മലയാളത്തിന്റെ യുവനടൻ ദുൽഖർ സൽമാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വേഷത്തിലെത്തുന്നു? ബോളിവുഡിൽനിന്നുള്ള റിപ്പോർട്ടുകൾ വിശ്വസനീയമെങ്കിൽ ദുൽഖർ സൽമാൻ വിരാട് കോഹ്‍ലിയുടെ വേഷത്തിലെത്തുന്ന ചിത്രം അടുത്ത വർഷം ഏപ്രിലിൽ തിയറ്ററുകളിലെത്തും. ദുൽഖർ ആദ്യമായി നായകവേഷത്തിലെത്തിയ ഹിന്ദി ചിത്രം കർവാൻ തിയറ്ററുകളിൽ തുടരുമ്പോഴാണ്, ഇന്ത്യൻ ക്യാപ്റ്റന്റെ വേഷത്തിൽ താരമെത്തുമെന്ന റിപ്പോർട്ട്.
സോനം കപൂറാണ് ചിത്രത്തിലെ നായിക. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദ് സോയ ഫാക്ടറിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ട്. 2008ലാണ് ഈ നോവൽ പുറത്തിറങ്ങിയത്. സോനം കപൂറിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ജോൺ എബ്രഹാം നായകനായ ‘പരമാണു ദി സ്റ്റോറി ഓഫ് പൊഖ്റാന്‍’ സംവിധാനം ചെയ്ത അഭിഷേക് ശർമയാണ് ഈ ചിത്രം സംവിധാനം ചെയ്യുക. ക്രിക്കറ്റ് താരങ്ങളുടെ വേഷം ചെയ്യുന്നതിനുള്ള മുന്നൊരുക്കമായുള്ള വർഷ്ഷോപ്പിലും സോനവും ദുൽഖറും പങ്കാളികളാകുമെന്നാണ് റിപ്പോർട്ട്.
ഒരു പരസ്യ കമ്പനിയുടെ എക്സിക്യൂട്ടിവ് എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി പരിചയപ്പെടാൻ അവസരം ലഭിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ദ് സോയ ഫാക്ടർ. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുൾപ്പെടുന്ന ഒരു പരസ്യ ചിത്രീകരണത്തിൽ സോയ പങ്കെടുക്കുന്നതും അവർ പിന്നീട് ടീമിന്റെ ഭാഗ്യമുദ്രയായി മാറുന്നതുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. സോയയുടെ സാന്നിധ്യം ടീമിന് വിജയങ്ങളും അസാന്നിധ്യം പരാജയങ്ങളും കൊണ്ടുവരുന്നതോടെ, സോയ ടീമിന്റെ ഭാഗ്യമായി മുദ്ര കുത്തപ്പെടുന്നു. ഇതോടെ, ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിലും ടീമിനൊപ്പം പോകാൻ ക്രിക്കറ്റ് ബോർഡ് സോയയെ നിർബന്ധിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ നോവൽ, 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ചേർത്താണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്. മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ അന്നത്തെ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന കോഹ്‍ലിയുെട വേഷമാണ് ദുൽഖർ ചെയ്യുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.