വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം ട്വന്റി20യിൽ ബംഗ്ലദേശിന് ജയം, പരമ്പര

ലോഡർഹിൽ (യുഎസ്) ∙ നിർണായകമായ മൂന്നാം മത്സരത്തിൽ 19 റൺസ് ജയത്തോടെ ബംഗ്ലദേശ് വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര 2–1ന് സ്വന്തമാക്കി. ഓപ്പണറായി ഇറങ്ങിയ ലിറ്റൻ ദാസ് 32 പന്തിൽ 61 റൺസ് നേടി നൽകിയ മികച്ച തുടക്കം മുതലാക്കിയ ബംഗ്ലദേശ് 20 ഓവറിൽ അഞ്ചിന് 184 റൺസെടുത്തു. 21 പന്തിൽ ദാസും തമീം ഇക്ബാലും ചേർന്ന് 50 തികച്ച് ട്വന്റി 20യിൽ ബംഗ്ലദേശിന്റെ ഏറ്റവും വേഗത്തിലുള്ള 50 റൺസ് കൂട്ടുകെട്ട് റെക്കോർഡും നേടി.

വിൻഡീസ് 17.1 ഓവറിൽ ഏഴിന് 135 റൺസെടുത്തപ്പോൾ മഴ കളി മുടക്കിയതിനാൽ മഴനിയമം അനുസരിച്ച് ബംഗ്ലദേശ് 19 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 21 പന്തിൽ ആറു സിക്സും ഒരു ഫോറും ഉൾപ്പടെ 47 റൺസെടുത്ത് ആന്ദ്രെ റസ്സൽ വിൻഡീസിന് ജയപ്രതീക്ഷ നൽകി. പതിനെട്ടാം ഓവറിന്റെ ആദ്യപന്തിൽ റസ്സൽ പുറത്താകുകയും മഴ കളി മുടക്കുകയും ചെയ്തതോടെ വിൻഡീസിന് രക്ഷയില്ലാതായി. 

ടെസ്റ്റ്, ഏകദിന പരമ്പരകൾ വെസ്റ്റ് ഇൻഡീസ് ജയിച്ചിരുന്നു. 

സ്കോർ: ബംഗ്ലദേശ് 20 ഓവറിൽ അഞ്ചിന് 184 (ദാസ് 61, മഹമ്മദുല്ല 32*), വെസ്റ്റ് ഇൻഡീസ് 17.1 ഓവറിൽ ഏഴിന് 135 (റസ്സൽ 47, മുസ്തഫിസുർ 3–31)