റെക്കോർഡുയരെ കോഹ്‍ലിയുടെ കുതിപ്പ്; ലാറ, ധോണി, പോണ്ടിങ്, ഗാവസ്കർ പിന്നിൽ

ലണ്ടന്‍∙ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മൂന്നാമത്തെ തോൽവിയോടെ പരമ്പര കൈവിട്ടെങ്കിലും, വ്യക്തിഗത പ്രകടനത്തിൽ ആരാധകർക്ക് ആവേശം പകർന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടി പരമ്പരയിലെ റൺനേട്ടത്തിൽ 500 കടന്ന കോഹ്‍ലി, ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെ നിലയിൽ 4000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായും മാറി.

മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് മറികടന്നാണ് കോഹ്‍ലിയുടെ കുതിപ്പ്. ക്യാപ്റ്റനെന്ന നിലയിൽ ടെസ്റ്റിൽ 3454 റൺസാണ് ധോണിയുടെ സമ്പാദ്യം. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ധോണി, അഞ്ചു സെഞ്ചുറികളും 24 അർധസെഞ്ചുറികളും ഉൾപ്പെടെയാണ് 3,454 റൺസ് നേടിയത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ 3,449 റൺസ് നേടിയിട്ടുള്ള സുനിൽ ഗാവസ്കറാണ് പട്ടികയിൽ മൂന്നാമത്. 

അതേസമയം, ഇംഗ്ലണ്ടിലേക്കു വരുമ്പോൾ ക്യാപ്റ്റനെ നിലയിൽ 4,000 റൺസ് പിന്നിടാൻ കോഹ്‍ലിക്കു വേണ്ടിയിരുന്നത് 544 റൺസായിരുന്നു. നാലു ടെസ്റ്റിനുള്ളിൽത്തന്നെ കോഹ്‍ലി ഈ നാഴികക്കല്ലു പിന്നിട്ടു. 68.00 റൺസ് ശരാശരിയിൽ രണ്ടു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും ഉൾപ്പെടെയാണ് കോഹ്‌ലി ഇംഗ്ലണ്ടിൽ 500 റൺസ് പിന്നിട്ടത്.

∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 4,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ക്യാപ്റ്റനായും കോഹ്‍ലി മാറി. ബ്രയാൻ ലാറയുടെ റെക്കോർഡാണ് കോഹ്‍ലിക്കു മുന്നിൽ വീണുടഞ്ഞത്. 39 ടെസ്റ്റുകളിൽനിന്നാണ് (65 ഇന്നിങ്സ്) കോഹ്‍ലി 4,000 റൺസ് പിന്നിട്ടത്. ലാറ 40 ടെസ്റ്റുകളെടുത്തു (71 ഇന്നിങ്സ്) 4,000 റൺസ് പൂർത്തിയാക്കാൻ. ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ്ങ് (42 ടെസ്റ്റ്, 75 ഇന്നിങ്സ്) മൂന്നാമതുണ്ട്. ഗ്രെഗ് ചാപ്പൽ, അലൻ ബോർഡർ, ക്ലൈവ് ലോയ്ഡ് എന്നിവരാണ് വേഗത്തിൽ 4,000 ടെസ്റ്റ് റൺസ് പൂർത്തിയാക്കിയ മറ്റു ക്യാപ്റ്റൻമാർ.

∙ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ 1,500 റൺസ് നേടുന്ന ആറാമത്തെ മാത്രം ഇന്ത്യൻ താരമായും കോഹ്‍ലി മാറി. 51.73 റൺസ് ശരാശരിയിൽ ഏഴു സെഞ്ചുറിയും 13 അർധസഞ്ചുറികളും ഉൾപ്പെടെ 2535 റൺസ് നേടിയിട്ടുളള സച്ചിനാണ് ഈ പട്ടികയിൽ മുന്നിൽ. സച്ചിനു പുറമെ സുനിൽ ഗാവസ്കർ (2483), രാഹുൽ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വനാഥ് (1880), ദിലീപ് വെങ്സർക്കാർ (1589) എന്നിവരാണ് കോഹ്‍ലിക്കു മുൻപേ 1,500 റൺസ് പിന്നിട്ടവർ.

∙ വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായും കോഹ്‍ലി മാറി. മുൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് (1693) ആണ് കോഹ്‍ലിക്കു മുന്നിൽ വഴിമാറിയത്. 28 ടെസ്റ്റുകളിൽനിന്ന് ഗാംഗുലി നേടിയ റൺസ്, വെറും 19 ടെസ്റ്റുകളിൽനിന്നാണ് കോഹ്‍ലി മറികടന്നത്. 30 ടെസ്റ്റുകളിൽനിന്ന് 32.46 റൺസ് ശരാശരിയിൽ 1591 റൺസ് നേടിയ ധോണിയാണ് പട്ടികയിൽ മൂന്നാമൻ. മുഹമ്മദ് അസ്ഹറുദ്ദീൻ (27 ടെസ്റ്റിൽനിന്ന് 1517 റൺസ്), രാഹുൽ ദ്രാവിഡ് (17 ടെസ്റ്റുകളിൽനിന്ന് 1219 റൺസ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

∙ ഒന്നാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ ആറിൽ എത്തിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ 6,000 റൺസെന്ന നാഴികക്കല്ലും കോഹ്‍ലി പിന്നിട്ടു. 70–ാം ടെസ്റ്റിലാണ് കോഹ്‍ലി 6,000 റൺസ് പിന്നിട്ടത്. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും കോഹ്‍ലി മാറി. 65 മൽസരങ്ങളിൽനിന്ന് 6,000 പിന്നിട്ട സുനിൽ ഗാവസ്കറാണ് ഒന്നാമത്. രാജ്യാന്തര തലത്തിൽ ഈ നേട്ടം കൈവരിക്കുന്ന വേഗമേറിയ ഒൻപതാമത്തെ താരമാണ് കോഹ്‍ലി. ഗാവസ്കർ എട്ടാമതുണ്ട്.