ദുബായ്∙ ഐസിസി ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ വിസ്മയം തീർത്ത് പാക്കിസ്ഥാൻ താരം മുഹമ്മദ് അബ്ബാസ് മൂന്നാം സ്ഥാനത്ത്. കരിയറിൽ ആകെ 10 ടെസ്റ്റുകൾ മാത്രം കളിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ഇരുപത്തെട്ടുകാരനായ മുഹമ്മദ് അബ്ബാസിന്റെ റാങ്കിങ്ങിലെ കുതിപ്പ്. അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ, ഒൻപതാമതുള്ള രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.
യുഎഇയിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് അബ്ബാസിന് റാങ്കിങ്ങിൽ മുന്നേറാൻ കരുത്തായത്. രണ്ടാം ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും രണ്ടു ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരവും അബ്ബാസ് സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിൽ ഏഴു വിക്കറ്റ് പിഴുത് റാങ്കിങ്ങിൽ 14–ാം സ്ഥാനത്തായിരുന്ന അബ്ബാസ്, അവസാന ടെസ്റ്റിൽ 10 വിക്കറ്റ് പിഴുതാണ് 11 സ്ഥാനങ്ങൾ കയറി മൂന്നാമതെത്തിയത്. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൻ, ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ എന്നിവർ മാത്രമാണ് അബ്ബാസിനു മുന്നിലുള്ളത്.
കരിയറിലെ പത്താം ടെസ്റ്റിൽത്തന്നെ 800 റേറ്റിങ് പോയിന്റുകൾ പിന്നിട്ടാണ് അബ്ബാസിന്റെ കുതിപ്പെന്നതും ശ്രദ്ധേയം. ടോം റിച്ചാർഡ്സൺ, ചാർലി ടേണർ, ജെ.ജെ. ഫെറിസ് എന്നിവർ മാത്രമാണ് ഇതിലും കുറഞ്ഞ ടെസ്റ്റുകൾക്കിടെ 800 റേറ്റിങ് പോയിന്റുകൾ പിന്നിട്ടിട്ടുള്ളത്. 800 പോയിന്റ് പിന്നിടുന്ന പത്താമത്തെ മാത്രം പാക്കിസ്ഥാൻ ബോളറുമാണ് അബ്ബാസ്.
രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി വെറും 95 റൺസ് മാത്രം വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസ്, ഓസീസിനെതിരെ പാക്കിസ്ഥാന് 373 റൺസിന്റെ കൂറ്റൻ വിജയവും പരമ്പരയും നേടിക്കൊടുത്തിരുന്നു. രണ്ടാം ഇന്നിങ്സിൽ 538 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഓസീസിനെ, 23 പന്തുകൾക്കിടെ നാലു വിക്കറ്റ് പിഴുതാണ് അബ്ബാസ് തകർത്തുകളഞ്ഞത്. ഓസീസ് സമനില പിടിച്ചുവാങ്ങിയ ആദ്യ ടെസ്റ്റിലും അബ്ബാസ് ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു.
ഇതുവരെ കളിച്ച 10 ടെസ്റ്റുകളിൽനിന്ന് 59 വിക്കറ്റുകളാണ് അബ്ബാസിന്റെ സമ്പാദ്യം. നാല് അഞ്ചു വിക്കറ്റ് നേട്ടവും അഞ്ച് നാലു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഒരു ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടവും പിന്നിട്ടു. ഓവറിൽ 2.46 റൺസ് മാത്രം വഴങ്ങുന്ന അബ്ബാസിന്റെ കണിശതയും ശ്രദ്ധേയം. 33 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.