റോഷൻ തിളങ്ങി, ലങ്കയ്ക്ക് ലീഡ്; സിംബാബ്‌വെയെ തോൽപിച്ച് ബംഗ്ലദേശ്

പല്ലെകെലെ∙ റോഷൻ സിൽവ വാലറ്റക്കാർക്കൊപ്പം പൊരുതി നേടിയ അർധ സെഞ്ചുറിയുടെ (85നോട്ടൗട്ട്) മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്കു 46 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 290 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ ഇന്നിങ്സ് 336 റൺസിൽ അവസാനിച്ചു. അവസാന നാലു വിക്കറ്റിൽ 171 റൺസ് നേടിയതാണു ലങ്കൻ ലീഡിൽ നിർണായകമായത്. ആറ് വിക്കറ്റിനു 165 റൺസുമായി തകർച്ചയുടെ വക്കിലായിരുന്നു ലങ്ക. കരുണരത്നെ 63 റൺസും ധനഞ്ജയ ഡിസിൽവ 59 റൺസും നേടി. 

ഇന്നലെ റോഷൻ ഡിസിൽവയ്ക്കു സംഭവിച്ച അബദ്ധത്തിൽ നിന്നു ലഭിച്ച അഞ്ചു പെനൽറ്റി റൺസ് കൂടി ചേർത്തതോടെയാണു ഇംഗ്ലണ്ടിന്റെ സ്കോർ 290 റൺസിലെത്തിയത്. സ്പിന്നർ ജാക് ലീച്ചിനെതിരെ കട് ഷോട്ട് കളിച്ച റോഷൻ ഡിസിൽവ, പന്ത് ബൗണ്ടറി കടന്നുവെന്നു വിചാരിച്ചു നോൺസ്ട്രേക്കേഴ്സ് ക്രീസിൽ എത്തും മുൻപു തിരിച്ചു ബാറ്റിങ് ക്രീസിലേക്കു പോന്നു. ബൗണ്ടറി കടക്കും മുൻപ് മോയിൻ അലി പന്ത് പിടികൂടിയിരുന്നു. റോഷൻ ഡിസിൽവ മനഃപൂർവം ഓട്ടം പൂർത്തിയാക്കിതിരുന്നതാണെന്ന് അംപയർമാർ തീരുമാനിച്ചതോടെ  അഞ്ചു റൺസ് കൂടി ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പം ചേർത്തു. 

ബംഗ്ലദേശിന് ജയം

ധാക്ക∙ ബ്രണ്ടൻ ടെയ്‌ലർ ടെസ്റ്റിലെ തന്റെ രണ്ടാം സെഞ്ചുറിയോടെ പൊരുതി നിന്നെങ്കിലും ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ സിംബാബ്‌വെ 218 റൺസിന്റെ തോൽവി ഏറ്റുവാങ്ങി. ഇതോടെ പരമ്പര 1–1 സമനിലയിൽ അവസാനിച്ചു. ജയിക്കാൻ 443 റൺസ് വേണ്ടിയിരുന്ന സിംബാബ്‌വെ 225 റൺസിനു പുറത്തായി. ടെയ്‌ലർ 106 റൺസെടുത്തു. 167 പന്തുകളിൽ 10 ബൗണ്ടറിയുൾപ്പെടുന്ന ഇന്നിങ്സ്. സിംബാബ്‌വെ 304 റൺസ് നേടിയ ആദ്യ ഇന്നിങ്സിൽ ടെയ്‌ലർ 110 റൺസടിച്ചിരുന്നു. ബംഗ്ലദേശിനു വേണ്ടി മെഹ്ദി ഹസനാണ് ബോളിങ്ങിൽ തിളങ്ങിയത്. 38 റൺസിന് അഞ്ചു വിക്കറ്റെടുത്തു.