ബാൻഡ് മേളത്തിലെ പ്രമാണിയായ ക്ലാർനെറ്റ് വായിക്കാനായിരുന്നു കുട്ടിക്കാലത്ത് പ്രിയമെങ്കിലും ബാറ്റിങ്ങ് മികവിലൂടെ പ്രശസ്തിയിലെത്താനായിരുന്നു അലസ്റ്റയർ കുക്കിന്റെ വിധി. ബാറ്റിങ് ഏകാഗ്രമാക്കാൻ തന്നെ ഏറ്റവുമധികം സഹായിച്ചതു കുട്ടിക്കാലത്ത് ക്ലാർനെറ്റ് പരിശീലനത്തിനായി ചെലവിട്ട മണിക്കൂറുകളാണെന്നു കുക്ക്തന്നെ പിന്നീടു പറഞ്ഞിട്ടുമുണ്ട്. ക്ലാർനെറ്റ് മീട്ടുന്ന ലാഘവത്തോടെ ക്രിക്കറ്റ് റെക്കോർഡുകൾ എത്തിപ്പിടിച്ച കുക്ക് കളി മതിയാക്കുമ്പോൾ ക്രിക്കറ്റിനു നഷ്ടമാകുന്നത് എക്കാലവും മാന്യതയുടെ ബ്രാൻഡ് അംബാസഡറായിരുന്ന ഇംഗ്ലണ്ട് ഓപ്പണറെയാണ്.
കന്നി ടെസ്റ്റിൽ എതിരാളികളായ ഇന്ത്യയ്ക്കെതിരെ സെഞ്ചുറിയടിച്ചു തുടങ്ങിയ കുക്ക് 13 വർഷങ്ങൾക്കിപ്പുറം പാഡഴിക്കുന്നത് അവസാന ഇന്നിങ്ങ്സിലും സെഞ്ചുറിയടിച്ച്; ഇക്കുറിയും സെഞ്ചുറി നേട്ടക്കാരനെപ്പോലെ എതിരാളികൾക്കും മാറ്റമില്ല. അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങൽ ടെസ്റ്റിലും സെഞ്ചുറിയടിക്കുന്ന അഞ്ചാമത്തെ താരം എന്ന റെക്കോർഡിന്റെ തിളക്കത്തോടെയാണ് മുപ്പത്തിമൂന്നുകാരനായ കുക്കിന്റെ പടിയിറക്കം.
റെക്കോർഡുകളുടെ കുക്ക്
2006ൽ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനു മുൻപുതന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് ഓപ്പണർ മാർക്കസ് ട്രെസ്ക്കോത്തിക്കിന്റെ പിന്മാറ്റം. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ല എന്നതായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്.
പകരക്കാരനായി ടീമിലെത്തിയ 21 കാരൻ കുക്ക് ആദ്യ ഇന്നിങ്ങ്സിൽ നേടിയത് അർധ സെഞ്ചുറി (60 റൺസ്) രണ്ടാം ഇന്നിങ്ങ്സിൽ സെഞ്ചുറി (പുറത്താകാതെ 104 റൺസ്).
അതോടെ കുക്കിനു ടീമിൽ സ്ഥാനമുറച്ചു. മാനസിക സമ്മർദ്ദം മൂലം വിടവാങ്ങിയ ട്രെസ്കോത്തിക്കിനു പകരമെത്തിയ കുക്കിന്റെ മുഖമുദ്ര ശാന്തതയായിരുന്നു. ഓപ്പണിങ് സ്ഥാനത്തെ സ്ഥിരതയാർന്ന പ്രകടനം കുക്കിനു 2010 ൽ ക്യാപ്റ്റൻ സ്ഥാനവും സമ്മാനിച്ചു.
ടെസ്റ്റിൽ ഏറ്റവും അധികം റൺസ് നേടിയ ഇടംകയ്യൻ ബാറ്റ്സ്മാൻ, ടെസ്റ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും അധികം റൺസും സെഞ്ചുറിയും നേടിയ താരം (8900 റൺസ് നേടിയ ഗ്രഹാം ഗൂച്ചാണു രണ്ടാമത്), തുടങ്ങിയ റെക്കോർഡുകൾ അലങ്കരിക്കുന്ന കുക്ക് തന്നെയാണു 10,000 റൺസ് ക്ലബിലെ ജൂനിയർ താരം.
10,000 റൺസ് തികയ്ക്കുമ്പോൾ 31 വർഷവും അഞ്ചു മാസവുമായിരുന്നു കുക്കിന്റെ പ്രായം; മറികടന്നത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ്!
അസാധ്യം ഈ മികവ്
ബൗളറുടെ മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കുന്ന കുക്കിന്റെ ബാറ്റിങ് ശൈലി പ്രസിദ്ധമാണ്. അമിതാവേശത്തിനു മുതിരാതെ പന്തുകളെ പ്രതിരോധിച്ച് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കുന്ന കുക്ക് കളിയുടെ ഗതിയ്ക്കനുസരിച്ചു ബാറ്റിങ് ഗിയർ മാറ്റാനും വിദഗ്ധനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങറ്റത്തിനു ശേഷംഫോമില്ലായ്മയുടെ പേരിൽ ടീമിനു പുറത്തായ കുക്കിനു ടീമിലേക്കു മടങ്ങിയെത്താൻ വഴിയൊരുക്കിയത് ഇംഗ്ലണ്ട് ബാറ്റിങ് ഇതിഹാസം ഗ്രഹാം ഗൂച്ചാണ്.
ഗൂച്ചിന്റെ വാക്കുകൾ മാനിച്ച കുക്ക് ഗാരി പാൽമർ എന്ന മുൻ ഇംഗ്ലണ്ട് ആഭ്യന്തര താരത്തിനു കീഴിൽ ബാറ്റിങ് പരിശീലനത്തിനു ചേർന്നു. പാൽമർ കുക്കിലെ ബാറ്റ്സ്മാനെ ഉടച്ചുവാർത്തു കൂടുതൽ ബാലൻസ് കൈവരിക്കാനും ആത്മവിശ്വാസത്തോടെ ബാറ്റുവീശാനും അഭ്യസിച്ച കുക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്കു വർധിത വീര്യത്തോടെ മടങ്ങിയെത്തി, ക്രിക്കറ്റിൽ പുതുചരിത്രമെഴുതാൻ!
അലസ്റ്റയർ കുക്ക്
ടെസ്റ്റ്: 161
റൺസ്: 12,472
ശരാശരി: 45.35
അർധ സെഞ്ചുറി/ സെഞ്ചുറി: 57/33
ഉയർന്ന സ്കോർ: 294
ക്യാച്ച്: 175
അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങൽ ടെസ്റ്റിലും സെഞ്ചുറി നേടിയ മറ്റു താരങ്ങൾ
1. റെജിനാൾഡ് ഡഫ് (ഓസ്ട്രേലിയ)
2. പോൺസ്ഫോർഡ് (ഓസ്ട്രേലിയ)
3. ഗ്രെഗ് ചാപ്പൽ (ഓസ്ട്രേലിയ)
4.മുഹമ്മദ് അസ്ഹറുദ്ദീൻ (ഇന്ത്യ)