കോഹ്‍ലി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്; സച്ചിനുശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യക്കാരൻ

ദുബായ് ∙ ഏകദിനത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരത്തിലെ സെഞ്ചുറി നേട്ടമാണു കോഹ്‌ലിയെ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാമനാക്കിയത്. 67 ടെസ്റ്റുകൾ കളിച്ച കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ കന്നി ഒന്നാം റാങ്ക് നേട്ടമാണിത്. 32 മാസം ഒന്നാം റാങ്ക് കൈയടക്കിവച്ചിരുന്ന മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണു കോഹ്‌ലി ഒന്നാമതെത്തിയത്.

2011 ജൂണിൽ ഒന്നാമതെത്തിയ സച്ചിൻ തെൻഡുൽക്കർക്കുശേഷം ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരൻ എന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. എജ്ബാസ്റ്റൻ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 149 റൺസും, രണ്ടാം ഇന്നിങ്ങ്സിൽ 51 റൺസും നേടിയ കോഹ്‌ലിക്ക് ഇപ്പോൾ 934 പോയിന്റുകളുണ്ട്.

സ്റ്റീവ് സ്മിത്തിനെക്കാൾ അഞ്ചു പോയിന്റ് അധികമുള്ള ഇന്ത്യൻ നായകന് ഒന്നാം സ്ഥാനത്തു തുടരാൻ പരമ്പരയിലെ ഇനിയുള്ള കളികളിൽ മികച്ച ഫോം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കോഹ്‌ലിക്കും സച്ചിനും പുറമേ രാഹുൽ ദ്രാവിഡ്, ഗൗതം ഗംഭീർ‌, സുനിൽ ഗാവസ്കർ, വീരേന്ദർ സേവാഗ്, ദിലീപ് വെങ്സാർക്കർ എന്നിവരാണു ടെസ്റ്റിൽ ഒന്നാം റാങ്കിലെത്തിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തോടെ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ റാങ്കിങ്ങിൽ താഴേക്കിറങ്ങി. കെ.എൽ.രാഹുൽ ഒരു സ്ഥാനം നഷ്ടപ്പെടുത്തി പത്തൊൻപതിലെത്തിയപ്പോൾ രഹാനെ മൂന്നു സ്ഥാനങ്ങൾ നഷ്ടമാക്കി ഇരുപത്തിരണ്ടിലേക്കിറങ്ങി. മുരളി വിജയും ശിഖർ ധവാനും 25–ാം സ്ഥാനം പങ്കിടുകയാണിപ്പോൾ.