കൊൽക്കത്ത∙ രാജ്യത്തിനായി കളിക്കുന്നതിൽ മടി കാട്ടുന്ന സൂപ്പർതാരങ്ങളെ രൂക്ഷമായി വിമർശിച്ച് വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റൻ കാൾ ഹൂപ്പർ രംഗത്ത്. ദേശീയ ജഴ്സിയിൽ കളിക്കാൻ താരങ്ങൾക്ക് താൽപര്യമില്ലാത്തത് ലജ്ജാകരമാണെന്ന് ഹൂപ്പർ അഭിപ്രായപ്പെട്ടു. ക്രിസ് ഗെയ്‍ൽ, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ തുടങ്ങിയവർ ദേശീയ ടീമിനായി കളിക്കുന്നതിൽ താൽപര്യം കാട്ടാത്ത സാഹചര്യത്തിലാണ് ഹൂപ്പറിന്റെ വിമർശനം. മിന്നും താരങ്ങളുടെ അസാന്നിധ്യത്തിൽ ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ വെസ്റ്റ് ഇൻഡീസ് അഞ്ചു വിക്കറ്റിനു തോറ്റിരുന്നു.
പരുക്കോ വ്യക്തിപരമായ കാരണങ്ങളോ ചൂണ്ടിക്കാട്ടിയാണ് വിൻഡീസ് താരങ്ങൾ ദേശീയ ടീമിൽനിന്നു വിട്ടുനിൽക്കുന്നത്. വെസ്റ്റ് ഇൻഡീസിനായി കളിക്കുന്നതിൽ താരങ്ങൾക്കുള്ള വിമുഖതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഹൂപ്പർ ചൂണ്ടിക്കാട്ടി. ഇതു തീർത്തും ലജ്ജാകരമാണെന്നും ഹൂപ്പർ പറഞ്ഞു.
ആദ്യ മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ കാർലോസ് ബ്രാത്‍വയ്റ്റിന്റെ നേതൃത്വത്തിൽ ഇറങ്ങിയ വിൻഡീസ് ടീമിൽ മൂന്നു താരങ്ങളാണ് അരങ്ങേറിയത്. ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ കൂട്ടത്തോടെ തകർന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 109 റൺസേ നേടാനായുള്ളൂ. ബോളിങ്ങിൽ കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യയെ വീഴ്ത്താൻ അതു മതിയായുമില്ല.
മുതിർന്ന താരങ്ങൾ ടീമിലുണ്ടായിരുന്നുവെങ്കിൽ ഇത്ര അനായാസം ജയിക്കാൻ ഇന്ത്യയ്ക്കാകുമായിരുന്നില്ലെന്ന് ഹൂപ്പർ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തേത് യുവാക്കളുടെ സംഘമാണ്. ഇവർക്ക് വിജയവഴിയിലെത്താൻ കുറച്ചുകൂടി സമയം വേണമെന്നും ഹൂപ്പർ അഭിപ്രായപ്പെട്ടു.
ഈ വർഷം ഇതുവരെ കളിച്ച എട്ട് ട്വന്റി20 മൽസരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ വിൻഡീസിനു ജയിക്കാനായിട്ടുള്ളൂ. ഇതിനിടെ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര 1–2ന് അടിയറവു വയ്ക്കുകയും ചെയ്തു.