ലണ്ടൻ∙ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ സമ്മർദത്തിൽ നിന്നു ഹനുമ വിഹാരി മോചിതനായത് എങ്ങനെയാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം സിംപിളാണ്. രാഹുൽ ദ്രാവിഡിനെ ഫോണിൽ വിളിച്ചു. കുറച്ചു നേരം സംസാരിച്ചു. അതോടെ സമ്മർദങ്ങളെല്ലാം പമ്പകടന്നു. അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ വിഹാരി 56 റൺസെടുത്തിരുന്നു. കൂടാതെ ജഡേജയ്ക്കൊപ്പം നിർണായക കൂട്ടുകെട്ടിലും പങ്കാളിയായി.
‘അരങ്ങേറ്റത്തിനു തലേന്നു ഞാൻ വിളിച്ചു. കുറച്ചു നേരം അദ്ദേഹം സംസാരിച്ചു. എന്റെ സമ്മർദം കുറയ്ക്കാൻ ആ വിളി സഹായകമായി. സ്വന്തം മികവുകളിൽ വിശ്വസിച്ച് ആസ്വദിച്ചു ബാറ്റ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഈ ഉയർച്ചയിൽ അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. കാരണം ഇന്ത്യ എ ടീമിനൊപ്പമുള്ള എന്റെ യാത്ര ഏറെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നിർദേശങ്ങളാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്’– വിഹാരി പറയുന്നു.
ജയിംസ് ആൻഡേഴ്സനെയും സ്റ്റുവർട്ട് ബ്രോഡിനെയും നേരിടുമ്പോൾ സമ്മർദമുണ്ടായിരുന്നുവെന്ന് ഹനുമ വിഹാരി പറയുന്നു. ‘ലക്ഷ്യം മുന്നിൽക്കണ്ടു ക്രിയാത്മകമായി ബാറ്റ് ചെയ്യാനായിരുന്നു ശ്രമം. വിരാട് ഒപ്പമുണ്ടായിരുന്നത് ഏറെ തുണയായി. നിലയുറപ്പിച്ചതോടെ ബാറ്റിങ് എളുപ്പമായി. സിക്സർ പായിച്ചതിന്റെ ദേഷ്യത്തിൽ ബെൻ സ്റ്റോക്സ് കയർത്തു സംസാരിച്ചു. അവഗണിക്കുകയായിരുന്നു. വിരാടിന്റെ ഇടപെടലും തുണച്ചുവെന്നു വിഹാരി പറഞ്ഞു.