ജയിക്കാൻ കഴിവുണ്ട്, പടിക്കൽ കലമുടയ്ക്കുന്നതാണ് പ്രശ്നം: കോഹ്‍ലി

സതാംപ്ടൺ∙ മികച്ച പ്രകടനവുമായി കളം നിറയുമ്പോഴും പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുന്നതാണ് ഇന്ത്യയുടെ തോൽവിക്കു കാരണമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. സതാംപ്ടൺ ടെസ്റ്റിൽ 60 റൺസിന് തോറ്റ് പരമ്പര നഷ്ടമാക്കിയ ശേഷമായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. കളത്തിൽ എതിരാളികളോട് ഒപ്പത്തിനൊപ്പം നിന്നു പോരാടുമ്പോഴും നിർണായക സമയത്ത് വിജയരേഖ കടക്കാനാകാത്തതാണ് ഇന്ത്യയെ പിന്നോട്ടടിക്കുന്നതെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി.

സതാംപ്ടണിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു ദിവസത്തെ കളി ശേഷിക്കെ 245 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 184 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു ഇത്. പിന്നീട് വെറും 40 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യ കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് മൽസരം നഷ്ടമാക്കിയത്.

‘സതാംപ്ടൺ ടെസ്റ്റിൽ നമ്മൾ നന്നായി കളിച്ചു എന്നതാണ് വസ്തുത. എങ്കിലും മൽസരം ജയിക്കാത്തിടത്തോളം കാലം അതു പറയുന്നതിൽ കാര്യമില്ല’ – കോഹ്‍ലി ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിലെ പ്രതികൂല സാഹചര്യങ്ങളിൽ ജയിക്കാനുള്ള ‘കഴിവ്’ ഈ ടീമിനുണ്ടെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. മൂന്നാം ടെസ്റ്റിൽ നേടിയ വിജയവും തോറ്റ മൂന്നു ടെസ്റ്റുകളിലും വിജയത്തിന് തൊട്ടടുത്തെത്തിയതും ഇതിന് ഉദാഹരണമാണ്. ജയിക്കാനാകുമെന്ന വിശ്വാസം നമുക്കുണ്ട്. എന്നാൽ, സമ്മർദ്ദ ഘട്ടങ്ങൾ വരുമ്പോൾ നാം വീണു പോവുകയാണ്. സമ്മർദ്ദം കൈകാര്യം ചെയ്യാൻ ടീം പഠിച്ചേ തീരൂ – കോഹ്‍ലി പറഞ്ഞു.

ഒരു പരമ്പര മികച്ച രീതിയിൽ തുടങ്ങേണ്ടതെങ്ങനെയെന്നു കൂടി ഇന്ത്യ പഠിക്കണമെന്ന് കോഹ്‍ലി അഭിപ്രായപ്പെട്ടു. ജയിക്കാനുള്ള ശേഷി ഈ ടീമിനുണ്ടെന്ന് ആർക്കെങ്കിലും മുന്നിൽ തെളിയിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നും കോഹ്‍ലി പറഞ്ഞു. ഒന്നാം ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാനാകാതെ പോയതാണ് ഇന്ത്യയ്ക്ക് വിനയായതെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു.

ചേതേശ്വർ പൂജാര മികച്ച ചില കൂട്ടുകെട്ടുകളുണ്ടാക്കി. എന്നിട്ടും നമുക്ക് 27 റൺസ് മാത്രമേ ലീഡു നേടാനായുള്ളൂ. പൂജാര ഒറ്റയ്ക്ക് ക്രീസിൽ ഉറച്ചുനിന്ന് 27 റൺസ് ലീഡു സമ്മാനിക്കുമ്പോൾ, അതിൽ കൂടുതൽ നേടാൻ നമുക്കു സാധിക്കുമായിരുന്നുവെന്നത് വ്യക്തമാണല്ലോ. പൂജാരയുമൊത്ത് മികച്ച കൂട്ടുകെട്ട് തീർക്കാനായെങ്കിലും കൂടുതൽ റൺസ് നേടാമായിരുന്നുവെന്ന് പിന്നീടെനിക്കും തോന്നിയിരുന്നു. ഇതല്ലാതെ ഈ മൽസരത്തിൽ കൂടുതൽ പിഴവുകൾ നാം വരുത്തിയതായി എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ട് നമ്മളെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തു, അവർ ജയിച്ചു. അതാണ് സംഭവിച്ചത് – കോഹ്‍ലി പറഞ്ഞു.

നാലാം ദിനം കളി തുടങ്ങുമ്പോൾ പോലും ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൽസരത്തിൽ തുല്യ സാധ്യതയായിരുന്നുവെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ കണ്ടെത്തി വെല്ലുവിളി ഉയർത്തുന്ന സ്കോർ നമുക്കുമുന്നിൽ വിജയലക്ഷ്യമായി ഉയർത്താൻ ഇംഗ്ലണ്ടിനു കഴിഞ്ഞു. പിച്ച് സ്പിന്നിന് വളരെ അനുകൂലമായി മാറിയിരുന്നതിനാൽ, ഈ സ്കോർ തന്നെ നമുക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്താവുകയും ചെയ്തു – കോഹ്‍ലി പറഞ്ഞു.