സീനിയർ താരങ്ങൾ നിറഞ്ഞ ഓസീസ് എയുടെ 8 വിക്കറ്റ് പിഴുത് മുഹമ്മദ് സിറാജ്!

മുഹമ്മദ് സിറാജ്

ബെംഗളൂരു∙ പേസ് ബോളിങ് വിസ്മയവുമായി കളം നിറഞ്ഞ മുഹമ്മദ് സിറാജിനു മുന്നിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയ എ, ഇന്ത്യ എയ്ക്കെതിരായ ഒന്നാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം 243 റൺസിനു പുറത്ത്. ബെംഗളൂരുവിൽ നടക്കുന്ന മൽസരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, ഓപ്പണർ ഉസ്‌മാൻ ഖവാജ സെഞ്ചുറി നേടിയ മൽസരത്തിലാണ് 243 റൺസിന് പുറത്തായത്. 228 പന്തുകളിൽ 20 ബൗണ്ടറി സഹിതം ഖവാജ 127 റൺസെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 19.3 ഓവറിൽ 59 റൺസ് മാത്രം വഴങ്ങി എട്ടു വിക്കറ്റ് വീഴ്ത്തി. ശേഷിച്ച രണ്ടു വിക്കറ്റുകൾ ഇന്ത്യൻ സീനിയർ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട കുൽദീപ് യാദവ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 41 റണ്‍സ് എടുത്തിട്ടുണ്ട്. മായങ്ക് അഗർവാൾ 35 പന്തിൽ 31 റൺസോടെയും രവികുമാർ സമർഥ് 10 റൺസോടെയും ക്രീസിൽ.

ഉസ്മാൻ ഖവാജയ്ക്കു പുറമെ മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്സ്കോംബ് തുടങ്ങിയ സീനിയർ താരങ്ങളെടങ്ങിയ ടീമാണ് സിറാജിനു മുന്നിൽ തകർന്നത്. ഇവരെയെല്ലാം പുറത്താക്കിയതും സിറാജ് തന്നെ. ഓപ്പണിങ് വിക്കറ്റിൽ ഉസ്‌മാൻ ഖവാജ–കുർട്ടിസ് പാറ്റേഴ്സൻ സഖ്യം 78 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ഓസീസിന്റെ കൂട്ടത്തകർച്ച.

69 പന്തിൽ ഏഴു ബൗണ്ടറികളോടെ 31 റൺസെടുത്ത പാറ്റേഴ്സനെ ക്ലീൻ ബോൾഡാക്കി സിറാജാണ് ഓസീസ് തകർച്ചയ്ക്കു തുടക്കമിട്ടത്. ഇതുൾപ്പെടെ ആറു പേരെയാണ് സിറാജ് തുടർച്ചയായി മടക്കിയത്. ട്രാവിസ് ഹെഡ് (നാല്), പീറ്റർ ഹാൻഡ്സ്കോംബ് (പൂജ്യം), ക്യാപ്റ്റൻ മിച്ചൽ മാർഷ് (പൂജ്യം) എന്നിവരെ 12 റൺസിന്റെ ഇടവേളയിലാണ് സിറാജ് പുറത്താക്കിയത്.

അഞ്ചാം വിക്കറ്റഇൽ 114 റൺസ് കൂട്ടിച്ചേർത്ത ഖവാജ–ലബുഷാനെ സഖ്യമാണ് ഓസീസ് സ്കോർ 200 കടത്തിയത്. എന്നാൽ, സ്കോർ 204ൽ നിൽക്കെ ലബുഷാനെയെ സിറാജ് പുറത്താക്കിയതോടെ ഓസീസ് വീണ്ടു തകർന്നു. കാറെയ് (നാല്), നെസെർ (പൂജ്യം), ട്രെമയ്ൻ (പൂജ്യം), ഡോഗറ്റ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ. ഹോളണ്ട് 12 റൺസുമായി പുറത്താകാതെ നിന്നു. കുൽദീപ് യാദവ് 18 ഓവറിൽ 63 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.