ധോണിയിൽനിന്ന് ഇനി അധികം പ്രതീക്ഷിക്കേണ്ട: പകരക്കാരനെ കണ്ടെത്തണം: മ‍ഞ്ജരേക്കർ

മുംബൈ∙ മുൻ ഇന്ത്യൻ ക്യാപ്റ്റനും ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണി പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ധോണിയിൽനിന്ന് ബാറ്റ്സ്മാനെന്ന നിലയിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ മഞ്ജരേക്കർ, പകരക്കാരനെ എത്രയും വേഗം കണ്ടെത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

2019 ലോകകപ്പ് വരെ ധോണി തന്നെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി തുടരുമെന്ന് കരുതിയിരിക്കെയാണ് പകരക്കാരനെ കണ്ടെത്തേണ്ട സമയമായെന്ന് ചൂണ്ടിക്കാട്ടി മുൻ താരത്തിന്റെ രംഗപ്രവേശം. ലോകോത്തര താരമായിരുന്ന പഴയ ധോണി ഇന്നില്ലെന്നും ഒരു സ്പോർട്സ് സൈറ്റിനു നൽകിയ അഭിമുഖത്തിൽ മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. ബാറ്റുകൊണ്ട് കാര്യമായ പ്രകടനമൊന്നും ടീം മാനേജ്മെന്റോ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയോ ധോണിയിൽനിന്ന് പ്രതീക്ഷിക്കരുതെന്നും മഞ്ജരേക്കർ മുന്നറിയിപ്പു നൽകി.

‘ഒരു കാര്യം ഉറപ്പാണ്. ഒരു കാലത്ത് ലോകമെമ്പാടമുള്ള ബോളർമാരുടെ ഉറക്കം കെടുത്തിയിരിക്കുന്ന ആ പഴയ ധോണിയല്ല ഇന്നുള്ളത്. അദ്ദേഹത്തെ ബാറ്റിങ് ഓർഡറിൽ താഴേയ്ക്ക് ഇറക്കണം. ഏഷ്യാകപ്പ് ഫൈനലിൽ കേദാർ ജാദവിനു മുൻപേ ധോണി ഇറങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല. ജാദവ് ഒരു യഥാർഥ ബാറ്റ്സ്മാനാണ്. ഫോമിലുമാണ്. ബാറ്റ്സ്മാനെന്ന നിലയിൽ ധോണിയിലുള്ള പ്രതീക്ഷകൾ കുറയ്ക്കേണ്ട സമയമായിരിക്കുന്നു’ – മഞ്ജരേക്കർ പറഞ്ഞു.

അതേസമയം, വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണി ഇപ്പോഴും ലോകോത്തര താരം തന്നെയാണെന്നും മഞ്ജരേക്കർ ചൂണ്ടിക്കാട്ടി. അതേസമയം, ധോണിക്കു പകരക്കാരനെ തേടേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ ഓർമപ്പെടുത്തി.

‘വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണി ഇപ്പോഴും ലോക നിലവാരമുള്ള താരമാണ്. വിക്കറ്റിനു പിന്നിൽ ഒരു സ്റ്റംപിങ് അവസരം പോലും അദ്ദേഹം പാഴാക്കാറില്ല. തീർച്ചയായും വിശ്വാസമർപ്പിക്കാവുന്ന താരം. ലോകകപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സമ്മർദ്ദമകറ്റാൻ ക്യാപ്റ്റൻ കോഹ്‍ലിക്ക് ഇതുപോലെ ഒരാളുടെ പിന്തുണ കൂടിയേ തീരൂ. എങ്കിലും ബാറ്റിങ്ങിന്റെ കാര്യത്തിൽ ധോണിക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിക്കറ്റിനു പിന്നിലേക്ക് ധോണിയുടെ പകരക്കാരനായി നല്ലൊരു താരത്തെ ഇന്ത്യ അന്വേഷിക്കേണ്ട സമയമായി’ – മഞ്ജരേക്കർ പറഞ്ഞു.