‘ക്ഷണിച്ചിട്ടാണ് അനുഷ്ക പോയതെന്ന് ബിസിസിഐ, ‘വിവാദലൈക്കു’മായി രോഹിത്

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ വിരുന്നിനുശേഷം ഇന്ത്യൻ ടീം ചിത്രത്തിന് പോസ് ചെയ്യുന്നു. ബിസിസിഐ ട്വീറ്റ് ചെയ്ത ഈ ചിത്രത്തിൽ കോഹ്‍ലിയുടെ ഭാര്യ അനുഷ്ക ശർമ മുന്നിലും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പിന്നിലും നിൽക്കുന്നതാണ് വൃത്തങ്ങളിൽ.

മുംബൈ∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ നടത്തിയ ഔദ്യോഗിക വിരുന്നിൽ ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയു‍ടെ ഭാര്യയും ചലച്ചിത്ര താരവുമായ അനുഷ്ക ശർമ പങ്കെടുത്തതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് ബിസിസിഐയുടെ വിശദീകരണം. എല്ലാ താരങ്ങളെയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഹൈക്കമ്മിഷൻ വിരുന്നിനു ക്ഷണിച്ചതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് െചയ്തു.

ടീം എവിടെ പോയാലും ഇതു തന്നെയാണ് പൊതുരീതി. ഹൈക്കമിഷനുകൾ ടീമിനെ വിരുന്നിനു ക്ഷണിക്കുന്നത് അവരുടെ കുടുബത്തോടൊപ്പമാണ്. ആരെയൊക്കെ കൊണ്ടുപോകണമെന്നത് താരങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. ലണ്ടനിലും താരങ്ങളെ ഹൈക്കമ്മിഷൻ വിരുന്നിനു ക്ഷണിച്ചത് ഭാര്യമാർക്കൊപ്പമാണ്. ഇക്കാര്യത്തിൽ യാതൊരുവിധ പ്രോട്ടോക്കോൾ ലംഘനവുമില്ല – പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥൻ ‘ഹിന്ദുസ്ഥാൻ ടൈംസി’നോടു പറഞ്ഞു.

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇന്ത്യൻ ഹൈക്കമ്മിഷണറും അദ്ദേഹത്തിന്റെ ഭാര്യയും ക്ഷണിച്ചതനുസരിച്ചാണ് കോഹ്‍ലിയുടെ ഭാര്യ അനുഷ്ക ശർമ ഇന്ത്യൻ ടീമിനൊപ്പം വിരുന്നിൽ പങ്കെടുത്തത്. ഈ വിരുന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ ഒരുക്കിയതല്ല. ഹൈക്കമ്മിഷണറും അദ്ദേഹത്തിന്റെ ഭാര്യയും ടീമിനായി സജ്ജീകരിച്ചതാണ്. താരങ്ങൾ ഹൈക്കമ്മിഷനിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായാണ് ഈ ചിത്രം എടുത്തത്. ചിത്രത്തിൽഅജിങ്ക്യ രഹാനെ പിന്നിൽ നിന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്. ആരും പിന്നിൽ നിർത്തിയതല്ല. മാത്രമല്ല, വിരുന്ന് നടന്നത് ഇന്ത്യൻ ഹൈക്കമ്മിഷനിലല്ല. ഇന്ത്യൻ ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിയിലാണ്’ – അധികൃതർ വ്യക്തമാക്കി.

അതേസമയം, 45 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന വിദേശപര്യടനങ്ങളിൽ രണ്ടാഴ്ചയിലധികം ഭാര്യമാരെയോ വനിതാ സുഹൃത്തുക്കളെയോ ഒപ്പം കൂട്ടരുതെന്ന് ബിസിസിഐയുടെ നിർദ്ദേശമുണ്ട്. എജ്ബാസ്റ്റനിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ കോഹ്‍ലി സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും േനടിയിരുന്നെങ്കിലും മൽസരം ഇന്ത്യ കൈവിട്ടിരുന്നു.

വിവാദത്തിലേക്ക് രോഹി‍തിന്റെ ലൈക്ക്

അതിനിടെ, ഇന്ത്യൻ ടീമിനൊപ്പം അനുഷ്ക ശർമ ചിത്രത്തിന് പോസ് ചെയ്യുന്നതിനെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റിന് ഇന്ത്യൻ താരം കൂടിയായ രോഹിത് ശർമ ലൈക്ക് നൽകിയത് വിവാദമായി. ‘രോഹിത് ശർമയുടെ അഭാവം അനുഷ്ക ശർമയിലൂടെ നികത്തിയതാകു’മെന്ന ആരാധകന്റെ പരിഹാസ ട്വീറ്റിനാണ് രോഹിത് ലൈക്ക് നൽകിയത്. രോഹിതിനെ ടാഗ് ചെയ്തുകൊണ്ടുള്ളതാണ് ഈ ട്വീറ്റ്. 

മൂന്നാം ടെസ്റ്റ് വരെ താരങ്ങളുടെ ഭാര്യമാരെ ബിസിസിഐ അനുവദിക്കില്ലെന്നും ഓരോ താരങ്ങൾക്കും ഓരോ നിയമങ്ങളാണെന്നും കെവിൻ മാരിയോ എന്നയാളുടെ ഈ ട്വീറ്റിലുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയതോടെ ട്വന്റി20, ഏകദിന പരമ്പരകൾക്കുശേഷം രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.

രഹാനെ പിന്നിൽ, അനുഷ്ക മുന്നിൽ

നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നൽകിയ വിരുന്നിനുശേഷമെടുത്ത ചിത്രത്തിൽ ടീമിന്റെ മുൻനിരയിൽ കോഹ്‍ലിക്കൊപ്പം അനുഷ്കയെയും കണ്ടതോടെയാണ് കടുത്ത വിമർശനവുമായി ആരാധകർ രംഗത്തെത്തിയത്. കോഹ്‍ലിയുടെ ഭാര്യയെന്ന നിലയിൽ ടീമിന്റെ ‘പ്രഥമ വനിത’യാണോ ബോളിവുഡ് നടി അനുഷ്ക ശർമയെന്നായിരന്നു ആരാധകരുടെ ചോദ്യം. ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന  ടീമിലെ മറ്റു താരങ്ങളുടെ ഭാര്യമാരാരും ചിത്രത്തിലില്ലാത്തതും വിമർശനത്തിന്റെ മൂർച്ച കൂട്ടി.

വിരുന്നിനു പിന്നാലെ ബിസിസിഐയാണ്, ‘ഇന്ത്യൻ ടീം അംഗങ്ങൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ’ എന്ന കുറിപ്പോടെ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ഇന്ത്യൻ ടീമിന് ഔദ്യോഗികമായി ഹൈക്കമ്മിഷൻ നൽകിയ വിരുന്നിൽ കോഹ്‍ലിയുെട ഭാര്യ എങ്ങനെ പങ്കെടുത്തുവെന്ന ചോദ്യവും ചിലർ ഉയർത്തുന്നു. അതിന് ടീം മാനേജ്മെന്റ് അനുമതി നൽകിയതാണെങ്കില്‍ മറ്റു താരങ്ങളുടെ ഭാര്യമാർ എവിടെയെന്നാണ് ഇവരുടെ മറുചോദ്യം.

അനുഷ്ക ശർമ എന്നുമുതലാണ് ഇന്ത്യയ്ക്കായി കളിക്കാൻ തുടങ്ങിയതെന്ന പരിഹാസം ഉയർത്തുന്നവരും കുറവല്ല. ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ബിസിസിഐയുടെ ഉള്ള വിശ്വാസ്യതകൂടി നഷ്ടമായെന്നാണ് ചില ആരാധകരുടെ ട്വീറ്റ്.

ഇതിനെല്ലാം പുറമെ, ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെയെ ചിത്രമെടുക്കുമ്പോൾ ഏറ്റവും പിന്നിൽ നിർത്തിയതിന്റെ സാംഗത്യത്തെയും ചിലർ ചോദ്യം ചെയ്തു. ക്യാപ്റ്റൻ കോഹ്‍ലി, പരിശീലകൻ രവി ശാസ്ത്രി, ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാർ തുടങ്ങിയവർക്ക് മുൻനിരയിൽ ഇടമുള്ളപ്പോഴാണ് വൈസ് ക്യാപ്റ്റൻ രഹാനെയെ ഏറ്റവും പിന്നിൽ കൊണ്ടുപോയി നിർത്തിയതെന്നാണ് ഇവരുടെ വിമർശനം.