ചാലേ അഞ്ചു മല്‍സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രതീക്ഷ വയ്ക്കാനുള്ളൂ. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതുപോലെ തന്നെ ആദ്യ ടെസ്റ്റ് നേരിയ മാര്‍ജിനു തോറ്റുകൊണ്ടു ഇന്ത്യ തുടങ്ങി. വ്യത്യാസം ഒരുകാര്യത്തില്‍ മാത്രം. ദക്ഷിണാഫ്രിക്കയില്‍ ഒരു പരിശീലന മല്‍സരം പോലും കളിക്കാതെ വന്നിറങ്ങി ഗ്രൗണ്ടില്‍ പോയതായിരുന്നെങ്കില്‍, ഇവിടെ മല്‍സരങ്ങള്‍ ഏറെ കളിച്ച ശേഷമാണ് തോല്‍വി.
ന്യൂ ബോള്‍ പാര
കളിക്കേണ്ട പന്തുകളെ മാത്രം കളിക്കാനും അല്ലാത്തവയെ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് പോകാനനുവദിക്കാനുമുള്ള ക്ഷമയാണ് പേസ് പിച്ചുകളില്‍ പ്രധാനം. ടെസ്റ്റ് ക്രിക്കറ്റിൽ പ്രത്യേകിച്ചു. ഇക്കാര്യത്തിൽ ഓപ്പണര്‍മാര്‍ക്കാണ് കൂടുതൽ ഉത്തരവാദിത്തമുള്ളത്. എജ്ബാസ്റ്റൻ ടെസ്റ്റിൽ സ്വിങ്ങിങ് പന്തുകള്‍ കളിക്കുന്നതിലെ ദൗർബല്യം പ്രകടമാക്കിയ ധവാന്‍ അടുത്ത ടെസ്റ്റിലുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ദീര്‍ഘകാലമായി ഇന്ത്യയ്ക്കായി കളിക്കുന്ന മുരളി വിജയിലാണ് പ്രതീക്ഷ. പന്തിനെ പ്രതിരോധിച്ച് പഴക്കം വരുത്തുകയാണ് ഓപ്പണര്‍മാരുടെ ജോലികളില്‍ പ്രധാനം. വിജയ് ഒരുപാടു പന്തുകള്‍ കളിക്കുന്ന ആളാണ്. അദ്ദേഹം ഫോമിലേക്കു തിരിച്ചു വന്നാല്‍ ഒരറ്റത്ത് അത് ആശ്വാസമാകും. ടീമില്‍ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ് കളിയെക്കാള്‍ കെ.എല്‍. രാഹുലിനെ തളര്‍ത്തുന്നത്.
പ്രതിഭയുടെ കാര്യത്തില്‍ സംശയമേതും വേണ്ടാത്ത കളിക്കാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണറായി ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ സെഞ്ചുറിയടിച്ച പിന്നീട് ഫോമിന്റെ ഔന്നത്യത്തിലായിരുന്നു. 199 റണ്‍സില്‍ നില്‍ക്കുമ്പോള്‍ അത്യുല്‍സാഹം കാട്ടി വിക്കറ്റു കളഞ്ഞ കാലത്തെ രാഹുലല്ല ഇപ്പോള്‍. അന്നു കളിയില്‍നിന്ന് ശ്രദ്ധമാറിയതോടെ ടീമില്‍ നിന്നും പുറത്തായി. ഇപ്പോള്‍ അതിസമ്മര്‍ദത്തിലാണ് ടീമിൽ സ്ഥാനമുറപ്പിക്കേണ്ടത്. അതേസമയം, അമിതഭാരം ആസ്വദിക്കുന്ന കോഹ്‌ലി എന്നും ഇതു താങ്ങുമോയെന്നാണ് മറ്റു ബാറ്റസ്മാന്‍മാര്‍ സ്വയം ചോദിക്കേണ്ടത്.
പൂജാര വന്നാല്‍
പൂജാരയുടെ നിലവിലെ ഫോം വലിയ പ്രശ്‌നമാണ്. അതു തന്നെയാണ് പുറത്തിരുത്തുവാനുള്ള കാരണവും. കൗണ്ടി കളിക്കുന്ന പൂജാരയ്ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാനോ പിടിച്ചു നില്‍ക്കാനോ കഴിഞ്ഞില്ല. എങ്കിലും അടുത്ത മല്‍സരത്തില്‍ മൂന്നാമനായി പൂജാരയെ പ്രതീക്ഷിക്കാം. വേറെ എന്തു ചെയ്യാനുണ്ട് ടീം ഇന്ത്യയ്ക്ക്. കുറച്ചു കാലമായി തുടരുന്ന മോശം ഫോം രഹാനെയെ വിട്ടു പോകുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. ഒരു ടെസ്റ്റില്‍കൂടി പരാജയപ്പെട്ടാല്‍ കരുണ്‍ നായര്‍ സ്ഥാനം ഏറ്റെടുക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇതുപോലൊരു അവസരം ദിനേഷ് കാര്‍ത്തിക്കിന് ഇനി ലഭിക്കാനില്ല. കരിയറിന്റെ അവസാനത്തില്‍ നില്‍ക്കുന്ന കാര്‍ത്തിക് പക്ഷേ വിക്കറ്റിനു പിന്നിൽപ്പോലും നിരാശപ്പെടുത്തുന്നു. രണ്ടാമിന്നിങ്‌സില്‍ കോഹ്‌ലിക്കു പറ്റിയ കൂട്ടാകുമെന്നു തോന്നിച്ചെങ്കിലും നാലാം ദിനം ആദ്യ ഓവറില്‍ തന്നെ മടങ്ങി.
കില്ലര്‍ ഇല്ല
മുഹമ്മദ് ഷമി ആദ്യ ഇന്നിങ്‌സില്‍ നന്നായി എറിഞ്ഞു. ഇഷാന്ത് ശര്‍മ രണ്ടാം ഇന്നിങ്‌സിലും. അശ്വിന്‍ ടെസ്റ്റിലുടനീളം മികച്ച രീതിയില്‍ ബോള്‍ ചെയ്തു. എങ്കിലും ഒരു ‘കില്ലര്‍ ഇന്‍സ്റ്റിങ്റ്റ്’ ഇവര്‍ കാണിച്ചില്ല. സാം കറാന്‍ രണ്ടാമിന്നിങ്‌സില്‍ റണ്‍സ് വാരിക്കൂട്ടുമ്പോള്‍ വായടപ്പിക്കാന്‍ ഇവര്‍ക്കു കഴിയാതെ പോയി.
പരുക്കു ഭേദമായി ബുംമ്ര തിരിച്ചെത്തുകയും കുല്‍ദീപിനെയോ ജഡേജയെയോ ടീമിലെത്തിക്കുകയും ചെയ്താല്‍ ബോളിങ് മൂര്‍ച്ച ഒന്നുകൂടി കൂടും. എങ്കിലും കാര്യമില്ല. ക്യാച്ചെടുക്കാന്‍ ആളു വേണം. ബോളര്‍മാരുടെ അധ്വാനം മുഴുവന്‍ പാഴാകുകയാണ് വിക്കറ്റിനു പിന്നിലും സ്ലിപ്പിലുമായി. ധവാന്റെ കൈകൾ ചോരുന്നതിനു കണക്കില്ല. ഇംഗ്ലണ്ടും അക്കാര്യത്തില്‍ മോശമല്ലെന്നു മാത്രം.