തോൽവിക്കു കാരണം അശ്വിൻ–അലി വ്യത്യാസം; താരം ധർമസേനയെന്ന് ഗാംഗുലി

വിരാട് കോഹ്‍ലിയും കുമാർ ധർമസേനയും. മോയിൻ അലി, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് രണ്ടും മൂന്നും ചിത്രങ്ങളിൽ.

സതാംപ്ടൺ∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിക്കു പിന്നാലെ പ്രതികരണങ്ങളുമായി മുൻ താരങ്ങൾ രംഗത്ത്. ഇന്ത്യൻ‌ ടീമിലെ ഏക സ്പിന്നറായ രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ട് ടീമിന്റെ സ്പിൻ മുഖമായി മാറിയ മോയിൻ അലിയും തമ്മിൽ കളത്തിൽ പ്രകടമായ വ്യത്യാസമായിരുന്നു ഇരു ടീമുകളുടെയും പ്രകടനത്തിൽ നിർണായകമായതെന്ന് മുൻ ക്യാപ്റ്റൻ സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് അവരുടെ നാട്ടിൽ ഇന്ത്യയെ സ്പിന്നിലൂടെ വീഴ്ത്തിയതു ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും രംഗത്തെത്തി. മോയിൻ അലിയുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

∙ മികച്ച ടെസ്റ്റ് മൽസരമാണ് സതാംപ്ടണിൽ കണ്ടതെന്ന് ചൂണ്ടിക്കാട്ടിയ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, വിജയികളായ ഇംഗ്ലണ്ടിനെ അനുമോദിച്ചു. മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പ്രകടനം വേറിട്ടുനിൽക്കുന്നതാണെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. അതേസമയം, ഇത്തരം സാഹചര്യങ്ങളിൽ അംപയറെന്ന നിലയിൽ കുമാർ ധർമസേനയും മികച്ചുനിന്നതായി ഗാംഗുലി വിലയിരുത്തി.

∙ ഒരിക്കലും ടെസ്റ്റ് മൽസരത്തിന്റെ ഫലം നിർണയിക്കുന്നത് ഒന്നോ രണ്ടോ ഘടകങ്ങളല്ലെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറിന്റെ പ്രതികരണം. എങ്കിലും അന്തിമഫലം വിശകലനം ചെയ്യുമ്പോൾ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ഇംഗ്ലണ്ട് സ്പിന്നർ മോയിൻ അലിയും കളത്തിൽ പുറത്തെടുത്ത പ്രകടനത്തിലെ വ്യത്യാസമാണ് മൽസരത്തിൽ ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന ഏക വ്യത്യാസമെന്ന് മഞ്ജരേക്കർ വിലയിരുത്തി.

∙ ജോസ് ബട്‍ലറും സാം കറനുമാണ് ഈ മൽസരത്തിലെ താരങ്ങളെന്ന് മുൻ ഇംഗ്ലണ്ട് താരം നിക് കോംപ്ടൺ അഭിപ്രായപ്പെട്ടു. മോയിൻ അലി പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ടീമിന്റെ പ്രകടനം അഭിനന്ദനാർഹമാണെന്നും ചൂണ്ടിക്കാട്ടി.

∙ വിജയിക്കാനുള്ള ഏല്ലാ സാധ്യതകളുമുണ്ടായിട്ടും നാലാം ടെസ്റ്റിൽ തോൽവി വഴങ്ങിയത് ആരാധകരെ നിരാശരാക്കുമെന്ന് മുരളി കാർത്തിക് ട്വീറ്റ് ചെയ്തു. ആദ്യ െടസ്റ്റിലും സമാനമായി രീതിയിൽ വിജയം കയ്യകലെയുണ്ടായിട്ടും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു. ബോളർമാരുടെ പ്രകടനം ഉജ്വലമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ കാർത്തിക്, ബാറ്റിങ്ങിലും ചില ശ്രദ്ധേയ പ്രകടനങ്ങൾ കണ്ടതായി അദ്ദേഹം കുറിച്ചു.

∙ ജയിക്കേണ്ട മൽസരം തോറ്റെന്നായിരുന്നു മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിന്റെ വിലയിരുത്തൽ. ആദ്യ ടെസ്റ്റിലും ഇവിടെയും സാം കറനാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചതെന്ന് കൈഫ് കുറിച്ചു. അതേസമയം, മോയിൻ അലിയായിരുന്നു സതാംപ്ടണിൽ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്നും കൈഫ് ചൂണ്ടിക്കാട്ടി.