പാക്കിസ്ഥാനെ വീഴ്ത്തിയതും ‘പട്ടേൽ’; തലമുറകൾ കടന്ന് കിവീസിന്റെ ‘പട്ടേൽ മാഹാത്മ്യം’

അജാസ് പട്ടേൽ

അബുദാബി∙ രാജ്യാന്തര ക്രിക്കറ്റിൽ ‘അജാസ് പട്ടേൽ’ എന്ന പേര് ഇന്ന് ചിരപരിചിതമാണ്. ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയമുറപ്പിച്ച് മുന്നേറിയ പാക്കിസ്ഥാനെ അപ്രതീക്ഷിത തകർച്ചയിലേക്കു തള്ളിവിട്ട മിടുക്കൻ സ്പിന്നർ. അസ്ഹർ അലിയെപ്പോലെ പരിചയസമ്പന്നനായ താരം ക്രീസിലുണ്ടായിട്ടും അബുദാബിയിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ തോൽവിയിലേക്കു കൂപ്പുകുത്തുമ്പോൾ, കറങ്ങിത്തിരിയുന്ന പന്തുകളുമായി അവതാരം ചെയ്ത അജാസ് പട്ടേലിന്റെ പങ്ക് അവഗണിക്കാനാകില്ല.

അബുദാബി സ്റ്റേഡിയത്തിൽ അജാസ് പട്ടേൽ പാക്ക് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തുമ്പോൾ എല്ലാവരുടെയും മനസ്സിലേക്കു വന്നത് മറ്റൊരു പട്ടേലായിരിക്കും.1992 ലോകകപ്പിൽ ന്യൂസീലൻഡിനു വേണ്ടി ബോളിങ് ഓപ്പൺ ചെയ്ത് ലോകത്തെ അമ്പരപ്പിച്ച മറ്റൊരു സ്പിന്നർ ദീപക് പട്ടേലിനെ. ടൂർണമെന്റിലാകെ 7 വിക്കറ്റ് വീഴ്ത്തിയ പട്ടേലിന്റെ കൂടി മികവിലാണ് അന്ന് ന്യൂസീലൻഡ് സെമിഫൈനൽ വരെ എത്തിയത്.

അതിനു ശേഷം കിവീസ് ടീമിൽ നിന്ന് ലോകമറിഞ്ഞ പട്ടേൽ ഓഫ്സ്‌പിന്നർ ജീതൻ പട്ടേലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ഡാനിയേൽ വെട്ടോറിയുടെ നിഴലിലൊതുങ്ങിയ ജീതൻ പിന്നീട് 24 ടെസ്റ്റുകളും 43 ഏകദിനങ്ങളും കളിച്ചു. ഇപ്പോഴിതാ അരങ്ങേറ്റത്തിൽ തന്നെ മാൻ ഓഫ് ദ് മാച്ചായി അജാസ് പട്ടേലും കിവീസ് ടീമിലൂടെ ലോക ക്രിക്കറ്റിൽ വരവറിയിച്ചിരിക്കുന്നു.

ദീപക് പട്ടേൽ കെനിയൻ തലസ്ഥാനമായ നയ്റോബിയിലും ജീതൻ പട്ടേൽ ന്യൂസീലൻഡ് തലസ്ഥാനമായ വെല്ലിങ്ടനിലുമാണ് ജനിച്ചതെങ്കിൽ അജാസ് പട്ടേൽ ജനിച്ചത് മുംബൈയിലാണ്. അജാസിന് എട്ടു വയസ്സായപ്പോൾ കുടുംബമൊന്നാകെ ന്യൂസീലൻഡിലേക്കു കുടിയേറുകയായിരുന്നു. അജാസിനെ കൂടാതെ ഓപ്പണർ ജീത് റാവൽ, സ്പിന്നർ ഇഷ് സോധി എന്നിവരും ഇപ്പോൾ ഇന്ത്യൻ വംശജരായി ന്യൂസീലൻഡ് ടീമിലുണ്ട്. 8 വയസ്സു വരെ ഇന്ത്യയിലായിരുന്നതിനാൽ അജാസിന് ഹിന്ദിയിൽ സംസാരിക്കാനാകും!

ക്രിക്കറ്റ് താരങ്ങൾ മികവിന്റെ പാരമ്യത്തിലേക്കു കടക്കുന്ന 30–ാം വയസ്സിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാൻ അജാസ് പട്ടേലിന് അവസരം ലഭിച്ചത്. അതും പാക്കിസ്ഥാനെതിരായ ട്വന്റി20 ടൂർണമെന്റിലൂടെ. 30 വയസ് തികഞ്ഞതിന്റെ 10–ാം ദിവസം നടന്ന അരങ്ങേറ്റ മൽസരത്തിൽ അജാസ് 27 റൺസ് വഴങ്ങി ഒരു വിക്കറ്റു വീഴ്ത്തി. സഹീബ്സദ ഫർഹാനെയാണ് പുറത്താക്കിയത്. ഈ മൽസരം പാക്കിസ്ഥാൻ രണ്ടു റൺസിനു ജയിച്ചു. ദുബായിൽ നടന്ന രണ്ടാം ട്വന്റി20യിൽ മികവു കാട്ടാനായില്ല. രണ്ട് ഓവറിൽ 18 റൺസ് വഴങ്ങിയ അജാസിന് വിക്കറ്റൊന്നും കിട്ടിയില്ല.

ഇതിനു പിന്നാലെയാണ് നിനച്ചിരിക്കാതെ ടെസ്റ്റ് ടീമിലേക്കു വിളിവന്നത്. പാക്കിസ്ഥാനെതിരെ അവരുടെ ഇഷ്ട മൈതാനമായ അബുദാബി സ്റ്റേഡിയത്തിലായിരുന്നു മൽസരമെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിലെ ഉജ്വലമായ സ്പെല്ലുകളിലൊന്നിലൂടെ അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു അജാസ്. ആദ്യ ഇന്നിങ്സിൽ രണ്ടും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റ് വീഴ്ത്തിയ അജാസ് അരങ്ങേറ്റത്തിൽത്തന്നെ കളിയിലെ കേമനുമായി.

∙ അബുദാബിയിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും കിവീസ് പാക്കിസ്ഥാനെ ഓൾഔട്ടാക്കിയെങ്കിലും ആകെ വീഴ്ത്തിയ 20 വിക്കറ്റുകളിൽ 16ഉം സ്വന്തമാക്കിയത് ന്യൂസീലൻഡിനു പുറത്തു ജനിച്ചവരാണെന്ന പ്രത്യേകതയുമുണ്ട്. ഏഴു വിക്കറ്റുമായി അജാസ് പട്ടേൽ തന്നെ മുന്നിൽ. മുംബൈയിലായിരുന്നു അജാസിന്റെ ജനനമെന്ന് നമ്മൾ കണ്ടു. രണ്ട് ഇന്നിങ്സിലുമായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നീൽ വാഗ്‍നർ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലും ഇഷ് സോധി നമ്മുടെ പഞ്ചാബിലുമാണ് ജനിച്ചത്. രണ്ടു വിക്കറ്റെടുത്ത കോളിൻ ഗ്രാൻഡ്ഹോമിന്റെ ജന്മസ്ഥലം സിംബാബ്‍വെയിലെ ഹരാരെയാണ്. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്സിൽ ബാബർ അസമിനെ റണ്ണൗട്ടാക്കിയത് ഇന്ത്യൻ വംശജരായ ഇഷ് സോധിയും അജാസ് പട്ടേലും ചേർന്നാണ്. അതായത്, ട്രെന്റ് ബോൾട്ടിന്റെ നാലു വിക്കറ്റുകൾ മാത്രമാണ് ന്യൂസീലൻഡിന്റെ ‘സ്വന്തം’ എന്നു പറയാവുന്നത്!